കിയാൽ വികസനം : പുതിയ വിമാനങ്ങൾക്കും വികസന പദ്ധതികൾക്കും വേണ്ടി എം.പിമാർ സംയുക്ത നിവേദനം നല്‍കി

Jaihind News Bureau
Friday, December 13, 2019

കണ്ണൂർ എയർപോർട്ടിൽ നിന്നും ജിദ്ദയിലേക്കും ദമാമിലേക്കും എയർ ഇന്ത്യയുടെ വൈഡ് ബോഡി എയർക്രാഫ്റ്റിന്‍റെ പ്രവർത്തനം ആരംഭിക്കണമെന്നാവശ്യപ്പെട്ട് എം.പിമാര്‍ സിവിൽ ഏവിയേഷൻ സെക്രട്ടറിയെ കണ്ടു. ഇക്കാര്യം ആവശ്യപ്പെട്ട് എം.പിമാരായ കെ.സുധാകരൻ, കെ മുരളീധരൻ, രാജ് മോഹൻ ഉണ്ണിത്താൻ, കെ.കെ രാഗേഷ് എന്നിവര്‍ സംയുക്ത നിവേദനവും നല്‍കി.

വിദേശ രാജ്യങ്ങളിൽ താമസിക്കുന്ന കണ്ണൂർ എയർപോർട്ടിന്‍റെ സമീപ പ്രദേശത്തുകാരുടെ എണ്ണവും സൗദിയിൽ താമസിക്കുന്നവരുടെയും ഉംറയ്ക്കും ഹജ്ജിനും പോകുന്നതിനുള്ള സൗകര്യവും പരിഗണിച്ച് വലിയ വിമാനങ്ങളുടെ സേവനം ആവശ്യമാണ്. ഇക്കാര്യത്തില്‍ എയർ ഇന്ത്യ നടത്തിയ പഠനത്തിന്‍റെ അടിസ്ഥാനത്തില്‍ കൂടുതൽ യാത്രക്കാരെ ഉൾക്കൊള്ളാൻ കഴിയുന്ന വലിയ വിമാനത്തിന്‍റെ സർവീസ് ആരംഭിക്കണമെന്ന് എം.പി.മാർ സിവിൽ ഏവിയേഷൻ സെക്രട്ടറി പ്രദീപ് സിംഗ് ഖറൊലയുമായി നടത്തിയ ചർച്ചയില്‍ ആവശ്യപ്പെട്ടു. ഇക്കാര്യം ചൂണ്ടിക്കാട്ടി നിവേദനവും നല്‍കി.

കണ്ണൂർ എയർപോർട്ടുമായി ബന്ധപ്പെട്ട സമഗ്ര വികസനം ലക്ഷ്യമാക്കി എയർ ഇന്ത്യയുടെ ചെയർമാൻ ആൻഡ്‌ മാനേജിംഗ് ഡയറക്ടർ അശ്വനി ലൊഹാനിയുമായി കെ.സുധാകരൻ എം.പിയും രാജ് മോഹൻ ഉണ്ണിത്താൻ എം.പിയും ചർച്ച നടത്തിയിരുന്നു. എയർ ഇന്ത്യയുടെ കൊമേഴ്സ്യൽ ഡയറക്ടർ മീനാക്ഷി മാലിക്കുമായി കെ സുധാകരൻ എം.പിയും കെ.കെ രാഗേഷ് എം.പിയും ഇന്നലെ എയർപോർട്ടുമായി ബന്ധപ്പെട്ട വിവിധ വികസന കാര്യങ്ങളും ചർച്ച ചെയ്തു.