ദേശീയ പൗരത്വ ദേദഗതി നിയമത്തിനെതിരെ യു.ഡി.എഫ് നാളെ മനുഷ്യ ഭൂപടം തീർക്കും. വയനാട് ഒഴികെയുള്ള 13 ജില്ലകളിലും പതിനായിരക്കണക്കിന് പ്രവർത്തകർ മനുഷ്യ ഭൂപടം ഒരുക്കും. പൗരത്വ ഭേദഗതി നിയമത്തിന് എതിരെയുള്ള കേരളത്തിന്‍റെ മതേതര മനസിന്‍റെ താക്കീതായി മനുഷ്യ ഭൂപടം മാറും.
രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധി വെടിയേറ്റ് വീണ സമയമായ വൈകുന്നേരം 5.17 നാണ് കേരളത്തില്‍ യു.ഡി.എഫ് മനുഷ്യ ഭൂപടം തീർക്കുന്നത്. തുടർന്ന് ഭരണഘടനാ സംരക്ഷണ പ്രതിജ്ഞയെടുക്കും. അതിന് ശേഷം പൊതുയോഗവുമുണ്ടാകും. ത്രിവർണ തൊപ്പികള്‍ അണിഞ്ഞാകും പ്രവർത്തകർ മനുഷ്യ ഭൂപടത്തിന്‍റെ ഭാഗമാവുക. അശോക ചക്രത്തിനായി നീലത്തൊപ്പികള്‍ അണിഞ്ഞവർ അണിനിരക്കും. മനുഷ്യ ഭൂപടത്തിന് പുറത്ത് പത്ത് മീറ്റർ ദൂരപരിധിയില്‍ ചതുരാകൃതിയില്‍ ദേശീയ പതാകകള്‍ ഏന്തിയ പ്രവർത്തകർ സംരക്ഷണ കവചവുമൊരുക്കും.
വൈകുന്നേരം നാല് മണിക്ക് തന്നെ പ്രവർത്തകർ അതാത് ഗ്രൌണ്ടുകളിലെത്തണമെന്ന് യു.ഡി.എഫ് നേതൃത്വം നിർദേശം നല്‍കിയിട്ടുണ്ട്. തിരുവനന്തപുരത്ത് മുതിർന്ന കോണ്‍ഗ്രസ് നേതാവും എ.ഐ.സി.സി പ്രവർത്തകസമിതിയംഗവുമായ എ.കെ ആന്‍റണി മനുഷ്യ ഭൂപടത്തിന് നേതൃത്വം നല്‍കും. കോഴിക്കോട് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും കെ.പി.സി.സി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രനും മനുഷ്യ ഭൂപടത്തില്‍ പങ്കാളികളും. കണ്ണൂരില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയായിരിക്കും മനുഷ്യ ഭൂപടത്തിന് നേതൃത്വം നല്‍കുക. മലപ്പുറത്ത് മുസ്ലീം ലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് ഹൈദരാലി ശിഹൈബ് തങ്ങളും തൃശൂരില്‍ പ്രതിപക്ഷ ഉപനേതാവ് ഡോ. എം.കെ മുനീറും മനുഷ്യ ഭൂപടത്തിന് നേതൃത്വം നല്‍കും.
കെ.പി.സി.സി അധ്യക്ഷന്മാരായ എം.എം ഹസന്‍ ആലപ്പുഴയിലും വി.എം സുധീരന്‍ കൊല്ലത്തും മനുഷ്യ ഭൂപടം ഉദ്ഘാടനം ചെയ്യും. എറണാകുളത്ത് മുതിർന്ന കോണ്‍ഗ്രസ് നേതാവ് പി.പി തങ്കച്ചനും കോട്ടയത്ത് തിരുവഞ്ചൂർ രാധാകൃഷ്ണന്‍ എം.എല്‍.എയും മനുഷ്യ ഭൂപടം ഉദ്ഘാടനം ചെയ്യും. പാലക്കാട് മുന്‍ ഗവർണർ കെ ശങ്കരനാരായണനും കാസര്‍ഗോഡ് കർണാടക എം.എല്‍.എ യു.ടി ഖാദറും മനുഷ്യ ഭൂപടം ഉദ്ഘാടനം ചെയ്യും. ഇടുക്കിയില്‍ പി.ജെ ജോസഫും പത്തനംതിട്ടയില്‍ ഷിബു ബേബി ജോണും ഉദ്ഘാടനം ചെയ്യും. വയനാട് ഒഴികെയുള്ള 13 ജില്ലകളിലാണ് മനുഷ്യ ഭൂപടം ഒരുക്കുന്നത്. വയനാട്ടില്‍ രാഹുല്‍ ഗാന്ധി പങ്കെടുക്കുന്ന ഭരണഘടനാ സംരക്ഷണ മാര്‍ച്ചാണ് നടക്കുക.