പൊലീസിലെ പോസ്റ്റല്‍ വോട്ട് ക്രമക്കേട്: അന്വേഷണം വൈകുന്നതില്‍ ഹൈക്കോടതിക്ക് അതൃപ്തി

Jaihind Webdesk
Monday, June 10, 2019

Police-Postal-Vote-Issue

കൊച്ചി: പൊലീസിലെ പോസ്റ്റല്‍ ബാലറ്റ് ക്രമക്കേടിനെപ്പറ്റിയുള്ള അന്വേഷണത്തില്‍ ക്രൈം ബ്രാഞ്ചിന്റെ അന്തിമ റിപ്പോര്‍ട്ട് വൈകുന്നതില്‍ ഹൈക്കോടതിക്ക് അതൃപ്തി. ഇന്ന് കേസ് പരിഗണിച്ച കോടതി പൊലീസിന്റെ നടപടിയില്‍ അതൃപ്തി രേഖപ്പെടുത്തി. ക്രമക്കേടില്‍ നടപടി ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയാണ് ഹര്‍ജി നല്‍കിയത്. പൊലീസുകാരുടെ പോസ്റ്റല്‍ ബാലറ്റില്‍ ക്രമക്കേട് നടത്തിയതിനെപ്പറ്റി അന്വേഷണം ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല സമര്‍പ്പിച്ച ഹര്‍ജിയിലാണ് സര്‍ക്കാര്‍ അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് കോടതിക്ക് കൈമാറിയത്.

ലോകസഭ തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനം കഴിഞ്ഞ് പതിനഞ്ച് ദിവസത്തിനകം അന്വേഷണം പൂര്‍ത്തിയാക്കുമെന്ന് സര്‍ക്കാരും നേരത്തെ കോടതിയെ അറിയിച്ചിരുന്നു. എന്നാല്‍ അതുണ്ടായില്ല. അതേസമയം ക്രമക്കേടില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ സര്‍ക്കാര്‍ കൂടുതല്‍ സമയം തേടി. കേസില്‍ അന്വേഷണം പുരോഗമിക്കുന്നുണ്ടെന്ന് കോടതിയെ അറിയിച്ച സര്‍ക്കാര്‍ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ചില രേഖകള്‍ ഇനിയും കിട്ടാനുണ്ടെന്നും അതിനാലാണ് അന്വേഷണം നീളുന്നതെന്നും ബോധിപ്പിച്ചു.

ഇതേത്തുടര്‍ന്ന് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബഞ്ച് കേസ് പരിഗണിക്കുന്നത് ഈ മാസം 18ലേക്ക് മാറ്റി. ലോക്സഭാ തെരഞ്ഞെടുപ്പില്‍ പൊലീസുകാരുടെ പോസ്റ്റല്‍ ബാലറ്റുകളില്‍ പൊലീസ് അസോസിയേഷന്‍ നേതാക്കള്‍ ക്രമക്കേട് നടത്തിയെന്ന് ആരോപണമുയര്‍ന്നിരുന്നു. ഇതേപ്പറ്റി വിശദമായ അന്വേഷണം ആവശ്യപ്പെട്ടാണ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഹൈക്കോടതിയെ സമീപിച്ചത്.