കോണ്‍ഗ്രസുമായി സഹകരിക്കില്ലെന്ന നിലപാടില്‍ കാര്യമില്ലെന്നും ബിജെപിക്കെതിരെ ഒന്നിച്ചു നില്‍ക്കണമെന്നും സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. പൊതുതെരഞ്ഞെടുപ്പില്‍ തമിഴ്നാട്ടില്‍ കണ്ട ഫലം ശ്രദ്ധിച്ചാല്‍ ഇത് മനസ്സിലാകുമെന്നും യെച്ചൂരി കേന്ദ്രകമ്മിറ്റിയിൽ വ്യക്തമാക്കി. തമിഴ്നാട്ടിൽ കോണ്‍ഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി സിപിഎം സ്ഥാനാര്‍ത്ഥിയ്ക്ക് വേണ്ടി പ്രചാരണം നടത്തി എന്നത് ശ്രദ്ധേയമായ കാര്യമാണെന്നും കോൺഗ്രസും കോൺഗ്രസ് ഇതര കക്ഷികളുമെന്ന നിലപാടല്ല പ്രധാനമെന്നും ഹിന്ദുത്വ ശക്തികളുടെ വെല്ലുവിളികള്‍ക്കെതിരായ നിലപാടുള്ള രാഷ്ട്രീയ കക്ഷികളും പ്രസ്ഥാനങ്ങളും ഒരുമിച്ച് നില്‍ക്കുകയാണ് വേണ്ടതെന്നും യെച്ചൂരി ആവശ്യപ്പെട്ടു.
തെരഞ്ഞെടുപ്പ് ഫലം അവലോകനം ചെയ്യാനായി ഡല്‍ഹിയില്‍ ചേരുന്ന കേന്ദ്രകമ്മിറ്റിയില്‍ 22 പേജുള്ള റിപ്പോര്‍ട്ട് അവതരിപ്പിച്ചു കൊണ്ടാണ് കോൺഗ്രസ് ബന്ധത്തെ പിന്തുണച്ച് യെച്ചൂരി സംസാരിച്ചത്. മതനിരപേക്ഷതയ്ക്കും ഭരണഘടനയ്ക്കും ഹിന്ദുത്വ ശക്തികള്‍ ഉയര്‍ത്തുന്ന വെല്ലുവിളി, നവ ഉദാരവത്കരണ സാമ്പത്തിക നയങ്ങള്‍ മൂലം വൻകിട കോര്‍പ്പറേറ്റുകള്‍ ഉണ്ടാക്കുന്ന നേട്ടം, ഭരണഘടനാ സ്ഥാപനങ്ങള്‍ നേരിടുന്ന കടന്നാക്രമണം, ജനാധിപത്യ അവകാശങ്ങള്‍ നേരിടുന്ന വെല്ലുവിളി എന്നിങ്ങനെ നാല് വെല്ലുവിളികളാണ് പ്രധാനമായും പാര്‍ട്ടിയ്ക്ക് മുന്നിലുള്ളതെന്നും യെച്ചൂരി റിപ്പോര്‍ട്ടിൽ പറയുന്നു
അതേസമയം, തിരിച്ചടി താല്‍ക്കാലികമാണെന്ന് കേരള ഘടകം കേന്ദ്രകമ്മിറ്റിയെ അറിയിച്ചു. രാഷ്ട്രീയ തിരിച്ചടിയാണ് ഉണ്ടായതെന്നും സംഘടനപരമായി വീഴ്ചപറ്റിയിട്ടില്ലെന്നുമാണ് കേരള ഘടകത്തിന്റെ വിശദീകരണം. എന്നാല്‍ വിശ്വാസികളെ തെറ്റിദ്ധരിപ്പിച്ചത് കാരണം അനുഭാവി വോട്ടുകള്‍ നഷ്ടമായെന്ന് കേരള ഘടകം സമ്മതിക്കുന്നു. വരാനിരിക്കുന്ന നിയമസഭാ ഉപതെരഞ്ഞെടുപ്പില്‍ ഇത്തവണ ചോര്‍ന്നുപോയ വോട്ടുകളും ന്യൂനപക്ഷ പിന്തുണയും വീണ്ടെടുക്കാന്‍ ആകുമെന്നാണ് സംസ്ഥാന നേതൃത്വം നല്‍കിയിരിക്കുന്ന ഉറപ്പ്. കേരള ഘടകത്തിന് വേണ്ടി എളമരം കരീമാണ് സംസാരിച്ചത്.
ഇന്നലെ തുടങ്ങിയ കേന്ദ്രകമ്മിറ്റി ഇന്നും തുടരും. പാര്‍ട്ടി നേരിട്ട തോല്‍വിയുടെ ഉത്തരവാദിത്വം ഏറ്റെടുത്ത് യെച്ചൂരി നേരത്തെ രാജി സന്നദ്ധത അറിയിച്ചിരുന്നു. കേന്ദ്രകമ്മിറ്റിയിലും ഇത് പ്രതിപാദിച്ചേക്കാമെങ്കിലും യെച്ചൂരിയുടെ നിര്‍ദ്ദേശം തള്ളിക്കളയുമെന്നാണ് വിലയിരുത്തല്‍. കോണ്‍ഗ്രസ് ബന്ധത്തെ എതിര്‍ക്കുന്ന നിലപാടുകളാണ് എപ്പോഴും കാരാട്ടും കേരള ഘടകവും സ്വീകരിക്കുന്നത്. എന്നാല്‍ തമിഴ്നാട്ടിലെ വിജയം യെച്ചൂരിപക്ഷത്തിന്റെ നിലപാടുകളെ സാധൂകരിക്കുന്നതാണ്. 2014ല്‍ 29.93ശതമാനം ഉണ്ടായിരുന്ന വോട്ട് വിഹിതം 2019ല്‍ 7.46ലേയ്ക്ക് കൂപ്പ് കുത്തിയത് കാരാട്ട്-പിണറായി പക്ഷത്തിന്റെ നിലപാടിന്റെ പരാജയമായാണ് നിരവധി പേര് കണക്കാക്കുന്നത്.