എറണാകുളത്ത് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലുള്ള രോഗിക്ക് നിപ വൈറസ് ബാധയുള്ളതായി സംശയിക്കുന്നതായി ആരോഗ്യമന്ത്രി കെ.കെ ശൈലജ. രോഗലക്ഷണങ്ങളില്‍ ചിലത് സ്ഥിരീകരിച്ചിട്ടുണ്ടെന്നും എന്നാല്‍ പരിഭ്രമിക്കേണ്ട സാഹചര്യമില്ലെന്നും മന്ത്രി അറിയിച്ചു.പുനെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലെ ടെസ്റ്റ് ഫലം വന്നാല്‍ മാത്രമേ ഇത് ഉറപ്പിക്കാനാവൂ എന്നും കെ.കെ ശൈലജ അറിയിച്ചു.
അതേസമയം നിപ രോഗബാധ സംശയിക്കുന്ന സാഹചര്യത്തില്‍ ജാഗ്രതയിലാണ് ആരോഗ്യവകുപ്പ്. ആരോഗ്യവകുപ്പ് സെക്രട്ടറി കൊച്ചിയില്‍ അടിയന്തര യോഗം വിളിച്ചു. കളക്ടറും യോഗത്തില്‍ പങ്കെടുക്കും. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ നിന്ന് ഡോക്ടര്‍മാർ കൊച്ചിയിലെത്തും. രോഗിയുടെ സ്വദേശമായ വടക്കന്‍ പറവൂരിലും ജാഗ്രതാ നിർദേശം നല്‍കിയിട്ടുണ്ട്.
നിപ രോഗം ഉണ്ടോ എന്നറിയാനായി നടത്തിയ ലാബ് പരിശോധനാ ഫലം ഉച്ചയോടെ പുറത്തുവരും. പുനെ വൈറോളജി ഇൻസ്റ്റ്യൂട്ടിലാണ് ടെസ്റ്റ് നടത്തുന്നത്. മുൻകരുതൽ നടപടികളുടെ ഭാഗമായി കളമശേരി മെഡിക്കൽ കോളേജിൽ അഞ്ച് ഐസൊലേറ്റേഡ് വാർഡുകൾ സജീകരിച്ചിട്ടുണ്ട്.
തൃശൂരിലെ സ്വകാര്യ സ്ഥാപനത്തിൽ ഇന്റേൺഷിപ്പ് ചെയ്തിരുന്ന 21കാരനായ എറണാകുളം വടക്കന്‍ പറവൂര്‍ സ്വദേശിയാണ് നിരീക്ഷണത്തിൽ കഴിയുന്നത്. രോഗിയുടെ സ്രവം നാഷണൽ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലേക്കും മണിപ്പാലിലേക്കും അയച്ചിട്ടുണ്ട്. തൃശൂരിലും ആരോഗ്യ വകുപ്പ് ജാഗ്രതയിലാണ്. യുവാവ് ഇന്റേൺഷിപ്പിനെത്തിയ സ്ഥാപനവും ഒപ്പം ജോലി ചെയ്തവരും നിരീക്ഷണത്തിലുണ്ട്.