അരൂരിലെ യു.ഡി.എഫ് സ്ഥാനാർത്ഥി ഷാനിമോൾ ഉസ്മാനെ മന്ത്രി ജി സുധാകരൻ പൂതനയെന്ന് വിളിച്ച് അധിക്ഷേപിച്ചത് സ്ത്രീത്വത്തിന് നേരെയുള്ള വെല്ലുവിളിയാണെന്ന് കെ.പി.സി.സി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രൻ. സി.പി.എമ്മിന്‍റെ പരാജയ ഭീതിയാണ് ഇതിന് പിന്നിലെന്നും അദ്ദേഹം പറഞ്ഞു. ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് മന്ത്രിമാർ ഉദ്യോഗസഥരെ ഉപയോഗിച്ച് ജനങ്ങളെ സ്വാധീനിക്കുന്നുവെന്നും മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു.
അരൂർ പാട്ടുകുളങ്ങരയിൽ ആരംഭിച്ച യു.ഡി.എഫ് അരൂർ മണ്ഡലം കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസിന്‍റെ ഉദ്ഘാടനം കെ.പി.സി.സി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ നിർവഹിച്ചു. ഷാനിമോൾ ഉസ്മാനെതിരെ മന്ത്രി ജി സുധാകരൻ നടത്തിയ സ്ത്രീവിരുദ്ധ പരാമർശത്തിനെതിരെ രൂക്ഷമായ ഭാഷയിലാണ് കെ.പി.സി.സി പ്രസിഡന്‍റ് പ്രതികരിച്ചത്. തികച്ചും സ്ത്രീവിരുദ്ധമായ പരാമർശമാണ് മന്ത്രി നടത്തിയത്. ഷാനിമോൾ ഉസ്മാനെതിരെ വ്യക്തിഹത്യ നടക്കുന്നുവെന്നും, സി.പി.എമ്മിന്‍റെ രാഷ്ടീയ ജീർണതയുടെ മുഖമാണ് മന്ത്രിയുടെ പരാമർശത്തിലൂടെ വ്യക്തമായതെന്നും മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു. ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് മന്ത്രിമാർ ഉദ്യോഗസ്ഥരെ ഉപയോഗിച്ച് ജനങ്ങളെ സ്വാധീനിക്കുന്നുവെന്നും മുല്ലപ്പള്ളി രാമചന്ദ്രൻ കുറ്റപ്പെടുത്തി.
തെരഞ്ഞെടുപ്പ് ചട്ടം ലംഘിച്ച് രാത്രി സമയത്ത് റോഡ് നിർമാണം നടത്തുന്നത് ചോദ്യം ചെയ്യുക മാത്രമാണ് ഷാനിമോൾ ഉസ്മാൻ ചെയ്തത്. ഷാനിമോൾക്കെതിരെ കള്ളക്കേസ് എടുത്തത് മുഖ്യമന്ത്രിയുടെ അറിവോടെയെന്നും ഷാനിമോൾ ഉസ്മാനെ അറസ്റ്റ് ചെയ്യാൻ ധൈര്യമുണ്ടെങ്കിൽ അറസ്റ്റ് ചെയ്യാന്‍ വെല്ലുവിളിക്കുന്നതായും ജയിലിൽ കിടന്നാണെങ്കിലും ഷാനിമോൾ തെരഞ്ഞെടുപ്പിനെ നേരിടുമെന്നും മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു. അരൂരിലെ ഇടതുമുന്നണിയുടെ റെക്കോഡ് തിരുത്തിക്കുറിക്കാൻ ഷാനിമോൾ ഉസ്മാന് സാധിക്കുമെന്നും മുല്ലപ്പള്ളി പറഞ്ഞു.
https://www.youtube.com/watch?v=3FZ9TVvaXsU