പള്ളിവാസൽ ഭൂമി കൈയേറ്റം അന്വേഷണ റിപ്പോർട്ട് മുഖ്യമന്ത്രി പൂഴ്ത്തിയെന്ന് പി.ടി. തോമസ് എം.എൽ.എ. മൂന്നാർ പള്ളിവാസല്‍ വിപുലീകരണ വൈദ്യുതി പദ്ധതിയുടെ മറവില്‍ നടന്ന ഭൂമി കൈയേറ്റം സംബന്ധിച്ച് ദേവികുളം സബ് കലക്ടർ ഉൾപ്പെടെ സമർപ്പിച്ച വിവിധ അന്വേഷണ റിപ്പോർട്ടുകൾ മുഖ്യമന്ത്രി പൂഴ്‌ത്തി വച്ചിരിക്കുകയാണെന്ന് പി.ടി. തോമസ് എം.എല്‍.എ ആരോപിച്ചു.
മന്ത്രി എം.എം. മണിയുടെ ഒത്താശയോടെ പന്നിയാര്‍, ചെങ്കുളം, പള്ളിവാസല്‍ പദ്ധതികളുടെ വിപുലീകരണ ഘട്ടത്തില്‍ ഇലക്‌ട്രിസിറ്റി ബോര്‍ഡിെൻറ നിരവധിയേക്കര്‍ സ്ഥലം വ്യാജപട്ടയമുണ്ടാക്കി കൈവശപ്പെടുത്തി കെട്ടിടങ്ങള്‍ നിർമിക്കുകയും റിസോര്‍ട്ട് നിർമിക്കുകയും ചെയ്‌ത നടപടിയെ സംബന്ധിച്ച് ജില്ല കലക്‌ടറുടെയും ദേവികുളം സബ് കലക്‌ടറുടെയും വിശദ റിപ്പോര്‍ട്ടടങ്ങിയ ഫയലാണ് ഒന്നര വര്‍ഷത്തിലേറെയായി മുഖ്യമന്ത്രി പൂഴ്‌ത്തി െവച്ചിരിക്കുന്നതെന്നു് പി.ടി. തോമസ് വാർത്താസമ്മേളനത്തിൽ പറഞ്ഞു.
ബ്ലോക്ക് നമ്പര്‍ 15 പ്രദേശത്ത് ഇടുക്കി എം.പിയുടെ സഹോദരൻ വ്യാജ പട്ടയമുണ്ടാക്കി ഭൂമി കൈയേറിയിട്ടുണ്ടെന്നതും ഇൗ മേഖലയിൽ അനധികൃതമായി നിർമിച്ച സി.പി.എം ബന്ധമുള്ള റിസോര്‍ട്ട് ഇപ്പോഴത്തെ വൈദ്യുതി മന്ത്രിയടക്കമുള്ളവരുടെ ഒത്താശയോടെയാണ് പ്രവർത്തിക്കുന്നതെന്നതും പി.ടി. തോമസ് ആരോപിച്ചു. വിജിലന്‍സ് അന്വേഷണം തുടങ്ങുകയും ക്വിക്ക് വേരിഫിക്കേഷന്‍ പൂര്‍ത്തിയാക്കുകയും ചെയ്‌ത സംഭവത്തിലാണിത്.
പള്ളിവാസല്‍ പെൻസ്റ്റോക്ക് ലൈന്‍ കടന്നുപോകുന്നതിന്റെ സമീപത്തായി റവന്യൂ വകുപ്പ് തരിശ് എന്ന് രേഖപ്പെടുത്തിയ പ്രദേശത്ത് പട്ടികജാതി വിഭാഗത്തില്‍പ്പെട്ട മനോഹരന്‍ എന്ന ആളെ മറയാക്കിയാണ് ജനപ്രതിനിധി ഭൂമി തട്ടിയെടുക്കുകയും അത് മറിച്ച് വിറ്റ് കോടിക്കണക്കിന് രൂപ സമ്പാദിക്കുകയും ചെയ്‌തിരിക്കുന്നത്. ഇക്കാര്യത്തിൽ നിയമസഭ പരിസ്ഥിതി കമ്മിറ്റി പഠനം നടത്തുകയും ശക്തമായ നടപടി എടുക്കണമെന്ന് ശിപാര്‍ശ ചെയ്‌തിട്ടുള്ളതുമാണ് ഈ ഭൂമി ഇടപാട്. ഇലക്‌ട്രിസിറ്റി ബോര്‍ഡിന്റെ വക സ്ഥലത്ത് റിസോർട്ടിലേക്ക് റോഡ് നിര്‍മിക്കാന്‍ ആര് അനുമതി നല്‍കിയെന്നും ഇവര്‍ക്കെതിരെ ഭൂസംരക്ഷണനിയമപ്രകാരം കേസെടുക്കണമെന്നും 13.02.2019-ല്‍ നിയമസഭ പരിസ്ഥിതി കമ്മിറ്റി ജില്ല കലക്‌ടര്‍ക്ക് ശിപാര്‍ശ ചെയ്‌തിട്ടുള്ളതാണെന്ന് പി.ടി. തോമസ് ചൂണ്ടിക്കാട്ടി. ഇത് ഉള്‍പ്പെടെ നിർദേശങ്ങളടങ്ങിയ ഫയലാണ് ഒന്നരവര്‍ഷമായി ഒരു നടപടിയും സ്വീകരിക്കാതെ മുഖ്യമന്ത്രി പൂഴ്‌ത്തിവച്ചിരിക്കുന്നത്. ആ ഫയല്‍ പുറത്തുവിടാന്‍ മുഖ്യമന്ത്രി തയാറാകണം. സബ് കലക്ടർ പട്ടയം റദ്ദാക്കിയ കൊട്ടാക്കൊമ്പൂർ ഭൂമിയുടെ ഒറിജിനൽ രേഖകൾ ഏഴാം തവണയും എം.പി ഹാജരാക്കാത്തതോടുകൂടി സത്യം പുുറത്തു വന്നിരിക്കുകയാണ്.
സബ് കലക്‌ടര്‍ രേഖകള്‍ ഹാജരാക്കാന്‍ ആവശ്യപ്പെട്ടിട്ടും ഹാജരാക്കാതെ തട്ടിപ്പു നടത്തി നടക്കുന്ന ആളെയാണോ എം.പി സ്ഥാനത്തേക്ക് മത്സരിപ്പിക്കുന്നതെന്ന് ഇടതുമുന്നണി വ്യക്തമാക്കണമെന്നും പി.ടി.തോമസ് ആവശ്യപ്പെട്ടു.