വയലിനിസ്റ്റ് ബാലഭാസ്‌കറിന്‍റെ മരണത്തില്‍ ദുരൂഹതയേറ്റി ജ്യൂസ് കട ഉടമയുടെ മൊഴി. മരണം അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് സംഘത്തിനാണ് കട ഉടമ മൊഴി നല്‍കിയത്. ജ്യൂസ് കുടിച്ച കടയില്‍ നിന്നും സിസിടിവി ദൃശ്യങ്ങള്‍ പ്രകാശ് തമ്പി ശേഖരിച്ചുവെന്ന് കട ഉടമ മൊഴി നല്‍കി. അപകടത്തിന് മുമ്പ് ബാലഭാസ്കറും കുടുംബവും എത്തിയതിന്‍റെ ദൃശ്യങ്ങളാണ് ശേഖരിച്ചത്. കൊല്ലത്തിനടുത്ത് പള്ളിമുക്ക് എന്ന സ്ഥലത്തുനിര്‍ത്തി ജ്യൂസ് കുടിച്ചശേഷം ബാലഭാസ്‌കറാണ് വാഹനം ഓടിച്ചതെന്ന് അര്‍ജുന്‍ നേരത്തെ പറഞ്ഞിരുന്നു. അതിനാല്‍ തന്നെ വാഹനം ഓടിച്ചിരുന്നത് ആരാണെന്ന് കണ്ടെത്തുന്നതില്‍ സിസിടിവി ദൃശ്യങ്ങള്‍ക്ക് നിര്‍ണായക പങ്കാണ് ഉള്ളത്. ഈ ദൃശ്യങ്ങള്‍ നശിപ്പിച്ചതായാണ് സംശയം. ഹാര്‍ഡ് ഡിസ്ക് പരിശോധനയ്ക്ക് അയച്ചു. എന്നാല്‍ പിന്നീട് മാധ്യമങ്ങളെ കണ്ട കടയുടമ ഇക്കാര്യങ്ങള്‍ നിഷേധിച്ചു. പ്രകാശ് തമ്പിയെ അറിയില്ലെന്നും കടയില്‍ വന്നിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. സിസിടിവി ദൃശ്യങ്ങള്‍ കൊണ്ടുപോയത് പൊലീസാണെന്നും ഷംനാദ് പറഞ്ഞു.
അപകടസമയത്ത് വാഹനമോടിച്ചത് അര്‍ജുന്‍ തന്നെയാണെന്ന് സ്ഥിരീകരിക്കുന്ന മൊഴി ദൃക്സാക്ഷികളില്‍ നിന്നും ലഭിച്ചിരുന്നു. ബാലഭാസ്കറിന്‍റെ ഭാര്യ ലക്ഷ്മിയും ഇക്കാര്യം വ്യക്തമാക്കിയിരുന്നു. അപകടമുണ്ടായ സമയത്ത് അര്‍ജുന്‍ വാഹനമോടിച്ചത് അമിത വേഗതയിലായിരുന്നുവെന്നതിനും തെളിവ് ലഭിച്ചിട്ടുണ്ട്. ചാലക്കുടിയില്‍ നിന്നും 231 കിലോമീറ്റര്‍ ദൂരം സഞ്ചരിച്ച് കഴക്കൂട്ടത്ത് എത്താനെടുത്തത് 2 മണിക്കൂറും 37 മിനിറ്റും മാത്രമായിരുന്നു. സ്പീഡ് ക്യാമറാ ദൃശ്യങ്ങളില്‍ നിന്നാണ് ഈ തെളിവ് ലഭിച്ചത്.