പ്രവാസി വ്യവസായി സാജന്റെ ആത്മഹത്യക്കുള്ള കാരണം കുടുംബ പ്രശ്നമെന്ന് വരുത്തി തീർക്കാൻ പോലീസ് ശ്രമമെന്ന് കണ്ണൂർ ഡിസിസി പ്രസിഡന്റ് സതീശൻ പാച്ചേനി. മുഖ്യമന്ത്രിയുടെയും സി പി എമ്മിന്റെയും താല്പര്യം സംരക്ഷിക്കാനാണ് അന്വേഷണ സംഘം ശ്രമിക്കുന്നതെന്നും സതീശൻ പാച്ചേനി കണ്ണൂരിൽ പറഞ്ഞു.
പ്രവാസി വ്യവസായി സാജന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് ആന്തൂർ നഗരസഭ അധ്യക്ഷയുടെ മൊഴിയെടുക്കുമെന്ന് പ്രഖ്യാപിച്ച അന്വേഷണ സംഘം ഇതുവരെയും പി കെ ശ്യാമളയുടെ മൊഴി എടുത്തിട്ടില്ല. കുടുംബത്തിന്റെ മൊഴി ആദ്യം രണ്ട് തവണ രേഖപ്പെടുത്തിയ അന്വേഷണ സംഘം പിന്നിട് സാജന്റെ മക്കളുടെ മൊഴി പ്രത്യേകം രേഖപ്പെടുത്തി. കുടുംബകലഹമാണ് ആത്മഹത്യയ്ക്ക് കാരണമെന്ന് വരുത്തി തീർക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും സതീശൻ പാച്ചേനി പറഞ്ഞു
സാജന്റെ നോട്ട് ബുക്കിൽ കുടുംബ രഹസ്യങ്ങൾ ഉണ്ടെന്ന പ്രചാരണം ഉണ്ടായി. പുതിയ നഗരസഭ സെക്രട്ടറിയായി ആന്തൂരിൽ നിന്ന് അകലെയുള്ള മട്ടന്നൂരിലെ നഗര സഭ സെക്രട്ടറിയെ നിയമിച്ചതിലും ദുരൂഹതയുണ്ട്.
മുഖ്യമന്ത്രിയുടെയും, സി പി എമ്മിന്റെയും താല്പര്യം സംരക്ഷിക്കുന്നതിന് വേണ്ടിയാണ് ഇപ്പോൾ പോലീസ് ശ്രമിക്കുന്നതെന്നും സതീശൻ പാച്ചേനി പറഞ്ഞു.
സാജന്റെ ആത്മഹത്യയ്ക്ക് കാരണക്കാരായവരെ സംരക്ഷിക്കുന്ന സർക്കാർ നയത്തിനെതിരെ ഈ മാസം 5 ന് ജില്ലാ കോൺഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തിൽ കലക്ട്രേറ്റിന് മുന്നിൽ ധർണ സംഘടിപ്പിക്കും. ആന്തൂർ നഗരസഭയുടെ തെറ്റായ നടപടികൾക്കെതിരെ ഈ മാസം 13, 14 തീയതികളിൽ ഡിസിസിയുടെ നേതൃത്വത്തിൽ പ്രക്ഷോഭ പദയാത്ര സംഘടിപ്പിക്കും.