പൗരത്വ ഭേദഗതി നിയമം : ടി.എൻ പ്രതാപൻ എം.പി നയിക്കുന്ന ലോംഗ് മാർച്ച് വ്യാഴാഴ്ച

Jaihind News Bureau
Monday, December 30, 2019

‘ഭരണഘടന സംരക്ഷിക്കുക, ഇന്ത്യയെ രക്ഷിക്കുക, പൗരത്വ നിയമ ഭേദഗതി പിൻവലിക്കുക’ എന്ന മുദ്രാവാക്യം ഉയർത്തി ടി.എൻ പ്രതാപൻ എം.പി നയിക്കുന്ന ലോംഗ് മാർച്ച് വ്യാഴാഴ്ച നടക്കും. ഗുരുവായൂരിൽ നിന്ന് തൃപ്രയാറിലേക്ക് നടക്കുന്ന ലോംഗ് മാർച്ച് എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ ഉദ്ഘാടനം ചെയ്യും.

പൗരത്വ ഭേദഗതി നിയമത്തിനെതിരെ കോൺഗ്രസ് രാജ്യ വ്യാപകമായി നടത്തി വരുന്ന പ്രക്ഷോഭ പരിപാടികളുടെ ഭാഗമായാണ് ലോംഗ് മാർച്ച് സംഘടിപ്പിച്ചിട്ടുള്ളത്. ഗുരുവായൂർ സത്യഗ്രഹ സ്മരണ നിലനിൽക്കുന്ന കിഴക്കേനടയിൽ നിന്നും മാർച്ച് ആരംഭിക്കും. ടി.എൻ പ്രതാപനൊപ്പം എം.പിമാരായ ബെന്നി ബഹനാൻ, രമ്യ ഹരിദാസ്, അനിൽ അക്കര എം.എൽ.എ എന്നിവരും മാർച്ചില്‍ അണിനിരക്കും. തദ്ദേശ ഭരണ സ്ഥാപനങ്ങളിലെ ജനപ്രതിനിധികൾ കോൺഗ്രസിന്‍റെ ബൂത്ത് പ്രസിഡന്‍റുമാർ മുതലുള്ള നേതാക്കൾ മറ്റ് പ്രധാന പ്രവർത്തകർ തുടങ്ങി അയ്യായിരത്തോളം പേർ മാർച്ചിൽ പങ്കെടുക്കും. വിവിധ മത സാമൂഹ്യ സംഘടനകളുടെ പ്രതിനിധികളെയും ക്ഷണിച്ചിട്ടുണ്ട്.

വൈകിട്ട് ഏഴിന് തൃപ്രയാറിലാണ് മാർച്ചിന്‍റെ സമാപനം. സമാപന സമ്മേളനത്തിൽ കെ.പിസിസി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രൻ, എ.ഐ.സി.സി സെക്രട്ടറി പി.സി വിഷ്ണുനാഥ്, എം.എൽ.എമാരായ വി.ഡി സതീശൻ, ഷാഫി പറമ്പിൽ തുടങ്ങിയവർ പങ്കെടുക്കും.

https://youtu.be/5Z__ap_c1as