യു.ഡി.എഫ് സ്ഥാനാര്‍ത്ഥി നിര്‍ണയം നാളെ വൈകിട്ടോടെ പൂർത്തിയാകും ; വിജയസാധ്യത മാത്രമാണ് മാനദണ്ഡം : മുല്ലപ്പള്ളി രാമചന്ദ്രന്‍ | Video

Jaihind Webdesk
Wednesday, September 25, 2019

നിയമസഭാ ഉപതെരഞ്ഞെടുപ്പിനുള്ള യു.ഡി.എഫ് സ്ഥാനാർത്ഥി നിർണയം നാളെ വൈകിട്ടോടെ പൂർത്തിയാകുമെന്ന് കെ.പി.സി.സി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രൻ. തിരുവനന്തപുരത്ത് ചേർന്ന കോൺഗ്രസ് തെരഞ്ഞെടുപ്പ് സമിതി യോഗത്തിലാണ് ഇത് സംബന്ധിച്ച ധാരണ ഉണ്ടായത്. വിജയ സാധ്യതയാണ് സ്ഥാനാർത്ഥി നിർണയത്തിലെ മാനദണ്ഡമെന്നും മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു.

കെ.പി.സി.സി ആസ്ഥാനമായ ഇന്ദിരാഭവനിൽ ചേർന്ന തെരഞ്ഞെടുപ്പ് സമിതി യോഗത്തിൽ സ്ഥാനാർത്ഥി നിർണയം സംബന്ധിച്ച് വിശദമായ ചർച്ച നടന്നു. ഉമ്മൻ ചാണ്ടി, രമേശ് ചെന്നിത്തല, മുളളപ്പള്ളി രാമചന്ദ്രൻ തുടങ്ങിയ നേതാക്കളുടെ നേതൃത്വത്തിലായിരുന്നു ചർച്ച. ഓരോ മണ്ഡലത്തിലും നിരവധി പേരുകളാണ് പരിഗണനയിൽ ഉള്ളത്. വിശദമായ ചർച്ചയ്ക്ക് ശേഷം നാളെ വൈകിട്ടോടെ സ്ഥാനാർത്ഥി നിർണയം പൂർത്തിയാക്കാനാകുമെന്ന് കെ.പി.സി.സി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു. മികച്ച സ്ഥാനാർത്ഥികളെ തന്നെ യു.ഡി.എഫ് രംഗത്ത് ഇറക്കുമെന്ന് കെ.പി.സി.സി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു. സ്ഥാനാർത്ഥികളുടെ കാര്യത്തിൽ വിശദമായ ചർച്ച നടന്നതായി കെ.മുരളീധരൻ എം.പിയും വ്യക്തമാക്കി.

ഉപതെരഞ്ഞെടുപ്പ് നടക്കുന്ന അഞ്ച് മണ്ഡലങ്ങളിലെ നാലും യു.ഡി.എഫിന്‍റെ സിറ്റിംഗ് സീറ്റുകളാണ്. ഇടതുമുന്നണിയുടെ സിറ്റിംഗ് സീറ്റായ അരൂരില്‍ ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഉണ്ടായ മുന്നേറ്റം ആവർത്തിക്കാനായാല്‍ അതും നേട്ടമാകും. ലോക് സഭാ തെരഞ്ഞെടുപ്പിലേതിന് സമാനമായ തിളക്കമാർന്ന വിജയമാണ് ഉപതെരഞ്ഞെടുപ്പിലും യു.ഡി.എഫ് പ്രതീക്ഷിക്കുന്നത്.

https://www.youtube.com/watch?v=yyGzdXo2TUQ