ആലപ്പുഴ : നോബേൽ സമ്മാന ജേതാവ് മൈക്കൽ ലെവിറ്റിനെ പണിമുടക്ക് ദിനത്തിൽ തടഞ്ഞുവെച്ച സംഭവത്തിൽ സി.പി.എം ബ്രാഞ്ച് സെക്രട്ടറി ഉള്‍പ്പെടെ നാല് പേര് അറസ്റ്റില്‍. കൈനകരി സ്വദേശികളായ അജി, ജോളി, ബാബു, സുധീർ എന്നിവരാണ് പിടിയിലായത്. സംഭവത്തിൽ പരാതിയില്ലെന്ന് മൈക്കൽ ലെവിറ്റ് പ്രതികരിച്ചു. സംസ്ഥാന സർക്കാർ ലെവിറ്റിനോട് മാപ്പ് ചോദിച്ചു. ഇന്നലെയാണ് സി.ഐ.ടി.യു പ്രവര്‍ത്തകര്‍ മൈക്കല്‍ ലെവിറ്റ് സഞ്ചരിച്ച ബോട്ട് തടഞ്ഞുവെച്ചത്.
സി.പി എം ബ്രാഞ്ച് സെക്രട്ടറി ജോളി, മുൻ സെക്രട്ടറി സാബു, കെ.എസ്. കെ.ടി.യു ആർ ബ്ലോക്ക് കൺവീനർ സുധീർ, സി.ഐ.ടി.യു പ്രവർത്തകനായ അജി എന്നിവരാണ് പുളിങ്കുന്നിൽ അറസ്റ്റിലായത്. ഹൗസ് ബോട്ട് യാത്രയ്ക്കെത്തിയ രസതന്ത്ര നൊബേൽ സമ്മാനാർഹനായ മൈക്കൽ ലെവിറ്റിനെയും ഭാര്യയെയുമാണ് സി.ഐ.ടി.യു പണിമുടക്ക് അനുകൂലികൾ തടഞ്ഞത്. ഹൗസ്ബോട്ടിൽ ചൊവ്വാഴ്ച വൈകുന്നേരത്തോടെ കുമരകത്ത് നിന്ന് യാത്ര ആരംഭിച്ച മൈക്കിളും ഭാര്യയും ഇന്നലെ വൈകുന്നേരം കുട്ടനാട് ആർ ബ്ലോക്കിലെത്തി. തുടർന്ന് തിരികെ കുമരകത്തേക്ക് യാത്ര തിരിക്കാൻ ബോട്ടെടുത്തപ്പോഴാണ് സി.പി.എം ബ്രാഞ്ച് സെക്രട്ടറി ഉള്‍പ്പെടെയുള്ളവരെത്തി തടഞ്ഞത്. നോബേൽ പുരസ്കാര ജേതാവാണെന്നത് ഉൾപ്പെടെ വിശദീകരിച്ചിട്ടും പ്രതിഷേധക്കാര്‍ അത് മുഖവിലയ്ക്കെടുത്തില്ലെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ഏകദേശം 2 മണിക്കൂറോളം ബോട്ട് തടഞ്ഞു.
കൊള്ളക്കാരുടെ തോക്കിൻ മുൻപിൽ അകപ്പെട്ട അവസ്ഥയായിരുന്നുവെന്ന് ലെവിറ്റ് പറഞ്ഞു. കേരളം മനോഹരമാണെങ്കിലും ടൂറിസത്തിന് അപമാനമുണ്ടാക്കുന്ന രീതിയിലാണ് കാര്യങ്ങൾ സംഭവിച്ചതെന്ന് അദ്ദേഹം പറഞ്ഞു. എന്നാല്‍ വിവാദങ്ങള്‍ക്കില്ലെന്നും അദ്ദേഹം പ്രതികരിച്ചു. ആലപ്പുഴ ജില്ലാ കളക്ടറുമായി ലെവിറ്റ് കൂടികാഴ്ച നടത്തി. പണിമുടക്കിൽ നിന്ന് വിനോദ സഞ്ചാര മേഖലയെ ഒഴിവാക്കുമെന്നായിരുന്നു സമര സമിതി അറിയിച്ചിരുന്നത്. എന്നാൽ ഇത് പാലിക്കപ്പെടാത്ത സാഹചര്യമാണ് ഇന്നലെ സംഭവിച്ചത്. സി.ഐ.ടി.യു പ്രവർത്തകരുടെ നടപടി കാടത്തമാണെന്നും കേരളത്തിന് തന്നെ അപമാനകരമാണെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഇന്നലെ പ്രതികരിച്ചിരുന്നു.