പെരിയ ഇരട്ടക്കൊല: അന്വേഷണം സി.ബി.ഐക്ക് വിടണം: ഈ തെരഞ്ഞെടുപ്പോടെ കേരളത്തില്‍ രാഷ്ട്രീയ കൊലപാതകം കുഴിച്ചുമൂടപ്പെടണം: എ.കെ ആന്റണി

Sunday, April 7, 2019

ഈ തെരഞ്ഞെടുപ്പോടെ കേരളത്തില്‍ രാഷ്ട്രീയ കൊലപാതകം കുഴിച്ചുമൂടപ്പെടണമെന്ന് എ.കെ ആന്റണി. പെരിയയില്‍ കൊല്ലപ്പെട്ട യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ വീടുകള്‍ സന്ദര്‍ശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. പെരിയ ഇരട്ട കൊലപാതകത്തില്‍ ഒന്നും മറച്ചുവയ്ക്കാനില്ലെങ്കില്‍ സിബിഐ അന്വേഷണത്തിന് ഉത്തരവിടാന്‍ മുഖ്യമന്ത്രി തയാറാവണം. ഇതോടു കൂടി കേരളത്തില്‍ രാഷ്ട്രീയ കൊലപാതകം കുഴിച്ചുമൂടപ്പെടണമെന്നും ഇതാണ് ഈ തെരഞ്ഞെടുപ്പിലെ മുഖ്യ അജണ്ടയെന്നും ആന്റണി പറഞ്ഞു.

കേരളത്തില്‍ ഇത്തവണ യുഡിഎഫ് തൂത്തുവാരും. നീതി ബോധമുള്ള ജനങ്ങള്‍ എല്‍ഡിഎഫ് സര്‍ക്കാരിന് ഇത്തവണ ഒരു ഷോക്ക് ട്രീറ്റ്മെന്റ് നല്‍കുമെന്നും ആന്റണി കൂട്ടിച്ചേര്‍ത്തു.രാഹുല്‍ ഗാന്ധിയെ വിമര്‍ശിക്കാന്‍ ബിജെപിയുടെ വാക്കുകള്‍ മാര്‍ക്സിസ്റ്റുകാര്‍ കടം വാങ്ങുകയാണ്. ബിജെപി ശക്തമായുള്ളിടത്തൊക്കെ അവരെ നേരിടുന്നത് കോണ്‍ഗ്രസ്സാണ്. ബിജെപിക്കെതിരെ സിപിഎം എവിടെയൊക്കെയാണ് മത്സരിക്കുന്നതെന്ന് അവര്‍ വ്യക്തമാക്കണം. ഗുജറാത്തില്‍ ബിജെപിക്കെതിരെ സംസാരിക്കാന്‍ പിണറായി വിജയന് കഴിയുമോയെന്നും ആന്റണി ചോദിച്ചു.