യുഎഇയില്‍ ഒറ്റദിനത്തില്‍ 27 പേര്‍ക്ക് കൂടി കൊറോണ ; ആകെ രോഗികള്‍ 140 ! 31 രോഗികള്‍ സുഖം പ്രാപിച്ചു

Jaihind News Bureau
Thursday, March 19, 2020

ദുബായ് : യുഎഇയില്‍ ഒറ്റദിനത്തില്‍ 27 പേര്‍ക്ക് കൂടി കൊറോണ വൈറസ് ബാധ കണ്ടെത്തിയതായി ആരോഗ്യ പ്രതിരോധ മന്ത്രാലയം വ്യാഴാഴ്ച (മാര്‍ച്ച് 19) സ്ഥിരീകരിച്ചു. ഇതോടെ, രാജ്യത്ത് ഇതുവരെ 140 പേര്‍ക്ക് രോഗം കണ്ടെത്തി. ഇത് ആദ്യമായാണ് ഇത്രയും പേര്‍ക്കും ഒരൊറ്റ ദിനത്തില്‍ വൈറസ് ബാധ കണ്ടെത്തുന്നത്. അതേസമയം, ഇതില്‍ 31 രോഗികള്‍ സുഖം പ്രാപിച്ചതായി മന്ത്രാലയം വെളിപ്പെടുത്തി. യുഎഇയില്‍ രാജ്യാന്തര നിലവാരത്തിലുള്ള ആരോഗ്യ സംരക്ഷണ സംവിധാനങ്ങള്‍ ഒരുക്കിയിട്ടുണ്ടെന്നും മന്ത്രാലയം അറിയിച്ചു. പൊതുജനങ്ങള്‍ സാമൂഹ്യ അകലം പാലിക്കണം. ആരോഗ്യ വകുപ്പിന്‍റെ നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്നും നിര്‍ദേശിച്ചു. അതേസമയം, പുതുതായി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചവര്‍ ഏത് രാജ്യക്കാരാണെന്ന വിവരം പുറത്തുവിട്ടിട്ടില്ല.