കേരളബാങ്ക് രൂപീകരണത്തിനായി നിയമിച്ച ടാസ്‌ക് ഫോഴ്‌സ് സർക്കാർ പിരിച്ചുവിടാനൊരുങ്ങുന്നു. ടാസ്‌ക് ഫോഴ്‌സിലെക്ക് ഡെപ്യൂട്ടേഷനിൽ നിയമിച്ച ജീവനക്കാരെ സഹകരണ രജിസ്ട്രാർ തിരിച്ചുവിളിച്ചു. കേരള ബാങ്ക് രൂപീകരണത്തിനായി പലതവണ തീയതി പ്രഖ്യാപിച്ചെങ്കിലും, അതൊന്നും നടക്കാത്ത സാഹചര്യത്തിലാണ് ജീവനക്കാരെ തിരികെ വിളിക്കുന്നത്. ആർ.ബി.ഐ അംഗീകാരം ലഭിക്കാത്തതിനാൽ കേരളബാങ്ക് രൂപീകരണം പ്രതിസന്ധിയിലാണ്.
ഇടതുമുന്നണിയുടെ പ്രകടനപത്രികയിലെ പ്രധാന വാഗ്ദാനായിരുന്നു കേരളബാങ്ക്. ജില്ലാ സഹകരണ ബാങ്കുകളിലെ ഭരണസമിതികൾ പിരിച്ച് വിട്ട് ഒന്നരവർഷം മുമ്പാണ് സർക്കാർ കേരളബാങ്ക് എന്ന് നീക്കവുമായി രംഗത്തെത്തിയത്. 13 ജില്ലകളിലെ യുഡിഎഫ് ഭരണസമിതിയും, പാലക്കാട് ജില്ലയിലെ എൽഡിഎഫ് ഭരണ സമിതിയും, സംസ്ഥാന സഹകരണ ബാങ്ക് സമിതിയും പിരിച്ച് വിട്ടതിനെ തുടർന്ന് ഇവിടങ്ങളിൽ അഡ്മിനിസ്‌ട്രേറ്റർ ഭരണം തുടരുകയാണ്.
https://www.youtube.com/watch?v=M0OWcsxYv5w
സഹകരണ നിയമപ്രകാരം 1 വർഷമാണ് അഡ്മിനിസ്‌ട്രേറ്റർ ഭരണ കാലാവധിയെങ്കിലും അതും ലംഘിച്ചു. ഇതിനിടെ കേരളബാങ്ക് പ്രഖ്യാപനത്തിനായി 3 തീയതികൾ സർക്കാർ അറിയിച്ചെങ്കിലും, പ്രഖ്യാപനം ഉണ്ടായില്ല. 2016 ജൂലൈ, 2017 ഏപ്രിൽ, 2018ലെ ചിങ്ങം 1 എന്നീ ദിവസങ്ങളിൽ പ്രഖ്യാപിക്കാനുള്ള തീരുമാനമാണ് നടക്കാതെ പോയത്. ആർ ബി ഐയുടെ അംഗീകാരം ലഭിക്കാത്തത് കേരളബാങ്ക് പ്രഖ്യാപനത്തിന് തടസമായി. ഇതിനിടെയാണ് കേരളബാങ്ക് രൂപീകരണത്തിനായി ഒന്നരവർഷം മുമ്പ് രൂപംകൊടുത്ത ടാസ്‌ക്‌ഫോഴ്‌സിലെ ജീവനക്കാരെ തിരികെ വിളിക്കാനുള്ള സർക്കാർ തീരുമാനം.
ലക്ഷങ്ങൾ മാസശമ്പളമായി നൽകി നബാർഡ് മുൻ ചീഫ് ഒഫീസർ ചെയർമാനും, ആർ.ബി.ഐയിലെ 3 മുൻ ഉദ്യോഗസ്ഥർ അംഗങ്ങളുമായി നിയമിച്ച ടാസ്‌ക് ഫോഴ്‌സിൽ, ഇവരെ സഹായിക്കാനായി ഇരുപതോളം ജീവനക്കാരെയാണ് സർക്കാർ നിയമിച്ചത്. ഇതിൽ ചെയർമാന്റെ സി.എയും, അക്കൗണ്ടന്റും ഉൾപ്പടെ 4 പേരെ മാതൃസ്ഥാപനത്തിലേക്ക് തിരികെ അയക്കാനാണ് സഹകരണ സംഘം രജിസ്ട്രാർ ഉത്തരവിട്ടിരിക്കുന്നത്. ടാസ്‌ക് ഫോഴ്‌സിന്റെ പ്രവർത്തനം സർക്കാർ നിർത്തലാക്കുന്നതിന്റെ സൂചനയാണിത്.
മാസംതോറും 10 ലക്ഷത്തിലധികം രൂപ ശമ്പള ഇനത്തിൽ നൽകി കഴിഞ്ഞ ഒന്നരവർഷത്തിനിടെ രണ്ട് കോടിയോളം രൂപ ശമ്പള ഇനത്തിലും മറ്റും ചെലവാക്കിയ ടാസ്‌ക്‌ഫോഴ്‌സ് കൊണ്ട് യാതൊരു പ്രയോജനവും സംസ്ഥാനത്തിനുണ്ടായില്ല എന്നാണ് വിലയിരുത്തപ്പെടുന്നത്. കേരളബാങ്ക് രൂപീകരണത്തെ കോൺഗ്രസ് തുടക്കം മുതലെ എതിർത്തിരുന്നു എന്നതും ശ്രദ്ധേയമാണ്. ഇതുകൂടാതെ പി.എസ്.സി റാങ്ക് ലിസ്റ്റിൽ പെട്ട നിരവധി ഉദ്യോഗാർഥികളുടെ ഭാവിയും കേരളബാങ്ക് നീക്കത്തോടെ തുലാസിലായി.