രാജ്യത്തെ മതാടിസ്ഥാനത്തിൽ വിഭജിക്കാനുള്ള ശ്രമമാണ് ബി.ജെ.പിയുടേതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.
ദളിത് വിഭാഗങ്ങൾക്ക് എന്നും എതിരാണ് നരേന്ദ്ര മോദിയെന്നും സംസ്ഥാനത്ത് ദളിത് വിഭാഗത്തിന് ഒരു വീടുപോലും പണിത് നൽകാൻ ഇടതുമുന്നണിക്ക് സാധിച്ചില്ലെന്നും ചെന്നിത്തല പറഞ്ഞു. വണ്ടൂരിൽ വെച്ചുനടന്ന ദളിത് കുടുംബ സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പട്ടികജാതി-പട്ടികവർഗ്ഗ വിഭാഗകങ്ങൾക്കെതിരെ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ കാട്ടുന്ന അനീതിക്കെതിരെ രൂക്ഷ വിമർശനമാണ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉന്നയിച്ചത്. വീണ്ടും അധികാരത്തിലെത്തിയാൽ
ദളിത് വിഭാഗങ്ങളുടെ അവകാശം മോദി കവർന്നെടുക്കുമെന്നും, ദളിത് വിഭാഗങ്ങൾക്ക് എന്നും എതിരാണ് നരേന്ദ്ര മോദിയെന്നും ചെന്നിത്തല പറഞ്ഞു.
സംസ്ഥാനത്ത് ദളിത് വിഭാഗത്തിന് ഒരു വീട് പോലും പണിത് നൽകാൻ ഇടതുമുന്നണിക്ക് സാധിച്ചില്ല. എന്നാൽ ഇക്കാര്യം നിയമസഭയിലുന്നയിച്ചപ്പോൾ വീട് നൽകുന്ന കാര്യം ലൈഫ് പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ടെന്ന് മാത്രമാണ് എ.കെ ബാലൻ മറുപടി നൽകിയതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
എം.എൽ.എമാരായ എ.പി അനിൽകുമാർ, വി.ടി ബൽറാം, ഡി.സി.സി പ്രസിഡന്റ് വി.വി പ്രകാശ് തുടങ്ങിയവരും കുടുംബ സംഗമത്തിൽ പങ്കെടുത്തു.