തൃശ്ശൂർ ജില്ലയിൽ മഴക്കെടുതിമൂലം മരണപെട്ടവരുടെ എണ്ണം 8ആയി. ജില്ലയിൽ ഇന്ന് ഓറഞ്ച് അലർട്ട്. ജില്ലയിൽ ഇതുവരെ 245ഓളം ദുരിതാശ്വാസ ക്യാമ്പുകളിലായി നിന്നായി 47,000ഓളം പേരാണ് കഴിയുന്നത്.
ജില്ലയിൽ ചൊവ്വാഴ്ച മഴക്കെടുതിയിൽ രണ്ട് പേർ മരിച്ചു. വെങ്കിടങ്ങ് കണ്ണോത്ത് പുല്ല റോഡിലെ പുളിക്കൽ നാസറിന്റെ ഭാര്യ റസിയ പാടശേഖരത്തിലെ വെള്ളച്ചാലിൽ അതുരുത്തുംതാഴം കായലിനു സമീപം ഭർത്താവിനും മകനും സഹോദരിയുടെ മകനോടുമൊപ്പം കുളിക്കാനിറങ്ങിയപ്പോൾ മുങ്ങിമരിക്കുകയായിരുന്നു. റസിയായോടൊപ്പമുണ്ടായിരുന്ന ഭർത്താവിനെയും മകനേയും രക്ഷിക്കുന്നതിനിടെ വെള്ളത്തിൽ മുങ്ങിയ നിഷാമിനെ പാവറട്ടി സാൻജോസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
പുതുക്കാട് നിലയ പരിധിയിൽ കോടാലിയിൽ പുതുതായി നിർമ്മിച്ച കെട്ടിടത്തിന്റെ സൺഷേഡ് തകർന്നു വീണ് കുറ്റിക്കാട് ഒറ്റക്കൊമ്പന്റെ വീട്ടിൽ സത്യൻ ആണ് മരിച്ചത്. ഇതോടെ മഴക്കെടുതി മൂലമുള്ള ജില്ലയിൽ മരിച്ചവരുടെ എണ്ണം എട്ടായി.
ജില്ലയിൽ ഇതുവരെ 47,000ഓളം പേരെയാണ് 245ഓളം ദുരിതാശ്വാസ ക്യാമ്പുകളിലായി പ്രവേശിപ്പിച്ചിട്ടുള്ളത്. ഇതുവരെ 219 വീടുകൾ ഭാഗികമായും 22 വീടുകൾ പൂർണ്ണമായും തകർന്നു.
ജില്ലയിൽ കേന്ദ്ര കാലവസ്ഥാ നിരീക്ഷണ കേന്ദ്രം ഇന്ന് ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചു. ഓറഞ്ച് പ്രഖ്യാപിക്കപ്പെട്ട ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായതോ അതിശക്തമായതോ ആയ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. സർക്കാർ സംവിധാനങ്ങളും പൊതുജനങ്ങളും ജാഗ്രത പാലിക്കുവാനുള്ള മുന്നറിയിപ്പാണ് ഓറഞ്ച് അലേർട്ട് കൊണ്ട് ഉദ്ദേശിക്കുന്നത്. ശക്തമായ കാലവർഷത്തെ തുടർന്ന് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ച സാഹചര്യത്തിലും വെള്ളക്കെട്ട് നിലനിൽക്കുന്നതിനാലും പല സ്കൂളുകളിലും ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്നതിനാലും തൃശൂർ ജില്ലയിലെ അങ്കണവാടികൾ, പ്രൊഫഷണൽ കോളേജുകൾ, കേന്ദ്രീയ വിദ്യാലയങ്ങൾ, സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ സ്കൂളുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഇന്ന് ജില്ലാ കലക്ടർ അവധി പ്രഖ്യാപിച്ചു.