പ്രളയക്കെടുതിയിൽ നിന്ന് കരകയറുന്ന കേരളത്തിന് കൈത്താങ്ങായി സുപ്രീം കോടതി ജഡ്ജിമാർ. കേരളത്തെ സഹായിക്കാനായുള്ള ഫണ്ട് ശേഖരണത്തിനായി സംഘടിപ്പിക്കുന്ന പ്രത്യേക പരിപാടിയിൽ പിന്നണി ഗായകൻ മോഹിത് ചൗഹാൻ ഉൾപ്പെടെയുള്ളവർ ഗാനം ആലപിക്കും.
സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ദീപക് മിശ്ര മുഖ്യാതിഥിയായി പങ്കെടുക്കുന്ന ചടങ്ങിൽ മലയാളി കൂടിയായ സുപ്രീം കോടതി ജഡ്ജി കെ.എം ജോസഫും ഗാനം ആലപിക്കും.
ഒരു മലയാളം ഗാനവും ഒരു ഹിന്ദി ഗാനവുമാണ് ചടങ്ങിൽ ജസ്റ്റിസ് കെ.എം ജോസഫ് ആലപിക്കുക. സമീപകാലത്ത് ഇതാദ്യമായാണ് സുപ്രീം കോടതിയിലെ ഒരു ജഡ്ജി പൊതുപരിപാടിയിൽ പാടാൻ ഒരുങ്ങുന്നത്.
ഭദ്ര സിൻഹ, ഗൗരിപ്രിയ എസ് എന്നിവരുടെ ഭരതനാട്യവും ചടങ്ങിന് കൊഴുപ്പേകും. സുപ്രീം കോടതി വാർത്തകൾ കൈകാര്യം ചെയ്യുന്ന മാധ്യമപ്രവർത്തകയാണ് ഭദ്ര സിൻഹയും. യുവ ക്ലാസിക്കൽ നർത്തകിയായ കീർത്തന ഹരീഷിന്റെ നൃത്തവും ചടങ്ങിലുണ്ടാകും.
തിങ്കളാഴ്ച ‘ഇന്ത്യൻ സൊസൈറ്റി ഓഫ് ഇന്റർനാഷനൽ ലോ’യുടെ ഓഡിറ്റോറിയത്തിലാണ് പരിപാടി നടക്കുക. സുപ്രീം കോടതി വാർത്തകൾ റിപ്പോർട്ട് ചെയ്യുന്ന മാധ്യമപ്രവർത്തകരാണ് പരിപാടി സംഘടിപ്പിക്കുന്നത്.