മോദി സർക്കാരിനെതിരെ ശക്തമായ താക്കീതായി യു.ഡി.എഫിന്‍റെ മനുഷ്യ ഭൂപടം

Jaihind News Bureau
Thursday, January 30, 2020

പൗരത്വ ഭേദഗതി നിയമം പിൻവലിക്കണമെന്നാവശ്യപ്പെട്ട് മഹാത്മാഗാന്ധിയുടെ രക്തസാക്ഷിത്വ ദിനത്തിൽ യു.ഡി.എഫ് ആഹ്വാനം ചെയ്ത മനുഷ്യ ഭൂപടം നരേന്ദ്ര മോദി സർക്കാറിനെതിരെയുള്ള താക്കീതായി മാറി. സംസ്ഥാനത്തെ 12 ജില്ലകളിൽ വന്‍ ജനസഞ്ചയം പരിപാടിയുടെ ഭാഗമായി മാറി. വയനാടും കോഴിക്കോടും ഒഴികെയുള്ള ജില്ലകളിലാണ് പ്രവർത്തകർ മനുഷ്യ ഭൂപടം ഒരുക്കിയത്. പൗരത്വ ഭേദഗതി നിയമത്തിന് എതിരെയുള്ള കേരളത്തിന്‍റെ മതേതര മനസിന്‍റെ താക്കീതാണ് മനുഷ്യ ഭൂപടമെന്ന് നേതാക്കള്‍ വ്യക്തമാക്കി. മഹാത്മാ ഗാന്ധി വെടിയേറ്റ് വീണ സമയമായ വൈകുന്നേരം 5.17 നാണ് കേരളത്തില്‍ യു.ഡി.എഫ് മനുഷ്യ ഭൂപടം തീർത്തത്. പിന്നാലെ ഭരണഘടനാ സംരക്ഷണ പ്രതിജ്ഞയും പൊതുയോഗവും സംഘടിപ്പിച്ചു.

തിരുവനന്തപുരത്ത് കോൺഗ്രസ് പ്രവർത്തക സമിതി അംഗം എ.കെ ആന്‍റണി മനുഷ്യ ഭൂപടം ഉദ്ഘാടനം ചെയ്തു. കൊല്ലത്ത് മുന്‍ കെ.പി.സി.സി അധ്യക്ഷന്‍ വി.എം സുധീരന്‍ ഉദ്ഘാടനം ചെയ്തു. പത്തനംതിട്ടയില്‍ ആര്‍.എസ്.പി നേതാവ് ഷിബു ബേബി ജോണ്‍ ഉദ്ഘാടനം നിർവഹിച്ചു. ആലപ്പുഴ റിക്രിയേഷൻ മൈതാനത്ത് നടന്ന മനുഷ്യ ഭൂപടം മുൻ കെ.പി.സി.സി അധ്യക്ഷൻ എം.എം ഹസൻ ഉദ്ഘാടനം ചെയ്തു. നിരവധി പ്രവർത്തകർ ഭൂപടത്തില്‍ പങ്ക് ചേർന്നു. കേരള കോൺഗ്രസ് ചെയർമാൻ ജോണി നെല്ലൂർ, ഷാനിമോൾ ഉസ്മാൻ എം.എൽ.എ, എം ലിജു, യു.ഡി.എഫ് ജില്ലാ കണ്‍വീനർ എം മുരളി തുടങ്ങിയവർ പരിപാടിക്ക് നേതൃത്വം നൽകി. കോട്ടയം ജില്ലയിൽ തിരുവഞ്ചൂർ രാധാകൃഷ്ണൻ പരിപാടി ഉദ്ഘാടനം ചെയ്തു.

എറണാകുളം ജില്ലാ യു.ഡി.എഫ് കമ്മിറ്റിയുടെ നേതൃത്വത്തിൽ കലൂർ ജവഹർലാൽ നെഹ്റു സ്റ്റേഡിയം പരിസരത്ത് മുൻ യു.ഡി.എഫ് കൺവീനർ പി.പി തങ്കച്ചൻ മനുഷ്യ ഭൂപടം ഉദ്ഘാടനം ചെയ്തു. യു.ഡി.എഫ് കൺവീനർ ബെന്നി ബെഹന്നാൻ ചടങ്ങിൽ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ലീലാവതി ടീച്ചർ, കെ.എൽ മോഹനവർമ, ഹൈബി ഈഡൻ എം.പി, RSP ദേശീയ സെക്രട്ടറി മനോജ് ഭട്ടാചാര്യ, എം.എൽ.എമാരായ ടി.ജെ വിനോദ്, അൻവർ സാദത്ത്, റോജി എം ജോൺ, യു.ഡി.എഫ് ജില്ലാ കണ്‍വീനർ എം.ഒ ജോൺ തുടങ്ങിയവർ സംസാരിച്ചു.

ഇടുക്കി ജില്ലയിൽ തൊടുപുഴയിൽ നടന്ന പരിപാടി പി.ജെ ജോസഫ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. ഡീൻ കുര്യാക്കോസ് എം.പി, ഡി.സി.സി പ്രസിഡന്‍റ് ഇബ്രാഹിം കുട്ടി കല്ലാർ, യു.ഡി.എഫ് ജില്ലാ കണ്‍വീനർ എസ് അശോകൻ, റോഷി അഗസ്റ്റിൻ എം.എൽ.എ തുടങ്ങിയവർ നേതൃത്വം നൽകി. തൃശൂർ വിദ്യാർത്ഥി കോർണറിൽ പ്രതിപക്ഷ ഉപനേതാവ് എം.കെ മുനീർ മനുഷ്യ ഭൂപടം ഉദ്ഘാടനം ചെയ്തു. ടി.എൻ പ്രതാപൻ എം.പി, ജോസഫ് ചാലിശേരി, ഒ അബ്ദുറഹ്മാൻ കുട്ടി, തോമസ് ഉണ്ണിയാടൻ തുടങ്ങിയവർ നേതൃത്വം നൽകി.

കണ്ണൂരിൽ പ്രതിപക്ഷ നേതാവ്​ രമേശ്​ ചെന്നിത്തലയും കെ.പി.സി.സി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രനും മനുഷ്യ ഭൂപടത്തിന് നേതൃത്വം നൽകി. പാലക്കാട് കോട്ടമൈതാനത്ത് മുൻ മഹാരാഷ്ട്ര ഗവർണറും മുതിർന്ന കോൺഗ്രസ് നേതാവുമായ കെ ശങ്കരനാരായണൻ മനുഷ്യ ഭൂപടം ഉദ്ഘാടനം ചെയ്തു. എം.പിമാരായ വി.കെ ശ്രീകണ്ഠൻ, രമ്യ ഹരിദാസ്, ഷാഫി പറമ്പിൽ തുടങ്ങിയവർ നേതൃത്വം നൽകി. യു.ഡി.എഫ് കാസർഗോഡ് തീർത്ത  മനുഷ്യ ഭൂപടത്തിൽ രണ്ടായിരത്തിലേറെ പേർ പങ്കെടുത്തു. സ്വാതന്ത്ര്യ സമര സേനാനി കെ.വി നാരായണൻ പ്രതിജ്ഞ ചൊല്ലി കൊടുത്തു. ചടങ്ങിന്‍റെ ഉദ്ഘാടനം മഞ്ചേശ്വരം എം.എൽ.എ എം.സി ഖമറുദീൻ നിർവഹിച്ചു. ചടങ്ങിൽ യു.ഡി.എഫിന്‍റെ നിരവധി നേതാക്കൾ പങ്കെടുത്തു.