നിപയുടെ യഥാർത്ഥ ഉറവിടം കണ്ടെത്താൻ ഇനിയും സാധിച്ചില്ല; ജാഗ്രത തുടരണം : രമേശ് ചെന്നിത്തല

Jaihind Webdesk
Monday, June 3, 2019

Ramesh-Chennithala

നിപയുടെ യഥാർത്ഥ ഉറവിടം കണ്ടെത്താൻ ഇനിയും സാധിച്ചില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. നിപ വൈറസുമായി ബന്ധപ്പെട്ട് ജാഗ്രത തുടരണമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

വൈകീട്ടോടെ എറണാകുളത്ത് നിപ സംശയിച്ച് ചികിത്സയിലുള്ള വിദ്യാർത്ഥിയുടെ പരിശോധനഫലം പുറത്തുവരും. പൂനെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നുള്ള ഫലമാണ് പുറത്തുവരുക. ആരോഗ്യ സെക്രട്ടറി വിളിച്ച ഉന്നതതല യോഗം കൊച്ചിയിൽ ചേർന്നു. നിപ വൈറസ് ബാധയുണ്ടെന്ന സംശയത്തിന്‍റെ അടിസ്ഥാനത്തിൽ എല്ലാ മുൻകരുതലും എടുത്തിട്ടുണ്ടെന്ന് ആരോഗ്യ വകുപ്പ് സെക്രട്ടറി രാജൻ ഖോബ്രഗഡെ അറിയിച്ചു. പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാണ്. ജില്ലയിൽ അതീവ ജാഗ്രത. ഏതെങ്കിലും ആശുപത്രിയിൽ സമാന രോഗലക്ഷണങ്ങളോടെ ആരെങ്കിലും എത്തിയാൽ മതിയായ ചികിത്സക്കുള്ള ക്രമീകരണം ഏർപ്പെടുത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, രോഗലക്ഷണങ്ങളോടെ ആരെങ്കിലും എത്തിയാൽ ചികിത്സക്കായി കളമശ്ശേരി മെഡി.കോളേജിൽ ക്രമീകരണം ഏർപ്പെടുത്തിയിട്ടുണ്ടെന്ന് എറണാകുളം ജില്ലാ കളക്ടർ മുഹമ്മദ്. വൈ.സഫിറുള്ള. ബോധവത്കരണ പ്രവർത്തനങ്ങൾ ജില്ലയിലാകെ ഊർജിതമാണ്. സംശയാസ്പദമായ കേസുകൾ പരിശോധിക്കാൻ പ്രത്യേക മെഡിക്കൽ സംഘം സജ്ജമാണെന്നും അദ്ദേഹം പറഞ്ഞു.