തിരുവനന്തപുരം: കേരളത്തിൽ ബിജെപി വളരാത്തതിന് കാരണം ജനങ്ങള്‍ക്ക് ഉയർന്ന സാക്ഷരതയുള്ളതുകൊണ്ടാണ് ഒ രാജഗോപാൽ. സംസ്ഥാനത്തെ ജനങ്ങള്‍ക്ക് ഉയര്‍ന്ന സാക്ഷരതയുള്ളതിനാല്‍ അവര്‍ ചിന്തിക്കുകയും സംവദിക്കുകയും ചെയ്യുന്നുണ്ടെന്നും ഇതാണ് ബിജെപി പെട്ടെന്ന് വളരാത്തതെന്നും രാജഗോപാല്‍ പറഞ്ഞു. ദേശീയ മാധ്യമത്തിനു നല്കിയ അഭിമുഖത്തിലായിരുന്നു രാജഗോപാലിന്റെ പ്രതികരണം.
‘വ്യത്യാസമുള്ള സംസ്ഥാനമാണ് കേരളം. ഇവിടെ രണ്ട് മൂന്ന് വ്യത്യസ്ത ഘടകങ്ങളുണ്ട്. കേരളത്തിൽ 90 ശതമാനം സാക്ഷരതയുണ്ട്. അവർ ചിന്തിക്കുന്നു, സംവദിക്കുന്നു. ഇവ വിദ്യാസമ്പന്നരുടെ ശീലങ്ങളാണ്. അത് ഒരു പ്രശ്നമാണ്.രണ്ടാമത്തെ പ്രത്യേകത സംസ്ഥാനത്ത് 55 ശതമാനം ഹിന്ദുക്കളും, 45 ശതമാനം ന്യൂനപക്ഷങ്ങളുമാണ്. അതിനാൽ എല്ലാ കണക്കുകൂട്ടലുകളിലും ഈ വ്യത്യസ്തത കടന്നുവരും. അതുകൊണ്ടാണ് കേരളത്തെ മറ്റേതൊരു സംസ്ഥാനവുമായും താരതമ്യപ്പെടുത്താൻ കഴിയാത്തത്. ഇവിടെ സ്ഥിതി വ്യത്യസ്തമാണ്. എന്നാൽ ഞങ്ങൾ പതിയെ വളരുകയാണ്. സാവധാനത്തിലും സ്ഥിരതയോടെയും.’-അദ്ദേഹം പറഞ്ഞു.