മുത്തൂറ്റ് ജീവനക്കാർക്ക് സി ഐ.ടി.യു സംഘത്തിന്‍റെ ക്രൂര മർദനം

Jaihind News Bureau
Tuesday, January 14, 2020

 

തൊടുപുഴയിൽ മുത്തൂറ്റ് ജീവനക്കാർക്ക് സി ഐ.ടി.യു സംഘത്തിന്‍റെ ക്രൂര മർദനം. ബാങ്ക് തുറക്കാനെത്തിയ ബ്രാഞ്ച് മാനേജരെയും ജീവനക്കാരനെയുമാണ് മർദിച്ചത്.  പരിക്കേറ്റ ഇരുവരെയും തൊടുപുഴ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഇന്ന് രാവിലെ ഒൻപതരയോടെയാണ് തൊടുപുഴ മങ്ങാട്ടുകവലയിൽ മുത്തൂറ്റ് ജീവനക്കാർക്ക് മർദനമേറ്റത്. സംഘടിച്ചെത്തിയ സി.ഐ.ടി.യു സംഘം ബ്രാഞ്ച് മാനേജർ ജോയിയെയും ജീവനക്കാരൻ പ്രവീൺ ചന്ദ്രനെയും ക്രൂരമായി മർദിക്കുകയായിരുന്നു. കെ.കെ.ആർ ജംഗ്ഷനിൽ പ്രവർത്തിക്കുന്ന ബാങ്കിൽ നിന്നും നൂറ് മീറ്റർ മാറിയാണ് സംഭവമുണ്ടായത്. മറ്റ് ജീവനക്കാർ എത്തി ഒരുമിച്ച് ബാങ്കിലേക്ക് ജോലിക്ക് കയറുവാൻ കാത്തുനിൽക്കുന്നതിനിടയിലായിരുന്നു സി.ഐ.ടി.യു ആക്രമണം.

മർദ്ദനത്തെത്തുടർന്ന് ഇരുവരെയും തൊടുപുഴ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തൊടുപുഴ മങ്ങാട്ടുകവലയിലുള്ള മുത്തൂറ്റ് ബ്രാഞ്ചിന് പോലീസ് കാവൽ ഏർപ്പെടുത്തിയിട്ടുണ്ട്. സംഭവത്തില്‍ പൊലീസ് കേസ് എടുത്തതായാണ് വിവരം.