കണ്ണൂര്‍: പാര്‍ട്ടിയെക്കാള്‍ വളര്‍ന്ന പി.ജയരാജന് കടിഞ്ഞാണിടാനുള്ള പിണറായിയുടെ ബുദ്ധിയായിരുന്നു വടകര സ്ഥാനാര്‍ത്ഥിത്വമെന്ന് വ്യക്തമായി. സി പി എം ജില്ലാ സെക്രട്ടറി സ്ഥാനത്തിരുന്ന് പിണറായി വിജയന് വരെ ഭീഷണിയായി മാറിയ പി ജയരാജന്റെ രാഷ്ട്രീയ പതനത്തിന് ഈ തെരഞ്ഞെടുപ്പോടെ തുടക്കമായി. പി. ജയരാജന് ഇനിയൊരു തിരിച്ചുവരവ് ഉടനെയൊന്നും കണ്ണൂര്‍ ജില്ലാ സെക്രട്ടറി സ്ഥാനത്തേക്ക് ഉണ്ടാകില്ലെന്ന് വ്യക്തമാണ്. എം.വി. ജായരാജനാണ് ഇപ്പോള്‍ കണ്ണൂര്‍ ജില്ലാ സെക്രട്ടറി. പകരം ചുമതല നല്‍കാതെ തെരഞ്ഞെടുക്കപ്പെട്ട സെക്രട്ടറിയായിതന്നെയാണ് എം.വി. ജയരാജന്റെ നിയോഗം. പാര്‍ട്ടിയില്‍ നിന്നു പുറത്താക്കപ്പെട്ട മുന്‍ ജില്ലാ സെക്രട്ടറി പി ശശി ജില്ലാ നേതൃത്വത്തിലേക്ക് തിരിച്ചെത്തിയെന്ന് മാത്രമല്ല, മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി സ്ഥാനത്തേക്കും നിയോഗിക്കപ്പെടുമെന്ന സൂചനയും ബലാബലം മാറുന്നതിന്റെ തെളിവാണ്.
പി ജയരാജനെന്ന നേതാവ് പാര്‍ട്ടിക്കപ്പുറം വളരുന്നത് ഇനിയും സഹിക്കാനാവില്ലെന്ന ഉറച്ച തീരുമാനത്തോടെയാണ് വടകരയിലേക്ക് മല്‍സരിക്കാന്‍ ജയരാജനെ അയക്കുന്നത്. ജയരാജന് താല്പര്യം കണ്ണൂരില്‍ മല്‍സരിക്കാനായിരുന്നു. എ
ന്നാല് നിരവധി കൊലക്കേസുകളില്‍ കുറ്റാരോപിതനായ ജയരാജന് ഏറ്റവുമധികം എതിര്‍പ്പു നേരിടേണ്ടി വരുന്ന വടകര പോലെയുള്ള മണ്ഡലത്തില്‍ മല്സരിപ്പിക്കാനയക്കുന്നത് കൃത്യമായ കണക്കുകൂട്ടലോടെ തന്നെയാണ്. രാഷ്ട്രീയമായി ജയരാജനെ അവസാനിപ്പിക്കാനുള്ള പിണറായിയുടേയും കോടിയേരിയുടേയും തീരുമാനമാണ് ഇന്നലെ ചേര്‍ന്ന കണ്ണൂര്‍ ജില്ലാ കമ്മിറ്റിയില്‍ അംഗീകരിക്കപ്പെട്ടത്.
മുമ്പ് അരിയില്‍ ഷുക്കൂര്‍, കതിരൂര്‍ മനോജ് വധക്കേസുകളില്‍ പ്രതിയായി പി ജയരാജന് റിമാന്‍ഡ് ചെയ്യപ്പെട്ടപ്പോള്‍ എം വി ജയരാജന് സെക്രട്ടറിയുടെ പകരം ചുമതല നല്‍കുകയായിരുന്നു ചെയ്തത്. എന്നാല്‍ ഇന്നലെ സി പി എം ജില്ലാ കമ്മിറ്റി എം വി ജയരാജന് താല്‍ക്കാലിക ചുമതലയല്ല നല്‍കിയത്, മറിച്ച് പി ജയരാജനു പകരമുള്ള ജില്ലാ സെക്രട്ടറിയായി തന്നെയായാണ് തെരഞ്ഞെടുത്തത്.
സംസ്ഥാന കമ്മറ്റിയുടെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് ജില്ലാ കമ്മറ്റിയിലേക്ക് എത്തിയ പി ശശിയും ഇന്നലത്തെ കമ്മറ്റിയില്‍ പങ്കെടുത്തു. വടകര ലോക്സഭാ മണ്ഡലത്തില്‍ ഉള്‍പ്പെട്ട തലശേരി, വടകര നിയമസഭാ മണ്ഡലങ്ങളുടെ ചുമതലയും പി ശശിക്ക് നല്കി. ശശിയുടെ പകരക്കാരനായി ജില്ലാ സെക്രട്ടറി സ്ഥാനത്തേക്ക് എത്തിയ പി ജയരാജന്, ശശി മടങ്ങിയെത്തിയ ആദ്യ ജില്ലാ കമ്മറ്റിയില്‍ തന്നെ സ്ഥാനമൊഴിയേണ്ടിയും വന്നു. വടകരയില്‍ പരാജയപ്പെട്ടാല്‍ പി ജയരാജനെന്ന സി പി എം നേതാവിന്റെ പതനം സമ്പൂര്‍ണമാകും. ജില്ലാ സെക്രട്ടറി സ്ഥാനത്ത് ജയരാജനു തിരിച്ചെത്താന്‍ അവസരം ഇല്ലാതാക്കിക്കൊണ്ടാണ് എം വി ജയരാജനെ അവരോധിച്ചത്. പി ശശി കൂടി നേതൃത്വത്തിലേക്ക് തിരിച്ചെത്തുമ്പോള്‍ ഇനിയങ്ങോട്ട് കണ്ണൂരില്‍ കാര്യങ്ങളുടെ നിയന്ത്രണം ശശിക്കാകുമെന്ന് വ്യക്തം. മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയായി കണ്ണൂര്‍ സി പി എമ്മിലെ കരുത്തനായി മാറുമ്പോള്‍ പ്രവര്‍ത്തക വികാരം സമര്‍ത്ഥമായി ഉപയോഗപ്പെടുത്തി പാര്‍ട്ടിക്കതീതനായി മാറിയ പി ജയരാജന് തീര്‍ത്തും ഒതുക്കപ്പെടുമെന്ന് ഉറപ്പ്. വടകരയില്‍ പി ജയരാജന്റെ പ്രചരണചുമതല പി ശശിക്ക് നല്‍കിയതിലും കൃത്യമായ ലക്ഷ്യമുണ്ട്.
ശശിയോട് സി പി എമ്മിന്റെ സാധാരണ പ്രവര്‍ത്തകര്‍ക്ക് യാതൊരു താല്പര്യവുമില്ല. സ്വാഭാവികമായും ജയരാജന്റെ അവസ്ഥ കൂടുതല്‍ പരുങ്ങലിലാക്കാന്‍ മാത്രമേ ശശിയുടെ സാന്നിധ്യം ഉപകരിക്കുകയുള്ളൂ. സി പി എം നേതൃത്വം ഇത്തരമൊരു തീരുമാനമെടുത്തതും കരുതിക്കൂട്ടിത്തന്നെയാണ്. വടകരയില്‍ വിജയിക്കുകയെന്നത് പി ജയരാജന്റെ മാത്രം ഉത്തരവാദിത്വമായി മാറുന്ന കാഴ്ചയാകും ഇനിയുള്ള ദിവസങ്ങളില്‍ കാണുക. എട്ടു വര്‍ഷക്കാലം കണ്ണൂരിലെ ജില്ലാ സെക്രട്ടറി സ്ഥാനത്തിരുന്ന് സംസ്ഥാന സെക്രട്ടറിയെയും മുഖ്യമന്ത്രിയെയും കവച്ചുവെച്ച് വളര്‍ന്നുവെന്ന പ്രതീതി സൃഷ്ടിച്ച സി പി എമ്മിലെ കരുത്തന് പാര്‍ട്ടി ഒരുക്കുന്ന പത്മവ്യൂഹമാണ് വടകര മണ്ഡലമെന്ന് വ്യക്തം.