‘പ്രധാനമന്ത്രിയെ കാണണമെങ്കില്‍ അനിൽ അംബാനിയുടെ വീടിന് മുന്നിൽ നോക്കൂ, ക്യൂവില്‍ ഒന്നാമതായി മോദിയെ കാണാം’ : രാഹുൽ ഗാന്ധി

Wednesday, May 8, 2019

നരേന്ദ്ര മോദി പണക്കാരുടെ പ്രധാനമന്ത്രിയെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. രാജ്യത്തെ ദുരിതം അനുഭവിക്കുന്നവരുടെ വേദന കാണാന്‍ നരേന്ദ്ര മോദിക്ക് സമയമില്ല. അദ്ദേഹം തന്‍റെ പണക്കാരായ സുഹൃത്തുകളെ സഹായിക്കുന്ന തിരക്കിലാണെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. മധ്യപ്രദേശിലെ ഭിന്ദിൽ തെരഞ്ഞെടുപ്പ് റാലിയിൽ സംസാരിക്കുകയായിരുന്നു രാഹുൽ ഗാന്ധി.

‘രാജ്യത്തെ പാവപ്പെട്ടവന്‍റെ ഒപ്പമോ കൃഷിക്കാരന്‍റെ ഒപ്പമോ ദുരിതം അനുഭവിക്കുന്ന ആർക്കെങ്കിലും ഒപ്പമോ നമ്മുടെ പ്രധാനമന്ത്രിയെ കാണാനാവില്ല. അദ്ദേഹത്തെ കാണണമെങ്കിൽ നിങ്ങൾ അനിൽ അംബാനിയുടെ വീടിന് മുന്നിൽ നോക്കൂ, ക്യൂവിൽ ഒന്നാമതായി പ്രധാനമന്ത്രിയെ കാണാം’  എന്നായിരുന്നു രാഹുലിന്‍റെ പരിഹാസം.

കാവൽക്കാരൻ കള്ളനാണെന്ന് രാജ്യത്തെ ജനങ്ങൾക്ക് ബോധ്യമായി. രാജ്യം അത് ഏറ്റുപറയുകയാണ് ഇപ്പോള്‍ ചെയ്യുന്നതെന്നും രാഹുൽ ഗാന്ധി പറഞ്ഞു. റഫാൽ കരാർ മോദിയുടെ സുഹൃത്ത് അനില്‍ അംബാനിക്ക് നൽകിയതിലൂടെ രാജ്യത്തെ യുവാക്കൾക്ക് ലഭിക്കുമായിരുന്ന തൊഴിലവസരം കൂടിയാണ് ഇല്ലാതായത്. രക്തസാക്ഷികളെ പോലും അപമാനിച്ച് കവലപ്രസംഗം നടത്തുന്ന പ്രധാനമന്ത്രിക്ക് റഫാൽ വിഷയത്തിൽ മിണ്ടാട്ടമില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

പാർലമെന്‍റിൽ റഫാല്‍ വിഷയത്തില്‍ ഉന്നയിച്ച ഒരു ചോദ്യത്തിനുപോലും മോദിക്ക് മറുപടിയില്ല. തന്‍റെ ചോദ്യങ്ങളിൽ നിന്ന് ഒളിച്ചോടുകയാണ് പ്രധാനമന്ത്രി ചെയ്യുന്നത്. ഒരിക്കൽ പോലും ചോദ്യങ്ങൾക്ക് കണ്ണിൽ നോക്കി മറുപടി പറയാൻ മോദിക്ക് ധൈര്യമില്ല. അദ്ദേഹം കള്ളനെപോലെ ഒഴിഞ്ഞുമാറുകയാണ് ചെയ്യുന്നത്. റഫാൽ കരാറിലൂടെ 30,000 കോടി രൂപ മോദി തന്‍റെ സുഹൃത്ത് അനിൽ അംബാനിക്ക് നൽകി. ഇതിലൂടെ ഭിന്ദിലെ യുവാക്കൾക്ക് ലഭിക്കാമായിരുന്ന തൊഴിലവസരം കൂടിയാണ് നഷ്ടമായത്. നിങ്ങളെ ഓരോരുത്തരെയും കൊള്ളയടിക്കുകയാണ് മോദി ചെയ്തതെന്നും രാഹുൽ ഗാന്ധി കൂട്ടിച്ചേർത്തു. മധ്യപ്രദേശിലെ ഭിന്ദില്‍ കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കുകയായിരുന്നു രാഹുല്‍ ഗാന്ധി.