നൊബേൽ ജേതാവ് മൈക്കേൽ ലെവിറ്റിനെ തടഞ്ഞത് കാടത്തം ; CITU പ്രവർത്തകരുടെ നടപടി കേരളത്തിന് നാണക്കേടുണ്ടാക്കുന്നതെന്ന് രമേശ് ചെന്നിത്തല

Jaihind News Bureau
Wednesday, January 8, 2020

Ramesh-chennithala10

നൊബേൽ പുരസ്കാര ജേതാവ് മൈക്കേൽ ലെവിറ്റിനെ തടഞ്ഞ സി.ഐ.ടി.യു നടപടി കാടത്തമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.  കൊള്ളക്കാരുടെ തോക്കിന് മുന്നില്‍പെട്ടപോലുള്ള അവസ്ഥയാണെന്ന് ലെവിറ്റ് പറയുമ്പോൾ കേരളം മുഴുവൻ അപമാനിക്കപ്പെടുകയാണെന്ന് അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.

ഉന്നത വിദ്യാഭ്യാസ കൗൺസിലിന്‍റെയും കേരള സർവകലാശാലയുടേയും ക്ഷണമനുസരിച്ചാണ് മൈക്കേൽ ലെവിറ്റ് കേരളത്തിലെത്തിയത്. എന്നാല്‍ സർക്കാര്‍ അതിഥിയായി എത്തിയ മൈക്കല്‍ ലെവിറ്റിനെ സി.ഐ.ടി.യു പ്രവര്‍ത്തകര്‍ തടയുകയായിരുന്നു. 2013 ൽ രസതന്ത്രത്തിന് നൊബേല്‍ സമ്മാനം നേടിയ മൈക്കേൽ ലെവിറ്റ് സർവകലാശാലയിലെ പ്രഭാഷണ പരിപാടിയുടെ ഭാഗമായാണ് തലസ്ഥാനത്തെത്തിയത്. പിന്നീട് ആലപ്പുഴയിലേക്ക് പോകുകയായിരുന്നു.

ക്രിമിനലുകള്‍ തന്നെ മണിക്കൂറുകളോളം തന്നെ തടഞ്ഞുവെച്ചെന്നും നിയമവാഴ്ചയില്ലാത്ത നാടായി ഇന്ത്യ മാറുന്നോയെന്ന് ഭയപ്പെടുന്നു എന്ന ലെവിറ്റിന്‍റെ വാക്കുകൾ കേരളത്തിന് നാണക്കേടാണെന്നും രമേശ് ചെന്നിത്തല ഫേസ്ബുക്കില്‍ കുറിച്ചു.

രമേശ് ചെന്നിത്തലയുടെ ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂർണരൂപം :

സർക്കാർ അതിഥിയായി എത്തിയ നൊബേൽ സമ്മാന ജേതാവ് മൈക്കേൽ ലെവിറ്റിനെ തടഞ്ഞത് കാടത്തമാണ്. കൊള്ളക്കാരുടെ തോക്കിനു മുന്നില്‍പെട്ടപോലുള്ള അവസ്ഥയാണെന്ന് ലെവിറ്റ് പറയുമ്പോൾ കേരളം മുഴുവൻ അപമാനിക്കപ്പെടുകയാണ്.

ക്രിമിനലുകള്‍ തന്നെ മണിക്കൂറുകളോളം തടഞ്ഞുവച്ചു.നിയമവാഴ്ചയില്ലാത്ത നാടായി ഇന്ത്യ മാറുന്നോയെന്ന് ഭയപ്പെടുന്നു എന്ന വാക്കുകൾ കേരളത്തിന് നാണക്കേടാണ്.

വിനോദസഞ്ചാര മേഖലയെ പണിമുടക്കിൽ നിന്നും ഒഴിവാക്കിയിട്ടും സിഐടിയു പ്രവർത്തകർ ലെവിറ്റിനെ തടഞ്ഞത് ലോകത്തിന് മുന്നിൽ കേരളത്തെക്കുറിച്ച് തെറ്റായ സന്ദേശമാണ് നൽകുന്നത്. ഹൗസ്ബോട്ട് തടഞ്ഞത് വാർത്തയാകുമ്പോൾ ടൂറിസം ഭൂപടത്തിൽ കേരളത്തെ പിന്നോട്ടടിക്കുകയാണ്. പതിറ്റാണ്ടുകൾ കൊണ്ട് ടൂറിസം രംഗത്ത് കേരളം സ്വന്തമാക്കിയ നേട്ടങ്ങൾ ഇല്ലാതാക്കുന്ന നടപടിയാണിത്. ആഗോള നിക്ഷേപ സംഗമം എന്ന പേരിൽ മാമാങ്കം നടക്കുന്നതിന്റെ മുന്നോടിയായി മുത്തൂറ്റ് എംഡി ജോർജ് അലക്സാണ്ടറിന്റെ തല പൊട്ടിച്ചതിന് ശേഷമാണ് നൊബേൽ ജേതാവിനെ സിഐടിയു അപമാനിച്ചിരിക്കുന്നത്. കണ്ടാൽ അറിയാവുന്ന നൂറ് പേർക്കെതിരെ കേസ് എടുത്തു എന്ന് പറയുന്ന പൊലീസ്, അന്താരാഷ്ട്രതലത്തിൽ നാണക്കേടായ ഒരു സംഭവത്തെ ലഘൂകരിക്കുകയാണ്. ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ സർക്കാരിന്റെ അടിയന്തര നടപടിയാണ് ആവശ്യം. കുറച്ചാളുകളുടെ സാമൂഹ്യവിരുദ്ധ നടപടികൾ കൊണ്ട് ഇല്ലാതാകേണ്ട ഒന്നല്ല നമ്മുടെ നാടിന്റെ ടൂറിസം വികസനം.