ഒഡീഷ തീരത്തു വീണ്ടും ന്യൂനമർദം രൂപപ്പെട്ടതിനെ തുടര്‍ന്ന് സംസ്ഥാനത്ത് മഴ അഞ്ച് ദിവസത്തേക്ക് കൂടി തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം. ഇന്നും നാളെയും 12 മുതൽ 20 സെ.മീ. വരെ ശക്തമായ മഴയ്ക്കും സാധ്യതയെന്ന് മുന്നറിയിപ്പ്.
https://www.youtube.com/watch?v=8lNR8-8oMjg
മണിക്കൂറിൽ 55 കി.മീ. വേഗത്തിൽ കാറ്റ് വീശുമെന്നതിനാൽ അറബിക്കടലിന്റെ മധ്യഭാഗത്തും തെക്കുപടിഞ്ഞാറൻ ഭാഗങ്ങളിലും മത്സ്യബന്ധനത്തിന് വിലക്ക് ഏർപ്പെടുത്തി. മഴ തുടരുന്ന സാഹചര്യത്തിൽ എട്ട് ജില്ലകളിൽ ദുരന്തനിവാരണ അതോറിറ്റി പ്രഖ്യാപിച്ച ജാഗ്രതാനിർദേശം തുടരും. ആലപ്പുഴ, കണ്ണൂർ ജില്ലകളിൽ ഇന്നു കൂടിയും വയനാട്, ഇടുക്കി ജില്ലകളിൽ നാളെക്കൂടിയുമാണ് അതിജാഗ്രതാ നിർദേശം. എറണാകുളം, പാലക്കാട്, മലപ്പുറം, കോഴിക്കോട് ജില്ലകളിൽ ഇന്നു മുതൽ ഓറഞ്ച് അലെർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
പമ്പാ നദിയിലെ നീരൊഴുക്കിന്റെ തീവ്രത കുറഞ്ഞെങ്കിലും അപ്പർ കുട്ടനാട്ടിൽ വെള്ളപ്പൊക്കക്കെടുതി രൂക്ഷമാണ്. താഴ്ന്ന പ്രദേശങ്ങളിൽ ജലനിരപ്പ് ഉയരുകയാണ്. പമ്പാ ഡാമിന്റെ ആറ് ഷട്ടറുകളിൽ രണ്ടെണ്ണം അടച്ചു. കക്കി അണക്കെട്ടിന്റെ ഷട്ടറുകൾ ഒരടി തുറന്നിരുന്നത് അരയടിയായി കുറച്ചു. മൂഴിയാർ അണക്കെട്ടിന്റെ രണ്ടു ഷട്ടറുകൾ തുറന്ന നിലയിലാണ്. രണ്ടിടത്തും വെള്ളം പരമാവധി സംഭരണശേഷിയിലാണ്. ഇടമലയാർ അണക്കെട്ടിന്റെ ഒരു ഷട്ടർ കൂടി ഉയർത്തി. രണ്ട് ഷട്ടറുകളിൽനിന്ന് വെള്ളം എത്തിയതോടെ പെരിയാറിലെ ജലനിരപ്പ് വീണ്ടും ഉയർന്നു.
ഉരുൾപൊട്ടൽ സാധ്യത കണക്കിലെടുത്ത് രാത്രികളിൽ മലയോര മേഖലയിലേക്കുള്ള യാത്ര പരിമിതപ്പെടുത്തണമെന്ന നിർദേശം നിലനിൽക്കുന്നു. ബീച്ചുകള്‍ക്ക് സമീപം കടലില്‍ ഇറങ്ങുന്നതിന് വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. ജലനിരപ്പ് ഉയരാൻ സാധ്യതയുള്ളതിനാൽ പുഴകളിലും ചാലുകളിലും വെള്ളക്കെട്ടിലും ഇറങ്ങാതിരിക്കാൻ ശ്രദ്ധിക്കണം. മലയോര മേഖലയിലെ റോഡുകൾക്കു കുറുകെയുള്ള ചെറിയ ചാലുകളിലൂടെ മലവെള്ളപ്പാച്ചിലിന് സാധ്യതയുള്ളതിനാൽ അത്തരം പ്രദേശങ്ങളില്‍ വാഹനങ്ങൾ നിർത്തരുതെന്നും നിര്‍ദേശമുണ്ട്.