മൂന്നാം ഘട്ട കൊവിഡ് പ്രവർത്തനങ്ങളിൽ സംസ്ഥാന സർക്കാർ പൂർണ്ണ പരാജയം : ബെന്നി ബെഹന്നാൻ

Jaihind News Bureau
Friday, May 15, 2020

Benny-Behanan-Web

സംസ്ഥാനത്തെ മൂന്നാം ഘട്ട കൊവിഡ് പ്രവർത്തനങ്ങളിൽ സർക്കാർ പൂർണ്ണ പരാജയമെന്ന് യു.ഡി.എഫ് കൺവീനർ ബെന്നി ബെഹന്നാൻ എം പി. മുഖ്യമന്ത്രിയുടെ നിലവിലെ ലക്ഷ്യം യു.എൻ അവാർഡ് നേടുക എന്നതാണെന്നും തെറ്റ് ചൂണ്ടി കാണിക്കുന്ന ജനപ്രതിനിധികളെ മുഖ്യമന്ത്രി അപമാനിക്കുകയാണെന്നും ബെന്നി ബെഹന്നാൻ എം പി കുറ്റപ്പെടുത്തി.

സർക്കാറിന്‍റെ വീഴ്ച്ച ചൂണ്ടിക്കാണിക്കുമ്പോൾ മറുനാടൻ മലയാളികളെ മരണത്തിന്‍റെ വ്യാപാരികൾ എന്ന് ആക്ഷേപിക്കുകയാണ്. നാട്ടിലേക്ക് വരുന്നവർക്ക് ആവശ്യമായ ഗതാഗതം, ക്വാറന്‍റൈൻ സൗകര്യം ഒരുക്കാൻ സർക്കാറിന് കഴിഞ്ഞില്ല. എല്ലാ നടപടി ക്രമങ്ങളും പൂർത്തീകരിച്ച് വരാൻ ആഗ്രഹിക്കുന്നവരെ നാട്ടിലെത്തിക്കുന്നതിൽ സർക്കാർ പരാജയമായി മാറിയെന്നും ബെന്നി ബെഹന്നാൻ എം പി പറഞ്ഞു.

സംസ്ഥാന അതിർത്തിയായ വാളയാറിൽ എത്തിയ ആളുകൾക്ക് പ്രാഥമിക സൗകര്യങ്ങൾ ഒരുക്കിയിരുന്നില്ല. സർക്കാർ മെയ് 6 ന് ഇറക്കിയ ഓർഡറിൽ പാസില്ലെങ്കിലും കടത്തിവിടാമെന്ന് പറഞ്ഞിരുന്നു. പിന്നീട് വീണ്ടും കുടുംബമായി വന്നാൽ ഒരാൾക്ക് പാസുണ്ടെങ്കിൽ കടത്തിവിടാമെന്ന് മെയ് 11ന് സർക്കാർ ഉത്തരവിറക്കി എന്നിട്ടും പാസില്ലാതെ ആളുകളെ കടത്തിവിട്ടത് യുഡിഫ് ജനപ്രതിനിധികളാണെന്ന് പറയുന്നത് പ്രതിഷേധാർഹമാണെന്ന് അദ്ദേഹം വ്യക്തമാക്കി.

ഇൻസ്റ്റീറ്റ്യൂഷനിൽ ക്വാറന്‍റൈൻ എന്ന് വിളിച്ച് പറയുക അല്ലാതെ സർക്കാർ ഒരു സഹായവും നൽകിയില്ല. ബാറുകാർക്ക് ആനുകൂല്യം നൽകുമ്പോൾ ഇതിന്‍റെ പിന്നിൽ എന്തെങ്കിലും കച്ചവടം ഉണ്ട് എന്ന് ആരെങ്കിലും സംശയിച്ചാൽ അവരെ കുറ്റം പറയാൻ കഴിയില്ലെന്നും സർക്കാറിന് ഇപ്പോൾ ബീവറേജ് തുറക്കാനുള്ള താത്പര്യം മാത്രമാണ് ഉള്ളതെന്നും ബെന്നി ബെഹനാൻ എം പി കുറ്റപ്പെടുത്തി.  പല ക്വാറന്‍റൈൻ കേന്ദ്രങ്ങളിലെയും സ്ഥിതി ദയനീയമാണെന്നും എം.പിമാരെ കൊവിഡ് പ്രവർത്തനങ്ങളിൽ നിന്ന് മാറ്റി നിർത്തി രാഷ്ട്രീയം കളിക്കുന്ന മുഖ്യമന്ത്രി തെറ്റ് തിരുത്തി ഉത്തരവാദിത്വത്തോടെ പെരുമാറണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.