ആരോഗ്യ വകുപ്പിലെ ഡോക്ടർമാർക്ക് പോലും ഗുരുതര പിഴവുകൾ സംഭവിച്ചതിന്‍റെ തെളിവുകൾ പുറത്ത്

Jaihind News Bureau
Sunday, March 15, 2020

സംസ്ഥാനത്ത് കോറോണ വ്യാപനം തടയുന്നതിൽ ആരോഗ്യ വകുപ്പിലെ ഡോക്ടർമാർക്ക് പോലും ഗുരുതര പിഴവുകൾ സംഭവിച്ചതിന്‍റെ തെളിവുകൾ പുറത്ത്. തിരുവനന്തപുരത്ത് കോറോണ സ്ഥിരീകരിച്ച ഡോക്ടർ വിദേശത്ത് നിന്ന് എത്തിയ ശേഷം മൂന്ന് ദിവസം ഒ പിയിൽ രോഗികളെ പരിശോധിച്ചു. മാർച്ച് 1ന് എത്തിയ ഡോക്ടർ 2, 7, 11 തീയതികളിലാണ് ഒ പി യിൽ എത്തിയത്. അടിത്തട്ടിൽ മാത്രമല്ല ഏറ്റവും ഉത്തരവാദിത്ത്‌പ്പെട്ട ഡോക്ടർമാർക്ക് പോലും സംഭവിച്ച വീഴ്ചക്ക് സർക്കാർ ഉത്തരം പറയേണ്ടി വരും.

തിരുവന്തപുരം സ്വദേശിയായ ശ്രീചിത്രയിലെ റേഡിയോളജി വിഭാഗത്തിലെ ഡോക്ടർ സ്‌പെയിനിൽ നിന്ന് മടങ്ങി എത്തിയത് മാർച്ച് 1 നാണ്. മാർച്ച് 2, 7, 11 തീയതികളിൽ ഈ ഡോക്ടർ ഒപിയിൽ എത്തി രോഗികളെ പരിശോധിക്കുകയും ചെയ്തു. ഈ മൂന്ന് ദിവസങ്ങളിലും ഒപിയിൽ ഇദ്ദേഹം പരിശോധിച്ച രോഗികളെയും അവരുമായി സമ്പർക്കത്തിൽ എത്തിയവരേയും ഇനി അത്ര പെട്ടെന്ന് കണ്ടുപിടിക്കാനാവില്ല. ഡോക്ടർക്ക് ഒപ്പം പ്രവർത്തിച്ചവരും അവരുടെ കുടംബാംഗങ്ങളും ആശങ്കയിലാണ്. ക്യാൻറ്റീനിൽ അടക്കം ഈ ഡോക്ടർ പോയിട്ടുമുണ്ടാകാം. ചുരുക്കത്തിൽ തിരുവനന്തപുരത്ത് രോഗം പടരുന്നതിൽ പ്രധാന പങ്ക് വഹിച്ചത് ഒരു ഡോക്ടറും ആരോഗ്യ വകുപ്പും തന്നെയാണ്. ആരോഗ്യവകുപ്പിനും അധികൃതർക്കും സംഭവിച്ച ഗുരുതര വീഴ്ചയാണ് ഇതിലുടെ പുറത്ത് വന്നിരിക്കുന്നത്.

അതേസമയം, ജില്ലയിലെ അവലോകന യോഗത്തിന് ശേഷം കളക്ടർ വ്യക്തമാക്കിയത് ഇനിയും ഈ ഡോക്ടറുമായി അടുത്തിടപഴകിയവർ എത്ര പേരുണ്ടെന്നോ റൂട്ട് മാപ്പോ തയ്യാറാകാനായിട്ടില്ല എന്നാണ്. പ്രൈമറി കോൺടാക്ട് നൂറിലേറേ പേർ എന്ന് മാത്രമാണ് പറയുന്നത്. അതിനുപ്പുറമാണ് കണുക്കുകൾ എന്ന് ഒറ്റനോട്ടത്തിൽ തന്നെ ഉറപ്പ്. ആരോഗ്യ വകുപ്പിനും സർക്കാരിനും പറ്റിയ ഗുരുതര പിഴവുകൾ മറച്ച് വെക്കുകയാണ് സർക്കാരും അധികൃതരും. സൂത്രത്തിൽ രക്ഷപ്പെട്ട റാന്നി സ്വദേശികളാണ് രോഗം വീണ്ടും പടർത്തിയത് എന്ന ആരോപണം ഉന്നിയച്ച ആരോഗ്യ മന്ത്രി മറുപടി പറയേണ്ടത് രോഗം തടയാൻ ഉത്തരവാദിത്വപ്പെട്ട അറിവുള്ള ഡോക്ടർക്കും വകുപ്പിനും പറ്റിയ വീഴ്ചയെ കുറിച്ചാണ്.

വീഴ്ചയെന്ന് പറഞ്ഞ് അവസാനിപ്പിക്കാനാവില്ല ഇതിനെ. ഗുരുതരമായ കുറ്റകൃത്യമാണ് ഉണ്ടായിരിക്കുന്നത്. അതുകൊണ്ടാണ് അധികൃതർ പകച്ച് നിൽക്കുന്നതും ഗൗരവമേറിയ വസ്തുതകൾ മറച്ച് വെക്കാനാണ് ശ്രമിച്ചതെന്നും വ്യക്തം.

https://youtu.be/hlP8Vx9mnwg