
കൊച്ചി: കള്ളപ്പണ ഇടപാട് ആരോപിച്ച് മുന്‍ എം.എല്‍.എ പി.വി. അന്‍വറിനെതിരെ എന്‍ഫോഴ്‌സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) നടപടി കടുപ്പിക്കുന്നു. ഈ ആഴ്ച തന്നെ കൊച്ചിയിലെ സോണല്‍ ഓഫീസില്‍ നേരിട്ട് ഹാജരാകാന്‍ ആവശ്യപ്പെട്ട് അന്‍വറിന് ഉടന്‍ നോട്ടീസ് അയക്കും. കള്ളപ്പണ നിരോധന നിയമപ്രകാരം അന്‍വറിന്റെയും സഹായിയുടെയും വീടുകളിലും സ്ഥാപനങ്ങളിലും വെള്ളിയാഴ്ച നടന്ന റെയ്ഡിന് പിന്നാലെയാണ് ഈ നിര്‍ണ്ണായക നീക്കം.
കേരള ഫൈനാന്‍സ് കോര്‍പ്പറേഷന്റെ മലപ്പുറം ബ്രാഞ്ചില്‍ നിന്നും ഒരേ ആധാരം ഈട് നല്‍കി രണ്ട് വായ്പകള്‍ എടുത്ത് തട്ടിപ്പ് നടത്തിയെന്ന കേസിലാണ് ഇ.ഡിയുടെ അന്വേഷണം. 2015-ല്‍ അനുവദിച്ച വായ്പകളിലെ ക്രമക്കേട് മൂലം കോര്‍പ്പറേഷന് 22.31 കോടി രൂപയുടെ നഷ്ടം സംഭവിച്ചതായാണ് കണ്ടെത്തല്‍. അന്‍വറിന് ദുരൂഹമായ ബെനാമി സാമ്പത്തിക ഇടപാടുകള്‍ ഉണ്ടെന്നും, സ്വത്തുവിവരങ്ങളില്‍ തൃപ്തികരമായ വിശദീകരണം നല്‍കാനായില്ലെന്നും ഇ.ഡി വൃത്തങ്ങള്‍ സൂചിപ്പിക്കുന്നു.
അതേസമയം, വിഷയത്തെ നിയമപരമായി നേരിടുമെന്ന് പി.വി. അന്‍വര്‍ പ്രതികരിച്ചു. 9.5 കോടി രൂപ വായ്പയെടുത്തതില്‍ 6 കോടിയോളം തിരിച്ചടച്ചെന്നും, ബാക്കി തുക ഒറ്റത്തവണ തീര്‍പ്പാക്കലിനായി അപേക്ഷ നല്‍കിയിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. മറ്റെല്ലാവര്‍ക്കും നല്‍കുന്ന സെറ്റില്‍മെന്റ് തനിക്ക് നിഷേധിക്കുന്നത് രാഷ്ട്രീയ വൈരാഗ്യം മൂലമാണെന്നും, ഒരേ വസ്തുവിന്മേല്‍ രണ്ട് ബാങ്കുകളില്‍ നിന്ന് വായ്പയെടുത്തെന്ന ആരോപണം അടിസ്ഥാനരഹിതമാണെന്നും അന്‍വര്‍ കൂട്ടിച്ചേര്‍ത്തു.