ഇറാനെ ഞെട്ടിച്ച് ഇസ്രയേലിന്റെ മിന്നൽ നീക്കം; ദേശീയ സുരക്ഷാ മേധാവി അലി ലാരിജാനി കൊല്ലപ്പെട്ടതായി റിപ്പോർട്ട്

Jaihind News Bureau
Wednesday, March 18, 2026

ഇറാന്റെ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമനയി കൊല്ലപ്പെട്ടതിന് പിന്നാലെ പശ്ചിമേഷ്യയിൽ യുദ്ധം രൂക്ഷമാകുന്നു. ഖമനയിയുടെ വധത്തിന് പ്രതികാരമായി ഇറാൻ നടത്തുന്ന പ്രത്യാക്രമണങ്ങൾക്ക് നേതൃത്വം നൽകിയിരുന്ന ദേശീയ സുരക്ഷാ മേധാവി അലി ലാരിജാനിയെ ലക്ഷ്യമിട്ട് ഇസ്രയേൽ നടത്തിയ സൈനിക നീക്കമാണ് ഇപ്പോൾ വാർത്തയാകുന്നത്. ഇറാന്റെ സൈനിക തന്ത്രങ്ങൾ മെനയുന്നതിൽ പ്രധാനിയായ ലാരിജാനിയെ വധിച്ചതിലൂടെ ഇറാന്റെ പ്രതിരോധ നിര തകർക്കുകയാണ് ഇസ്രയേൽ ലക്ഷ്യം വെക്കുന്നത്.

തിങ്കളാഴ്ച ഉച്ചയോടെ ടെഹ്‌റാനിലെ തന്റെ സ്ഥിരം താമസസ്ഥലത്ത് നിന്നും മാറി മകനൊപ്പം രഹസ്യ ഒളിത്താവളത്തിലേക്ക് ലാരിജാനി പോകുന്നുണ്ടെന്ന ഇന്റലിജൻസ് വിവരം ഇസ്രയേലിന് ലഭിച്ചിരുന്നു. ഇതോടെ ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു ഓപ്പറേഷന് പച്ചക്കൊടി കാട്ടുകയായിരുന്നു. തുടർന്ന് നടന്ന ശക്തമായ വ്യോമാക്രമണത്തിലാണ് ലാരിജാനി കൊല്ലപ്പെട്ടതെന്ന് ഇസ്രയേൽ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഞായറാഴ്ച നടത്താനിരുന്ന ഓപ്പറേഷൻ അവസാന നിമിഷമാണ് തിങ്കളാഴ്ചത്തേക്ക് മാറ്റിയത്.

കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ടെഹ്‌റാനിലെ പ്രാദേശിക നിവാസികളിൽ നിന്ന് ലഭിച്ച നിർണ്ണായക വിവരങ്ങളാണ് ലാരിജാനിയുടെ കൃത്യമായ സ്ഥാനം കണ്ടെത്താൻ ഇസ്രയേലിനെ സഹായിച്ചത്. സമീപ ദിവസങ്ങളിൽ അദ്ദേഹം പൊതുസ്ഥലങ്ങളിൽ പ്രത്യക്ഷപ്പെട്ടത് നീക്കങ്ങൾ നിരീക്ഷിക്കാൻ ഇസ്രയേലി ചാരസംഘടനകൾക്ക് എളുപ്പമായി. ചൊവ്വാഴ്ച ലാരിജാനിയുടെ മരണം ഇസ്രയേൽ സ്ഥിരീകരിച്ചെങ്കിലും ഇറാൻ ഔദ്യോഗികമായി ഇതുവരെ പ്രതികരിച്ചിട്ടില്ല.