കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി രണ്ടാം സീറ്റിൽ ദക്ഷിണേന്ത്യയിൽ മൽസരിക്കുമെന്ന കാര്യത്തിൽ ഉറപ്പായി. കേരളത്തിനൊപ്പം കർണാടകയും രാഹുൽ ഗാന്ധി രണ്ടാം സീറ്റിനായി പരിഗണിക്കുന്നുണ്ട്. രാഹുൽഗാന്ധി മത്സരിക്കുന്ന രണ്ടാമത്തെ മണ്ഡലത്തെ സംബന്ധിച്ചുള്ള ഔദ്യോഗിക തീരുമാനം ഇന്നുണ്ടാകും.
വയനാട് ഡിസിസിയോട് കാത്തിരിക്കാനാണ് എകെ ആന്‍റണിയടക്കം മുതിർന്ന നേതാക്കൾ ഇന്നലെ നൽകിയ നിർദേശം. രണ്ടാം സീറ്റിന്‍റെ ചർച്ചകൾ ഇന്നത്തേതിന് അപ്പുറം നീളില്ലെന്ന് നേതാക്കൾ വ്യക്തമാക്കുന്നു. രാഹുൽ ഗാന്ധി അന്തിമ തീരുമാനമെടുത്തിട്ടില്ലെന്നാണ് കോൺഗ്രസ് വക്താവ് രൺദീപ് സുർജേവാല ഇന്നലെ പ്രതികരിച്ചത്. കോൺഗ്രസ് അധ്യക്ഷൻമാർ ദക്ഷിണേന്ത്യയിൽ മൽസരിക്കുന്നത് മുമ്പും ഉണ്ടായിട്ടുണ്ടെന്നും എല്ലാവരും കൂടിയാലോചിച്ച ശേഷമാണ് രാഹുലിനോട് അഭ്യർത്ഥിച്ചതെന്നും കെപിസിസി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞിരുന്നു.
ലോക്സഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസും യുപിഎയും ഏറ്റവും കൂടുതൽ സീറ്റുകൾ പ്രതീക്ഷിക്കുന്നത് ദക്ഷിണേന്ത്യയിലാണ്. ഈ സാഹചര്യത്തിലാണ് ഉത്തരേന്ത്യയിൽ അമേഠിക്കൊപ്പം ദക്ഷിണേന്ത്യയിലെ ഒരു സീറ്റിൽ കൂടി രാഹുൽ ഗാന്ധി മത്സരിക്കണമെന്ന നിർദേശം ഉയർന്നത്. ഇന്ദിരാ ഗാന്ധിക്കും സോണിയാ ഗാന്ധിക്കും ശേഷം നെഹ്റു കുടുംബത്തിൽ നിന്ന് തെക്കേ ഇന്ത്യൻ സംസ്ഥാനത്തിലേക്ക് മൽസരിക്കാനെത്തുകയാണ് രാഹുൽഗാന്ധി.മത്സരത്തിനെത്തിയ നെഹ്രു കുടുംബത്തെയെല്ലാം ജയിപ്പിച്ച ചരിത്രമാണ് ദക്ഷിണേന്ത്യയ്ക്കുള്ളത്. അത് രാഹുലിന്‍റെ കാര്യത്തിലും ആവർത്തിച്ച് ദക്ഷിണേന്ത്യയിൽ 15 മുതൽ 20 സീറ്റുകൾ അധികം നേടുകയെന്നതാണ് കോൺഗ്രസ് കണക്കുകൂട്ടൽ.