കണ്ണൂരിലെ ദേശീയ ചരിത്ര കോൺഗ്രസ് വേദിയിലും ഗവര്‍ണര്‍ ആരിഫ് ഖാനെതിരെ പ്രതിഷേധം

Jaihind News Bureau
Saturday, December 28, 2019

കണ്ണൂരിൽ ചരിത്ര കോൺഗ്രസിൽ ഗവർണർക്കെതിരെ വൻ പ്രതിഷേധം. പൗരത്വ നിയമത്തെ അനുകൂലിച്ച് സംസാരിക്കുന്നതിനിടെയാണ് പ്രതിനിധികളുടെ പ്രതിഷേധിച്ചത്. പ്രതിഷേധിച്ചവരെ പോലീസ് അറസ്റ്റ് ചെയ്തു. നേരത്തെ കെഎസ്‌യു യൂത്ത് കോൺഗ്രസ്സ് പ്രവർത്തകരും പ്രതിഷേധിച്ചിരുന്നു. കരിങ്കൊടി കാണിച്ചായിരുന്നു പ്രതിഷേധം. കനത്ത സുരക്ഷാ സന്നാഹങ്ങൾക്കിടെ പുതിയ ബസ്സ് സ്റ്റാൻഡ് പരിസരത്ത് വെച്ചായിരുന്നു കരിങ്കൊടി പ്രതിഷേധം. യൂത്ത് കോൺഗ്രസ് നേതാക്കളായ റിജിൽ മാക്കുറ്റി, സുധീപ് ജയിംസ്, കെ എസ് യു ജില്ലാ പ്രസിഡന്‍റ് മുഹമ്മദ് ഷമ്മാസ്, അഭിജിത്ത് തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം. ഗവർണ്ണർക്കെതിരെ പ്രതിഷേധം ഉണ്ടാകുമെന്ന രഹസ്യാന്വേഷണ റിപ്പോർട്ടിനെ തുടർന്ന് കെഎസ്‌യു, യൂത്ത് കോൺഗ്രസ്സ് നേതാക്കൾക്ക് ഉൾപ്പടെ പൊലീസ് നോട്ടീസ് നൽകിയിരുന്നു.

വിഖ്യാത ചരിത്രകാരൻമാരായ ഇർഫാൻ ഹബീബ്, എംജിഎസ് നാരായണൻ ഉൾപ്പടെയുള്ളവർ സദസ്സിലുണ്ടായിരുന്നു. ഇതിനിടെയായിരുന്നു പ്രതിഷേധം.

ഗവര്‍ണര്‍ക്കെതിരെ പ്രതിഷേധം നടത്തരുതെന്ന് വിദ്യാർത്ഥി സംഘടന നേതാക്കള്‍ക്ക് ജില്ലാ പൊലീസ് നേരത്തെ താക്കീത് നൽകിയിരുന്നു. നിയമ ലംഘനമോ അക്രമസംഭവങ്ങളോ ഉണ്ടായാൽ നേതാക്കൾ ഉത്തരവാദികളാകുമെന്നും കർശന നിയമ നടപടി സ്വീകരിക്കുമെന്നും പൊലീസ് അറിയിച്ചിരുന്നു. എന്നാല്‍ പൊലീസിന്‍റെ കണക്കുകൂട്ടലില്‍ നിന്നും വ്യത്യസ്തമായി വിദ്യാര്‍ഥികള്‍ക്ക് പുറമേ പരിപാടിയില്‍ പങ്കെടുക്കാനെത്തിയ ചരിത്രകാരന്‍മാരും പ്രതിനിധികളും ഇത്തരത്തില്‍ പ്രതിഷേധിക്കുകയായിരുന്നു.

https://www.youtube.com/watch?v=eIF9C1adFiE

അതേസമയം, തന്നെ അപായപ്പെടുത്താൻ ശ്രമമുണ്ടായെന്നും, പ്രതിഷേധം കൊണ്ട് നിശബ്ദനാകില്ലെന്നും ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പ്രതികരിച്ചു. ഭരണഘടനയ്ക്ക് ഭീഷണിയാകുന്ന ഒരു നിയമത്തെയും അനുകൂലിക്കില്ലെന്നും, ഭരണഘടനയെ സംരക്ഷിക്കുകയാണ് തൻറെ ഉത്തരവാദിത്തമെന്നും അദ്ദേഹം വ്യക്തമാക്കി. പ്രതിഷേധം അക്രമാസക്തമാകുന്നത് അംഗീകരിക്കാനാകില്ലെന്നും ഗവർണർ കൂട്ടിച്ചേർത്തു. സംഭവത്തിൽ കണ്ണൂർ സർവ്വകലാശാല വൈസ് ചാൻസിലറെ വിളിപ്പിച്ച ഗവർണർ, സംഭവത്തിന്‍റെ മുഴുവൻ വീഡിയോ ദൃശ്യങ്ങളുമായി കണ്ണൂർ ഗസ്റ്റ് ഹൗസിലെത്താൻ നിർദ്ദേശം നൽകി.