ബജറ്റ് ദിനത്തില്‍ പതിവ് തെറ്റിക്കാതെ തോമസ് ഐസക്

Jaihind News Bureau
Friday, February 7, 2020

സംസ്ഥാനം നേരിടുന്ന ഗുരുതരമായ സാമ്പത്തിക പ്രതിസന്ധി മറികടക്കാനാകുമെന്ന പ്രതീക്ഷ പങ്കു വെച്ച് കൊണ്ടാണ് ബജറ്റ് അവതരണത്തിനായി തോമസ് ഐസക് ഔദ്യോഗിക വസതിയിൽ നിന്ന് നിയമസഭയിലേക്ക് പുറപ്പെട്ടത്. അമ്മയ്ക്കൊപ്പം പ്രഭാത ഭക്ഷണം എന്ന പതിവ് ഇത്തവണയും അദ്ദേഹം തെറ്റിച്ചില്ല. എഴുത്തുകാരുടെയും സാമൂഹിക പരിഷ്കർത്താക്കളുടെയും വാക്കുകൾ ഉദ്ധരിക്കുന്ന പതിവിനൊപ്പം പൗരത്വ ഭേദഗതി നിയമത്തിനെതിരായ വിമർശനവും ഇത്തവണ ബജറ്റിൽ ഇടം പിടിച്ചു.

ധനമന്ത്രിയുടെ ഔദ്യോഗിക വസതിയായ റോസ് ഹൗസ് രാവിലെ തന്നെ തിരക്കലമർന്നു. മാധ്യമ പ്രവർത്തകരുടെ വലിയ സംഘത്തിനൊപ്പം ബജറ്റ് അവതരണത്തിന് മുമ്പ് ധനമന്ത്രിക്ക് ആശംസ അർപ്പിക്കാൻ എത്തിയവരും നിരവധി. എല്ലാവർക്കും ഹൃദ്യമായ വരവേൽപ്പ്. ഇതിനിടയിൽ
സർക്കാർ പ്രസ്സിൽ നിന്ന് എത്തിച്ച ബജറ്റിന്‍റെ അച്ചടിച്ച കോപ്പി ഒന്ന് കൂടി പരിശോധിച്ചു. പിന്നാലെ ചുരുക്കം വാക്കുകളിൽ മാധ്യമങ്ങൾക്ക് മുന്നിൽ പ്രതികരണം.

അമ്മക്കൊപ്പം പ്രഭാത ഭക്ഷണമെന്ന പതിവും ഇത്തവണയും തെറ്റിച്ചില്ല. 8.15 ഓടെ വസതിയിൽ നിന്ന് ബജറ്റ് അവതരണത്തിനായി ധനമന്ത്രി സഭയിലേക്ക് തിരിച്ചു. സഭയിലെത്തിയ ധനമന്ത്രിയെ ഭരണ പ്രതിക്ഷാംഗങ്ങൾ ഒരു പോലെ വരവേറ്റു. കൃത്യം ഒൻപത് മണിക്ക് ഐസക് തന്‍റെ ബജറ്റ് പുസ്തകം തുറന്നു. പിന്നെ കവിതാ ശകലങ്ങളോടെ തുടക്കം.