തിരുവനന്തപുരം: എറണാകുളത്ത് കുന്നത്തുനാട്ടില്‍ നെല്‍വയല്‍ നികത്തല്‍ തടഞ്ഞു കൊണ്ട് ജില്ലാ കളക്ടര്‍ പുറപ്പെടുവിച്ച ഉത്തരവ് റദ്ദാക്കി നികത്തലിന് സര്‍ക്കാര്‍ അനുമതി നല്‍കിയതിന് പിന്നിലെ ഗൂഢാലോചനയെക്കുറിച്ച് അന്വേഷിക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.
സി.പി.എം ഉന്നത നേതാക്കളുമായി ബന്ധമുള്ള ഒരു വിവാദ വ്യവസായിയുടെ സ്വാധീനമാണ് ഇതിന് പിന്നിലെന്നാണ് ഇതിനകം പുറത്തു വന്നിട്ടുള്ള വിവരം. ആ വ്യവസായി ആരാണെന്ന് വെളിപ്പെടുത്തണം. സര്‍ക്കാരില്‍ ഇദ്ദേഹത്തിനുള്ള സ്വാധീനമെന്തെന്നും വെളിപ്പെടുത്തണം.
ഇത് വരെ പുറത്തു വന്നിട്ടുള്ള വിവരം വച്ചു നോക്കുമ്പോള്‍ വളരെ ദുരൂഹമായ സാഹചര്യത്തിലാണ് ഈ ഫയലിന്റെ നീക്കമുണ്ടായിരിക്കുന്നത്. നിയമവകുപ്പിലേക്ക് നിമോപദേശത്തിനയച്ച ഫയല്‍ നിയമോപദേശം തേടാതെ തന്നെ തിരിച്ചു വിളിക്കുകയാണുണ്ടായത്. ഉന്നത തലത്തിലുള്ള സ്വാധീനവും സമ്മര്‍ദ്ദവും ഇതിന് പിന്നിലുണ്ടെന്ന് വ്യക്തമാണ്. അത് പോലെ അഡ്വക്കേറ്റ് ജനറലിന്റെ നിയമോപദേശം തേടിയ ശേഷമാണ് ജില്ലാ കളക്ടര്‍ നിലംനികത്തല്‍ തടഞ്ഞത്. അത് തള്ളിക്കളയുന്നതിന് മുന്‍പ് യാതൊരു വിധ നിയമോപദേശവും തേടിയതായി കാണുന്നില്ല. ഇതും ദുരൂഹമാണ്.
നിലം നികത്തുന്നതിന് റവന്യൂ വകുപ്പ് അനുമതി നല്‍കിയ വിവരം റവന്യൂമന്ത്രി ചന്ദ്രശേഖരന്‍ അറിഞ്ഞിരുന്നോ എന്ന് അദ്ദേഹം വ്യക്തമാക്കണം. താന്‍ ഒന്നും അറിഞ്ഞിരുന്നില്ലെന്ന മട്ടിലാണ് മന്ത്രിയുടെ പ്രതികരണം ഇത് വരെ വന്നിട്ടുള്ളത്. റവന്യൂ വകുപ്പില്‍ നടക്കുന്നതെന്താണെന്ന് മന്ത്രി അറിയുന്നില്ലേ? അപ്പോള്‍ റവന്യൂ വകുപ്പില്‍ ആരാണ് തീരുമാനമെടുക്കുന്നതെന്ന് വ്യക്തമാക്കണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.