ആലപ്പുഴ : കയർ വകുപ്പ് മന്ത്രി തോമസ് ഐസക്കിനെതിരെ പരസ്യ പ്രതിഷേധവുമായി സി.പി.ഐ. കയർ മേഖലയിലെ പ്രതിസന്ധി പരിഹരിക്കാനായി വകുപ്പ് മന്ത്രി ഒന്നും ചെയ്യുന്നില്ലെന്ന് സി.പി.ഐ തുറന്നടിച്ചു. ഫേസ്ബുക്കിൽ ലൈക്കുകള്‍ കൂട്ടാനല്ലാതെ കയർ മേഖലയ്ക്കായി തോമസ് ഐസക് ഒന്നും ചെയ്യുന്നില്ലെന്ന് സി.പി.ഐ ആലപ്പുഴ ജില്ലാ സെക്രട്ടറി ടി.ജെ ആഞ്ചലോസ് പറഞ്ഞു.
കയർ മേഖലയെ തകർക്കുന്ന നടപടികളുമായാണ് തോമസ് ഐസക് മുന്നോട്ട് പോകുന്നതെന്ന് സി.പി.ഐ വിമർശിക്കുന്നു. പ്രതിസന്ധിയെ തുടർന്ന് ഫാക്ടറികൾ ഓരോന്നായി അടച്ചുപൂട്ടുകയാണ്. നിരവധി ഫാക്ടറികള്‍ അടച്ചുപൂട്ടലിന്റെ വക്കിലുമാണ്. തൊഴിലാളികള്‍ക്ക് മിനിമം കൂലി പോലും ലഭിക്കുന്നില്ല. ദുരിതത്തിലായ കയർ തൊഴിലാളികളെ രക്ഷിക്കാൻ മുഖ്യമന്ത്രി ഇടപെടണമെന്നും സി.പി.ഐ ആവശ്യപ്പെടുന്നു. എല്‍.ഡി.എഫ് പ്രകടനപത്രികയിലെ വാഗ്ദാനങ്ങള്‍ ഒന്നുപോലും നടപ്പാക്കാൻ വകുപ്പ് മന്ത്രിയായ തോമസ് ഐസക്കിന് കഴിഞ്ഞിട്ടില്ലെന്ന ഗുരുതര ആരോപണം സി.പി.ഐ ഉന്നയിക്കുന്നു. തൊഴിലാളി സംഘടനകളുമായി ചർച്ച ചെയ്ത് പ്രശ്നങ്ങൾ പരിഹരിച്ചില്ലെങ്കിൽ സമരം ശക്തമാക്കുമെന്നും സി.പി.ഐ പറയുന്നു.
കയര്‍ മേഖലയിലെ പ്രതിസന്ധി പരിഹരിക്കാന്‍ തോമസ് ഐസക്ക് ഒന്നും ചെയ്യുന്നില്ലെന്ന സി.പി.ഐയുടെ പരസ്യ പ്രസ്താവന കോണ്‍ഗ്രസിന്റെ ആരോപണങ്ങള്‍ക്ക് ശക്തി പകരുന്നതാണ്. കയർ മേഖലയെ തകർക്കുന്ന സമീപനമാണ് തോമസ് ഐസക്കിന്റേതെന്ന് കോണ്‍ഗ്രസ് നേരത്തേ ആരോപണമുന്നയിച്ചിരുന്നു. സി.പി.ഐയുടെ തുറന്നുപറച്ചിലോടെ സി.പി.എം-സി.പി.ഐ പോരിലേക്കാണ് കാര്യങ്ങള്‍ നീങ്ങുന്നത്. ഇടതുമുന്നണിക്കുള്ളിലും ഇത് ചലനങ്ങളുണ്ടാക്കിയേക്കും.