ക്ഷേമ പെന്‍ഷന്‍ തട്ടിപ്പ്: കളക്ഷൻ ഏജന്‍റായ സിപിഎം വനിതാ നേതാവിന് സസ്പെൻഷൻ, നടപടി ആരോഗ്യമന്ത്രിയുടെ ബന്ധുവിനെതിരെ

Jaihind News Bureau
Saturday, June 27, 2020

 

കണ്ണൂരിൽ സാമൂഹ്യ ക്ഷേമ പെൻഷൻ സിപിഎം പഞ്ചായത്ത് പ്രസിഡന്‍റും ഭാര്യയും ചേർന്ന് തട്ടിയെടുത്ത സംഭവത്തില്‍ പെൻഷൻ വിതരണത്തിന്‍റെ ചുമതലയുണ്ടായിരുന്ന ജനാധിപത്യ മഹിളാ അസോസിയേഷൻ നേതാവിന് സസ്പെൻഷൻ. ഇരിട്ടി റൂറൽ ബാങ്കിലെ കളക്ഷൻ ഏജന്‍റായ സ്വപ്നയെയാണ് സിപിഎം നിയന്ത്രണത്തിലുള്ള ബാങ്ക് ഭരണസമിതി സസ്പെൻഡ് ചെയ്തത്.  പായം പഞ്ചായത്ത് പ്രസിഡന്‍റ് എൻ. അശോകന്‍റെ ഭാര്യയായ സ്വപ്ന ആരോഗ്യ മന്ത്രിയുടെ അടുത്ത ബന്ധുകൂടിയാണ്. പായം പഞ്ചായത്തിലെ അളപ്ര വാർഡിൽ അന്തരിച്ച തോട്ടത്തിൽ കൗസുവിന്‍റെ പേരിലെ സാമൂഹ്യസുരക്ഷാ പെൻഷൻ തുക വ്യാജമായി അപഹരിച്ചതായി മക്കളാണ്  പരാതി നല്‍കിയത്.

സംഭവത്തിൽ പഞ്ചായത്ത് പ്രസിഡന്‍റിനെതിരെ യുഡിഎഫ് ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. യുഡിഎഫ് അംഗങ്ങൾ പഞ്ചായത്ത് ഭരണസമിതി യോഗം ബഹിഷ്കരിച്ചു. കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പഞ്ചായത്ത് ഓഫീസിന് മുന്നിൽ ധർണ നടത്തി. ഡിസിസി പ്രസിഡന്‍റ് സതീശൻ പാച്ചേനി ധർണ ഉദ്ഘാടനം ചെയ്തു.
പെൻഷൻ തട്ടിപ്പ് സമഗ്രമായി അന്വേഷിക്കണമെന്ന് ഡിസിസി പ്രസിഡന്‍റ് സതീശൻ പാച്ചേനി അവശ്യപ്പെട്ടു.