
ന്യൂഡല്‍ഹി: 2020-ലെ ഡല്‍ഹി കലാപവുമായി ബന്ധപ്പെട്ട ഗൂഢാലോചനക്കേസില്‍ മുന്‍ ജെഎന്‍യു വിദ്യാര്‍ത്ഥി നേതാക്കളായ ഉമര്‍ ഖാലിദ്, ഷര്‍ജീല്‍ ഇമാം എന്നിവര്‍ സമര്‍പ്പിച്ച ജാമ്യാപേക്ഷകളില്‍ സുപ്രീംകോടതി ഇന്ന് വിധി പ്രസ്താവിക്കും. ജസ്റ്റിസുമാരായ അരവിന്ദ് കുമാര്‍, എന്‍.വി. അഞ്ജാരിയ എന്നിവരടങ്ങിയ ബെഞ്ചാണ് കേസില്‍ വിധി പറയുന്നത്.
വിചാരണ പോലും ആരംഭിക്കാതെ കഴിഞ്ഞ അഞ്ച് വര്‍ഷമായി ഉമര്‍ ഖാലിദ് ഉള്‍പ്പെടെയുള്ളവര്‍ ജയിലില്‍ കഴിയുകയാണ്. പലതവണ ജാമ്യത്തിനായി കോടതികളെ സമീപിച്ചെങ്കിലും യുഎപിഎ ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തപ്പെട്ടതിനാല്‍ ഹര്‍ജികള്‍ തള്ളപ്പെടുകയായിരുന്നു. സിഎഎ-എന്‍ആര്‍സി വിരുദ്ധ പ്രക്ഷോഭത്തിന്റെ മറവില്‍ ഡല്‍ഹിയില്‍ കലാപം സൃഷ്ടിക്കാന്‍ ഇവര്‍ ഗൂഢാലോചന നടത്തിയെന്നാണ് ഡല്‍ഹി പൊലീസിന്റെ ആരോപണം. എന്നാല്‍ തങ്ങള്‍ക്കെതിരെ യാതൊരു തെളിവുകളുമില്ലെന്നും രാഷ്ട്രീയ പ്രേരിതമായാണ് തടങ്കലില്‍ വെച്ചിരിക്കുന്നതെന്നുമാണ് പ്രതിഭാഗം വാദിക്കുന്നത്.
ഡല്‍ഹി പൊലീസിനുവേണ്ടി സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത, അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ എസ്.വി. രാജു എന്നിവരും പ്രതികള്‍ക്കായി പ്രമുഖ അഭിഭാഷകരും ഹാജരായി. വിശദമായ വാദം കേട്ട ശേഷം ഡിസംബര്‍ 10-നാണ് കോടതി വിധി പറയാനായി മാറ്റിവെച്ചത്. കഴിഞ്ഞ കുറേക്കാലമായി മനുഷ്യാവകാശ പ്രവര്‍ത്തകരും നിയമവിദഗ്ധരും ഉമര്‍ ഖാലിദിന്റെ തടങ്കലിനെതിരെ രംഗത്തുണ്ട്. ഇന്നത്തെ വിധി ഈ കേസില്‍ അതീവ നിര്‍ണ്ണായകമാണ്.