ബജറ്റുകള്‍ നിരാശ ജനകം; കേന്ദ്ര, കേരള സര്‍ക്കാരുകള്‍ ജനങ്ങളെ ശിക്ഷിക്കുന്ന നടപടികളുമായി മുന്നോട്ടുപോകുന്നു -രമേശ് ചെന്നിത്തല

Jaihind Webdesk
Saturday, February 2, 2019

RameshChennithala

കേന്ദ്ര, കേരള സര്‍ക്കാരുകള്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഇരു ബജറ്റുകളും കേരള ജനതയെ നിരാശപ്പെടുത്തിയെന്ന് രമേശ് ചെന്നിത്തല ചൂണ്ടിക്കാട്ടി. കേന്ദ്ര ബജറ്റില്‍ റെയില്‍വേ പദ്ധതികള്‍ ഇല്ല. കര്‍ഷകരെയും തൊഴിലാളികളെയും ഒഴിവാക്കി. അതുപോലെ സംസ്ഥാന ബജറ്റ് വലിയ തിരിച്ചടിയാണ്. കേരളത്തിന്റെ സാമ്പത്തിക സ്ഥിതിയുമായി ഒരു ബന്ധവുമില്ലാത്ത ബജറ്റാണ് ഐസക്കിന്റേത്. പ്രളയത്തിന്റെ പേരില്‍ ജനങ്ങളെ ബുദ്ധിമുട്ടിക്കുന്നു. കേരളത്തിലെ കര്‍ഷകരെ ഗുരുതരമായി ബാധിക്കുന്ന സാഹചര്യമാണ് ബജറ്റിലുള്ളത് – രമേശ് ചെന്നിത്തല പറഞ്ഞു.

ബജറ്റുകളിലെ അവഗണനക്കെതിരെ ഫെബ്രുവരി ആറിന് 140 കേന്ദ്രങ്ങളില്‍ യു.ഡി.എഫ് പ്രതിഷേധം സംഘടിപ്പിക്കും. കൃഷിക്കാരെ പൂര്‍ണ്ണമായും തഴഞ്ഞ ബജറ്റാണ് സംസ്ഥാനം അവതരിപ്പിച്ചത്. ഗവണ്‍മെന്റ് വായ്പകള്‍ക്ക് മൊറട്ടോറിയം പ്രഖ്യാപിച്ചിട്ടും ഒരു സഹായവും ലഭിക്കുന്നില്ല. കേന്ദ്രവും കേരളസര്‍ക്കാരും ജനങ്ങളെ ശിക്ഷിക്കുന്ന നടപടികളുമായിട്ടാണ് മുന്നോട്ടുപോകുന്നത്. പ്രളയം ബാധിച്ചവരെ സഹായിക്കാന്‍ നടപടികളുണ്ടാകുന്നില്ല. നികുതിയിനത്തില്‍ തന്നെ ജനങ്ങളുടെ മേല്‍ അധികഭാരമാണ് അടിച്ചേല്‍പ്പിച്ചിരിക്കുന്നത്. നികുതി നിര്‍ദ്ദേശങ്ങള്‍ പുനപരിശോധിക്കണം. നിയമസഭയില്‍ ഇക്കാര്യങ്ങള്‍ ഉന്നയിക്കും -രമേശ് ചെന്നിത്തല പറഞ്ഞു.

ഇത്തവണ വയനാട് പാക്കേജിനെക്കുറിച്ച് ഒരക്ഷരം ബജറ്റില്‍ മിണ്ടിയിട്ടില്ല. വയനാട്ടിലെ കര്‍ഷകര്‍ പ്രളയം കൊണ്ട് ബുദ്ധിമുട്ട് അനുഭവിച്ചു, കാര്‍ഷിക വിലയിടിവിനാല്‍ ബുദ്ധിമുട്ടി പക്ഷേ വയനാട്ടിലെ കര്‍ഷകരെ സംരക്ഷിക്കാന്‍ ഒരു പദ്ധതിയും നടപ്പാക്കിയില്ല. ആദിവാസികള്‍ക്ക് വീട് നല്‍കുന്ന പദ്ധതി നടപ്പാക്കുന്നില്ല. രണ്ടരവര്‍ഷക്കാലമായി ഭവന പദ്ധതികളൊന്നും നടക്കുന്നില്ല. ഇതെല്ലാം കണക്കിലെടുത്ത് ശക്തമായ പ്രക്ഷോഭവുമായി മുന്നോട്ടുപോകും. വരാന്‍ പോകുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ യു.ഡി.എഫിന് 20ല്‍ 20 സീറ്റും ലഭിക്കുമെന്ന ശുഭാപ്തി വിശ്വാസമുണ്ട്. അതിനുവേണ്ടിയുള്ള പ്രവര്‍ത്തനങ്ങളിലാണ് യു.ഡി.എഫ് പ്രവര്‍ത്തകര്‍.

കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം ഫെബ്രുവരി 20നകം പൂര്‍ത്തിയാക്കണമെന്നാണ് എ.ഐ.സി.സി നിര്‍ദ്ദേശം. ഫെബ്രുവരി 10ന് ഉഭയകക്ഷി ചര്‍ച്ച നടത്തും. എല്ലാ കക്ഷികള്‍ക്കും തുല്യ പരിഗണന നല്‍കും. ജനങ്ങളുടെ പ്രതീക്ഷക്കൊത്ത് യു.ഡി.എഫും കോണ്‍ഗ്രസും പ്രവര്‍ത്തിക്കും. മോദിയെ താഴെയിറക്കാനുള്ള നപടികളായിരിക്കും എല്ലാ പ്രവര്‍ത്തകരും സ്വീകരിക്കുക -രമേശ് ചെന്നിത്തല വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.