കോഴിക്കോട് ജില്ലയിൽ എലിപ്പനി ബാധിച്ച് ഇന്ന് രണ്ട് പേർകൂടി മരിച്ചു. ഇതോടെ പ്രളയത്തിനുശേഷം ജില്ലയിൽ എലിപ്പനി ബാധിച്ച് മരിച്ചവരുടെ എണ്ണം 12 ആയി. വരുംദിവസങ്ങളിൽ കൂടുതൽ പേർ രോഗലക്ഷണങ്ങളുമായി എത്തുമെന്നാണ് ആരോഗ്യവകുപ്പ് പ്രതീക്ഷിക്കുന്നത്. അതിനിടെ 16 എലിപ്പനി ചികിത്സാ കേന്ദ്രങ്ങൾ തുടങ്ങുമെന്ന് പ്രഖ്യാപിച്ചെങ്കിലും പ്രവർത്തനം തുടങ്ങിയത് 4 എണ്ണം മാത്രം.
കോഴിക്കോട് ജില്ലയിൽ എലിപ്പനിബാധിച്ച് മരിച്ചവരുടെ എണ്ണം 12 ആയി ഉയർന്നു. ആഗസ്റ്റ് 8ന് ശേഷം മരിച്ചവരുടെ കണക്കാണിത്. ഇന്ന് രണ്ട് പേർ എലിപ്പനി ബാധിച്ച് മരിച്ചു. ഇന്നലെ 5 പേരാണ് രോഗം കാരണം മരിച്ചത്. ഇതുവരെ 150ലധികം പേർ രോഗലക്ഷണങ്ങളോടെ വിവിധ ആശുപത്രികളിൽ ചികിത്സതേടി. ഇതിൽ 56 പേർക്ക് രോഗം സ്ഥിരീകരിച്ചു. എലിപ്പനി നിയന്ത്രിക്കാൻ പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കിയതായും മെഡിക്കൽ കോളേജിൽ കൂടുതൽ ഡോക്ടർമാരെ നിയമിക്കുമെന്നും മന്ത്രി ടി.പി രാമകൃഷ്ണൻ ജയ്ഹിന്ദ് ന്യൂസിനോട് പറഞ്ഞു.
https://www.youtube.com/watch?v=omdMYraPzp0
കൂടുതൽ പേർ വരുംദിവസങ്ങളിൽ ചികിത്സതേടുമെന്നാണ് ആരോഗ്യവകുപ്പിന്റെ കണക്കുകൂട്ടൽ. മരിച്ചവരെല്ലാം പ്രതിരോധ മരുന്ന് കഴിക്കാത്തവരാണെന്ന് ആരോഗ്യവകുപ്പ് പറയുന്നുണ്ടെങ്കിലും മരുന്ന് കഴിച്ചാലും രോഗം വരാനുള്ള സാധ്യതയുണ്ടെന്നും ഡി.എം.ഒ ചൂണ്ടിക്കാട്ടി. എന്നാൽ അവർക്ക് രോഗത്തിന്റെ തീവ്രത കുറയുമെന്നും ഡി.എം.ഒ ഡോ. വി ജയശ്രീ പറഞ്ഞു.
16 എലിപ്പനി ചികിത്സാകേന്ദ്രങ്ങൾ ജില്ലയിൽ തുടങ്ങുമെന്ന് ഡി.എം.ഒ പ്രഖ്യാപിച്ചിരുന്നെങ്കിലും 4 എണ്ണം മാത്രമാണ് ഇതിനകം ആരംഭിക്കാൻ സാധിച്ചത്. 6 ഇടങ്ങളിൽ കേന്ദ്രം എവിടെ തുടങ്ങുമെന്നുപോലും തീരുമാനമായിട്ടില്ല.