ലോക്സഭാ തെരഞ്ഞെടുപ്പിന്റെ ആറാം ഘട്ട വോട്ടെടുപ്പിന് തുടക്കമായി. ഇന്ന് ഏഴ് സംസ്ഥാനങ്ങളിലെ 59 മണ്ഡലങ്ങളാണ് വിധിയെഴുതുന്നത്. ബിഹാർ, മദ്ധ്യപ്രദേശ്, പശ്ചിമ ബംഗാൾ, ജാർഖണ്ഡ്, ഉത്തർപ്രദേശ്, ഹരിയാന, ഡൽഹി സംസ്ഥാനങ്ങളിലാണ് വോട്ടെടുപ്പ്.
ബിഹാർ, മധ്യപ്രദേശ്, പശ്ചിമ ബംഗാൾ സംസ്ഥാനങ്ങളിലെ 8 വീതം മണ്ഡലങ്ങൾ. ഹരിയാനയിലെ 10 മണ്ഡലങ്ങള്‍, ഡൽഹിയിലെ 7 മണ്ഡലങ്ങള്‍, ഉത്തർപ്രദേശിലെ 14 മണ്ഡലങ്ങള്‍, ജാർഖണ്ഡിലെ 4 മണ്ഡലങ്ങളിലുമാണ് വോട്ടെടുപ്പ്. ത്രിപുര വെസ്റ്റ് മണ്ഡലത്തിലെ 168 ബൂത്തുകളിൽ റീപോളിംഗും നടക്കുന്നുണ്ട്. 979 സ്ഥാനാർത്ഥികളാണ് മത്സര രംഗത്തുള്ളത്.
ഹിന്ദി ഹൃദയഭൂമിയിലെ മണ്ഡലങ്ങളിൽ ബി.ജെ.പി-കോൺഗ്രസ് നേർക്കുനേർ പോരാട്ടമാണ്.
യു.പിയിൽ 2009ൽ ജയിച്ച നാലു മണ്ഡലങ്ങൾ തിരിച്ചു പിടിക്കാനാണ് കോൺഗ്രസ് പോരാട്ടം. എ.എ.പി-കോൺഗ്രസ്-ബി.ജെ.പി ത്രികോണ മത്സരത്തിനാകും തലസ്ഥാന നഗരമായ ഡൽഹി വേദിയാവുക എന്ന് പറയുമ്പോഴും പ്രചരണപ്രവർത്തനങ്ങളിൽ കണ്ട ആത്മവിശ്വാസത്തിൽ കോൺഗ്രസ് തന്നെയാണ് മുൻപന്തിയിൽ.
മുൻ മുഖ്യമന്ത്രിമാരായ ഷീല ദീക്ഷിത്, ദിഗ് വിജയ് സിംഗ്, അഖിലേഷ് യാദവ്, ഭൂപീന്ദർ സിംഗ് ഹൂഡ, കേന്ദ്ര മന്ത്രിമാരായ മനേകാ ഗാന്ധി, രാധാമോഹൻസിംഗ്, നരേന്ദ്രസിംഗ് തോമർ എന്നിവരാണ് ആറാം ഘട്ടത്തിൽ ജനവിധി തേടുന്ന പ്രമുഖർ. ആറാം ഘട്ട തെരഞ്ഞെടുപ്പ് പൂർത്തിയാകുന്നതോടെ ഇരുപത്തി രണ്ട് സംസ്ഥാനങ്ങളിലെയും ആറ് കേന്ദ്ര ഭരണ പ്രദേശങ്ങളിലെയും 483 സീറ്റുകളിൽ വോട്ടെടുപ്പ് പൂർത്തിയാകും.