കൊല്‍ക്കത്ത: ബംഗാളില്‍ തൃണമുല്‍ കോണ്‍ഗ്രസിനെയും മമതയെയും തോല്‍പ്പിക്കാന്‍ അടവെല്ലാം പയറ്റുകയാണ് സി.പി.എമ്മും കേന്ദ്രം ഭരിക്കുന്ന ബി.ജെ.പിയും. രണ്ടുകൂട്ടരുടെയും പ്രധാന എതിരാളി മമത ബാനര്‍ജിയാണ് എന്നിടത്തുനിന്ന് സി.പി.എം – ബി.ജെ.പി കൂട്ടായ്മ ആരംഭിക്കുന്നു. ഈ തെരഞ്ഞെടുപ്പിലും നിലംതൊടില്ലായെന്ന് വ്യക്തമായതോടെ സി.പി.എമ്മിന്റെ രഹസ്യ പിന്തുണയോടെയാണ് ബി.ജെ.പിയുടെ പോരാട്ടം. മറ്റ് വടക്കന്‍ സംസ്ഥാനങ്ങളെ അപേക്ഷിച്ച് ബി.ജെ.പിക്ക് ബംഗാളിലുള്ള സാന്നിദ്ധ്യം തുലോംതുച്ഛമാണ്. ഈ സാഹചര്യത്തിലാണ് സി.പി.എം പ്രവര്‍ത്തകര്‍ ബി.ജെ.പിയെ സഹായിക്കാന്‍ തയ്യാറായതെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ബി.ജെ.പി കേന്ദ്രങ്ങള്‍ ഇതിനെ ശരിവെയ്ക്കുകയും ചെയ്യുന്നുണ്ട്. ‘അപ്രതീക്ഷിത കേന്ദ്രങ്ങളില്‍’ നിന്നുള്ള പിന്തുണ തങ്ങള്‍ക്ക് ലഭിക്കുന്നുണ്ടെന്ന് ബി.ജെ.പി തെരഞ്ഞെടുപ്പ് ചുമതലയുള്ള നേതാക്കള്‍ തന്നെ സമ്മതിക്കുന്നുണ്ട്.
തൃണമുല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ അക്രമങ്ങളിലും ഭീഷണിയിലും മനംമടുത്ത സി.പി.എം ബൂത്ത് ലെവല്‍ പ്രവര്‍ത്തകര്‍ ബി.ജെ.പിയെ സഹായിക്കാന്‍ രംഗത്തുവരികയാണ്. സി.പി.എമ്മിന് ഇപ്പോഴും പിന്തുണയുള്ള ഏതാനും ചില മണ്ഡലങ്ങളില്‍ ബി.ജെ.പിക്ക് വോട്ട് നല്‍കണമെന്ന രഹസ്യ ക്യാമ്പയിനുകള്‍ സി.പി.എം പ്രവര്‍ത്തകരുടെ ഭാഗത്തുനിന്നുണ്ടാകുന്നുണ്ട്.
വടക്കന്‍ കൊല്‍ത്തത്ത ലോക്സഭാമണ്ഡലത്തിലെ തൃണമുല്‍ സ്ഥാനാര്‍ത്ഥി സുദീപ് ബന്ധോബാധ്യായിക്കെതിരെ ബി.ജെ.പി സി.പി.എം ക്യാമ്പയിനുകള്‍ ഒരുമിച്ചാണ്. 1862 ബൂത്തുകളുള്ള ഈ മണ്ഡലത്തില്‍ ബി.ജെ.പിക്ക് 500 ഓളം ബൂത്ത് ലെവല്‍ പ്രവര്‍ത്തകരാണുള്ളത്. ഇതോടെയാണ് സി.പി.എം പ്രവര്‍ത്തകരുടെ സഹായം ഇവിടെയുണ്ടായിരിക്കുന്നത്.
ഇതിനെതിരെ സി.പി.എമ്മിന്റെ പോളിറ്റ് ബ്യൂറോ അംഗങ്ങള്‍ തന്നെ മുന്നറിയിപ്പുമായി രംഗത്തെത്തിയിട്ടും സാധാരണ പ്രവര്‍ത്തകര്‍ക്ക് കുലുക്കമില്ല. തൃപുരയിലെ ദുരന്തം ഇവര്‍ക്ക് പാഠമാകുന്നില്ല എന്ന് പറയുന്നത് തൃപുര മുന്‍മുഖ്യമന്ത്രി മണിക് സര്‍ക്കാര്‍ തന്നെയാണ്. ‘തൃണമുല്‍ കോണ്‍ഗ്രസിനെ എതിര്‍ക്കാന്‍ ബി.ജെ.പിയെ തെരഞ്ഞെടുക്കരുത്. ത്രിപുരയിലേക്ക് നോക്കൂ.. അധികാരത്തിലേറെ 14 മാസത്തിനകം ബംഗാളില്‍ തൃണമുല്‍ ചെയ്തതിന്റെ ഇരട്ടി ഭീകരതയാണ് സൃഷ്ടിച്ചത്. ബി.ജെ.പിയെ ക്ഷണിക്കരുത് ആത്മഹത്യാപരമായ തീരുമാനമായിരിക്കും അത്’ -ത്രിപുര മുന്‍മുഖ്യമന്ത്രി മണിക് സര്‍ക്കാര്‍ ബംഗാളിലെ തെരഞ്ഞെടുപ്പ് പ്രചാരണ വേളയില്‍ പറഞ്ഞു.
മമമതയും ഇതിനെക്കുറിച്ച് തന്റെ പ്രവര്‍ത്തകര്‍ക്ക് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ‘സി.പി.എമ്മുകാര്‍ വീണ്ടും അത് ആവര്‍ത്തിക്കുകയാണ് അവര്‍ നമ്മുടെ ശത്രുക്കളെ സഹായിക്കുകയാണ്.. അവരെ സൂക്ഷിക്കുക.. ജാഗ്രത പാലിക്കുക.’ തന്റെ പ്രസംഗങ്ങളില്‍ മമത ആവര്‍ത്തിക്കുന്നു.
ഓരോദിവസവും സി.പി.എമ്മിന്റെ രാഷ്ട്രീയ നില ബംഗാളില്‍ പരുങ്ങലില്‍ ആകുന്നതായാണ് പുറത്തുവരുന്ന വാര്‍ത്തകള്‍. ബി.ജെ.പി സഹായിക്കുന്നതോടെ പാര്‍ട്ടിക്ക് അവശേഷിക്കുന്ന ഏതാനും ചില വോട്ട്പോക്കറ്റുകളെ കൂടി നശിപ്പിക്കുകയാണെന്ന് രാഷ്ട്ട്രീയ നിരീക്ഷകര്‍ കണക്കുക്കൂട്ടുന്നു.