പ്രളയത്തിന് ശേഷം സർക്കാർ രൂപീകരിച്ച റീബിൽഡ് കേരള പദ്ധതി പരാജയപ്പെട്ടുവെന്ന് ചൂണ്ടിക്കാട്ടി നിയമസഭയിൽ പ്രതിപക്ഷത്തിന്റെ അടിയന്തര പ്രമേയത്തിന് സ്പീക്കർ അനുമതി നിഷേധിച്ചു. സർക്കാരിന്റെ പിടിപ്പുകേട് പ്രതിപക്ഷത്തിന്റെ തലയിൽ കെട്ടിവെക്കാനാണ് മുഖ്യമന്ത്രി ശ്രമിക്കുന്നതെന്ന് പ്രതിപക്ഷം ആരോപിച്ചു. അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചതിനെ തുടർന്ന് പ്രതിപക്ഷം സഭയിൽ നിന്നിറങ്ങി പോയി.
പ്രളയബാധിതർക്ക് 10 മാസം കഴിഞ്ഞിട്ടും ആശ്വാസമെത്തിക്കാൻ സർക്കാരിന് സാധിച്ചില്ലെന്ന് ചൂണ്ടിക്കാട്ടി വി.ഡി സതീശൻ എം.എൽ.എയാണ് അടിയന്തര പ്രമേയത്തിന് അനുമതി തേടിയത്. പ്രളയ പുനർനിർമാണത്തിൽ വീഴ്ച വരുത്തിയ സർക്കാരിനെതിരെ രൂക്ഷ വിമർശനമാണ് പ്രതിപക്ഷം സഭയിൽ ഉന്നയിച്ചത്. പ്രളയാനന്തര കേരളത്തിന്റെ പുനർനിർമാണത്തിന് പകരം റീബിൽഡ് കേരളയുടെ ഓഫീസ് മോടിപിടിപ്പിക്കുവാൻ സർക്കാർ ചെലവഴിച്ചത് 85 കോടി രൂപയാണെന്ന് വി.ഡി സതീശൻ സഭയിൽ പറഞ്ഞു. പ്രളയം ആദ്യം നിയമസഭയിൽ ചർച്ച ചെയ്തപ്പോൾ 17,500 വീടുകൾ തകർന്നെന്നാണ് മുഖ്യമന്ത്രി അന്ന് നിയമസഭയിൽ പറഞ്ഞത്. എന്നാൽ ഇന്ന് പറയുന്നത് 15,000 വീടുകളാണ് തകർന്നുവെന്നാണ്. ഇതിൽ തന്നെ സർക്കാരിന്റെ കെടുകാര്യസ്ഥത പ്രകടമാണെന്നും ജീവിതകാലത്തെ സമ്പാദ്യം മുഴുവൻ നഷ്ടപ്പെട്ട് ദുരിതമനുഭവിക്കുന്നവരുടെ കണ്ണുനീരിൽ ഈ സർക്കാർ ഒലിച്ചുപോകുമെന്നും വി.ഡി സതീശൻ സഭയില് പറഞ്ഞു.
എന്നാൽ പ്രതിപക്ഷത്തിന്റെ ചോദ്യങ്ങൾക്കല്ല മുഖ്യമന്ത്രി മറുപടി നൽകിയത്. ചാനലിന് ഇംപാക്ട് ഉണ്ടാക്കി കൊടുക്കാനാണ് വിഷയം സഭയിലുന്നയിച്ചതെന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. അതേ സമയം പൂർണമായും വീട് തകർന്നവർക്ക് താമസിക്കാൻ സൗകര്യമൊരുക്കുമെന്നായിരുന്നു മുഖ്യമന്ത്രി സഭയിൽ പറഞ്ഞത്. എന്നാൽ അതിന് വിപരീതമാണ് മുഖ്യമന്ത്രിയുടെ ഇന്നത്തെ വാക്കുകളെന്ന് തുടർന്ന് സംസാരിച്ച പ്രതിപക്ഷ നേതാവ് പറഞ്ഞു. പ്രളയം നാശംവിതച്ച് ഒരു വർഷം കഴിഞ്ഞിട്ടും ദുരിതമനുഭവിക്കുന്നവർക്ക് സഹായം നൽകാനോ റീബിൽഡ് കേരള പദ്ധതി ആരംഭിക്കാനോ കഴിയാത്ത മുഖ്യമന്ത്രിയാണ് കേരളത്തിലേത്. ലോകം മുഴുവൻ അഭിനന്ദിച്ചത് സർക്കാരിനേയല്ല, ജനങ്ങളേയാണെന്നും ചെന്നിത്തല പറഞ്ഞു.
മുഖ്യമന്ത്രിയുടെ വിശദീകരണത്തിന്റെ അടിസ്ഥാനത്തിൽ സ്പീക്കർ അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചു. അടിയന്തര പ്രാധാന്യമുള്ള വിഷയം ചാനൽ ഇംപാക്ടിനായാണെന്ന് അധിക്ഷേപിച്ച മുഖ്യമന്ത്രിയുടെ നിലപാടിൽ പ്രതിഷേധിച്ച് പ്രതിപക്ഷം സഭ വിട്ടിറങ്ങി.