പ്രതിപക്ഷ നേതാവും കെപിസിസി പ്രസിഡന്‍റും വയനാട്ടിലേയ്ക്ക്

Jaihind News Bureau
Friday, August 9, 2019

മേപ്പാടിയ്ക്കു പിന്നാലെ കവളപ്പാറയിലും ഉരുൾപൊട്ടിയതോടെ പ്രകൃതിക്ഷോഭത്തിൽ കേരളം നടുങ്ങി നിൽക്കുകയാണ്.  പഞ്ചായത്ത് തലത്തിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂം തുറക്കുകയും അടിയന്തരമായി ഉദ്യോഗസ്ഥ-ജനപ്രതിനിധികളുടെ യോഗം വിളിക്കുകയും ചെയ്യണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. മലയോര മേഖലകളില്‍ മുന്‍പ് ഉരുള്‍പൊട്ടലുണ്ടായ സ്ഥലങ്ങളിലേയും ഉരുള്‍പൊട്ടല്‍ സാധ്യത നിലനില്‍ക്കുന്ന സ്ഥലങ്ങളിലേയും ജനങ്ങളെ അടിയന്തിരമായി സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറ്റിപാര്‍പ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കെപിസിസി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രനോടൊപ്പം പ്രകൃതി ക്ഷോഭം നേരിട്ട സ്ഥലങ്ങളിലേക്ക് തിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

എം എൽ എ മാരുടെ നേതൃത്വത്തിൽ എല്ലാ നിയോജകമണ്ഡലങ്ങളിലും ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും യോഗം വിളിച്ചു ചേർക്കണമെന്ന് പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു. ഡാമുകള്‍ തുറക്കുന്നതിനുമുന്‍പ് അതീവജാഗ്രതാ നിര്‍ദേശം നല്‍കണമെന്ന് മുഖ്യമന്ത്രിക്ക് നൽകിയ ഒൻപതിന നിർദേശങ്ങളിൽ പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടിട്ടുണ്ട്. സമീപവാസികള്‍ക്ക് സുരക്ഷിതമായി ഒഴിഞ്ഞുപോകുന്നതിനുള്ള സാവകാശം ലഭിക്കുന്ന തരത്തില്‍ ഇതുമായി ബന്ധപ്പെട്ട അറിയിപ്പുകള്‍ പത്ര-ദൃശ്യ-ലോക്കല്‍ അനൗന്‍സ്‌മെന്‍റ് മുഖേന നല്‍കണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.  ഡാം സുരക്ഷാ അതോറിറ്റിയുടേയും, ജല കമ്മീഷന്‍റേയും നിര്‍ദേശങ്ങള്‍ക്കും, മുന്നറിയിപ്പുകള്‍ക്കും അനുസൃതമായി ഡാമുകളുടെ ജലവിതാനം നിയന്ത്രിക്കുന്നതിനും, കൃത്യമായി റെഗുലേറ്റ് ചെയ്യുന്നതിനും നടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

മരിച്ചവരുടെ കുടുംബാംഗങ്ങള്‍ക്കുള്ള അടിയന്തിര ആശ്വാസ ധനസഹായവും   പരുക്കേറ്റവര്‍ക്ക് സൗജന്യ വൈദ്യസഹായവും അടിയന്തിരമായി ലഭ്യമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

റെയിൽവേ ലൈനുകളുടെ സുരക്ഷ ഉറപ്പാക്കുന്നതിനാവശ്യമായ നിർദേശം ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് നൽകണം. തകർന്ന വൈദ്യുതി ലൈനുകളിൽ നിന്നും ആളുകൾ ഷോക്കേറ്റ് മരിക്കുന്ന സാഹചര്യം ഒഴിവാക്കണം. കടലോര മേഖലയിലെയും വെള്ളപ്പൊക്കത്തിൽ ഒറ്റപ്പെട്ട പ്രദേശങ്ങളിലെയും കുടുംബാംഗങ്ങൾക്കും സൗജന്യ റേഷൻ എത്തിക്കണമെന്ന്പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.

ഫെയ്സ് ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം :

മേപ്പാടിയ്ക്കു പിന്നാലെ കവളപ്പാറയിലും ഉരുൾപൊട്ടിയതോടെ പ്രകൃതിക്ഷോഭത്തിൽ കേരളം നടുങ്ങി നിൽക്കുകയാണ്. ആളുകൾ മണ്ണിനടിയിൽ കുടുങ്ങിയെന്ന വാർത്തയാണ് അറിയുന്നത്. ഞാനും കെപിസിസി പ്രസിഡണ്ട് മുല്ലപ്പള്ളി രാമചന്ദ്രനും കൂടി പ്രകൃതി ക്ഷോഭം നേരിട്ട സ്ഥലങ്ങളിലേക്ക് പോവുകയാണ്.

പഞ്ചായത്ത് തലത്തിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂം തുറക്കുകയും അടിയന്തരമായി ഉദ്യോഗസ്ഥ-ജനപ്രതിനിധികളുടെ യോഗം വിളിക്കുകയും ചെയ്യണം. മലയോര മേഖലകളില്‍ മുന്‍പ് ഉരുള്‍പൊട്ടലുണ്ടായ സ്ഥലങ്ങളിലേയും ഉരുള്‍പൊട്ടല്‍ സാധ്യത നിലനില്‍ക്കുന്ന സ്ഥലങ്ങളിലേയും ജനങ്ങളെ അടിയന്തിരമായി സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറ്റിപാര്‍പ്പിക്കണം.

ഡാമുകള്‍ തുറക്കുന്നതിനുമുന്‍പ് അതീവജാഗ്രതാ നിര്‍ദേശം നല്‍കണം. സമീപവാസികള്‍ക്ക് സുരക്ഷിതമായി ഒഴിഞ്ഞുപോകുന്നതിനുള്ള സാവകാശം ലഭിക്കുന്ന തരത്തില്‍ ഇതുമായി ബന്ധപ്പെട്ട അറിയിപ്പുകള്‍ പത്ര-ദൃശ്യ-ലോക്കല്‍ അനൗന്‍സ്‌മെന്‍റ് മുഖേന നല്‍കണം. ഡാം സുരക്ഷാഅതോറിറ്റിയുടേയും, ജല കമ്മീഷന്‍റേയും നിര്‍ദേശങ്ങള്‍ക്കും, മുന്നറിയിപ്പുകള്‍ക്കും അനുസൃതമായി ഡാമുകളുടെ ജലവിതാനം നിയന്ത്രിക്കുന്നതിനും, കൃത്യമായി റെഗുലേറ്റ് ചെയ്യുന്നതിനും നടപടിസ്വീകരിക്കണം. മരിച്ചവരുടെ കുടുംബാംഗങ്ങള്‍ക്ക് അടിയന്തിര ആശ്വാസധനസഹായം എത്തിക്കുകയും പരുക്കേറ്റവര്‍ക്ക് സൗജന്യ വൈദ്യസഹായം ലഭ്യമാക്കുകയും ചെയ്യണം. എല്ലാ വ്യത്യാസങ്ങളും മറന്നു ഒറ്റകെട്ടായി നമുക്ക് ഈ ദുരന്തകാലത്തെ അതിജീവിക്കാം.

#FloodAlertInKerala
#LetsStayTogether
#StaySafe
#നമ്മൾഒന്നിച്ച്