മലയാളത്തിന്റെ പ്രിയ കവയിത്രി സുഗതകുമാരി ടീച്ചറുടെ നിര്യാണത്തില്‍ കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന് അനുശോചിച്ചു. സുഗതകുമാരിയുടെ വിയോഗം കാവ്യലോകത്തിന് തീരാനഷ്ടമെന്ന് അദ്ദേഹം അനുസ്മരിച്ചു.
ഏഴുപതിറ്റാണ്ടായി മലയാള കവിതയ്ക്ക് അതുല്യമായ സംഭാവനകള്‍ നല്കിയ കാവ്യജീവിതത്തിനാണ് വിരാമമായത്. കവയിത്രിയും പരിസ്ഥിതി പോരാളിയുമായിരുന്ന ടീച്ചര്‍ ശക്തമായ സാമൂഹ്യ ഇടപെടലുകളിലൂടെ കേരളത്തിന്റെ പൊതുമണ്ഡലത്തില്‍ സജീവ സാന്നിധ്യമായിരുന്നു. പ്രകൃതി സംരക്ഷണത്തിനും സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും എതിരായ അനീതിയും ചൂണ്ടിക്കാട്ടുന്നതിനുള്ള ശക്തമായ ആയുധമായി കവിതയെ ഉപയോഗിച്ച എഴുത്തുകാരിയാണ് നമ്മെ വിട്ടുപിരിഞ്ഞത്. കാവ്യലോകത്തിന് തീരാനഷ്ടമാണ് ടീച്ചറുടെ വേര്‍പാട്. സുഗതകുമാരി ടീച്ചറുടെ വിയോഗം സൃഷ്ടിക്കുന്ന ശൂന്യത വലുതാണെന്നും മുല്ലപ്പള്ളി രാമചന്ദ്രന് അനുസ്മരിച്ചു.