അധികാരത്തിന്‍റെ ‘വെളുപ്പിക്കല്‍’ തന്ത്രം; തട്ടിപ്പുകാരന് സൈബര്‍ സഖാക്കളുടെ ‘പിആര്‍ സല്യൂട്ട്’

Jaihind News Bureau
Tuesday, November 18, 2025

കേരളത്തിന്‍റെ പ്രകൃതിസമ്പത്തും ജനങ്ങളുടെ വിശ്വാസവും കൊള്ളയടിച്ച മുട്ടില്‍ മരംമുറി, മാംഗോ ഫോണ്‍ തട്ടിപ്പ് ഉള്‍പ്പെടെയുള്ള ഗുരുതരമായ സാമ്പത്തിക കുറ്റകൃത്യങ്ങളിലെ പ്രധാന പ്രതിയായ ആന്റോ അഗസ്റ്റിന്‍ എന്ന വിവാദ വ്യവസായിയെ വെള്ളപൂശാന്‍ കേരള ഭരണകൂടത്തിന്റെ സൈബര്‍ സംവിധാനം തന്നെ രംഗത്തിറങ്ങിയിരിക്കുന്നു. ആന്റോ അഗസ്റ്റിന്റെ ഉടമസ്ഥതയിലുള്ള ‘റിപ്പോര്‍ട്ടര്‍ ടിവി’യില്‍, ‘ദി ബ്രേക്കിങ് പോയിന്റ്’ എന്ന പേരില്‍ നടന്ന രണ്ടര മണിക്കൂര്‍ നീണ്ട ‘വെളുപ്പിക്കല്‍ അഭിമുഖം’ കേവലം ഒരു മാധ്യമ സംരംഭമല്ല, മറിച്ച് അധികാരത്തിന്റെ ഒത്താശയോടെ നടക്കുന്ന ഒരു ആസൂത്രിത പിആര്‍ ഓപ്പറേഷന്റെ തുടക്കമാണ്.

റിപ്പോര്‍ട്ടര്‍ ടിവി ഉടമയോട് ‘മെസി വിവാദ’ത്തെക്കുറിച്ച് ചോദിച്ചപ്പോള്‍ ‘മെസി വന്നില്ലെങ്കില്‍ സഹിക്കുക’ എന്ന മറുപടിയാണ് നല്‍കിയത്. അതുപോലെ തന്നെ, തങ്ങളുടെ തട്ടിപ്പുകളെയും അഴിമതികളെയും ചോദ്യം ചെയ്യുന്ന ജനങ്ങളോട് ‘സഹിക്കുക’ എന്ന് പറയാനുള്ള ധാര്‍ഷ്ട്യമാണ് ഈ അഭിമുഖത്തിലൂടെ ആന്റോ അഗസ്റ്റിന്‍ പുറത്തെടുക്കുന്നത്. ‘ആന്റോ എങ്ങനെ ആന്റോ ആയി’ എന്ന് ജനങ്ങള്‍ക്കുമുന്നില്‍ എത്തിക്കാന്‍ ഉദ്ദേശിച്ച ഈ പ്രഹസനത്തില്‍, അവതാരകനായ ആര്‍.ജെ. മാത്തുകുട്ടി ഒരു ‘വെളുപ്പിക്കല്‍ പൊടിക്കൈക്കാരന്റെ’ റോള്‍ ഭംഗിയാക്കിയിട്ടുണ്ട്. ‘വെന്റിലേറ്ററില്‍ നിന്നിറങ്ങി ഏഴാം ദിവസമാണ് തന്നെ അറസ്റ്റ് ചെയ്തത്’ എന്ന് ആന്റോ വൈകാരികമായി പറയുമ്പോള്‍, അവതാരകന്റെ മുഖത്ത് ‘വൈകാരിക ഭാവം ഒപ്പിയെടുക്കുന്ന’ ഈ നാടകം മാധ്യമ ധാര്‍മികതയുടെ ശവപ്പെട്ടിയിലെ അവസാനത്തെ ആണിയാണ്.

ഏറ്റവും ലജ്ജാകരമായ കാഴ്ച, ഈ ‘വെളുപ്പിക്കല്‍’ അഭിമുഖം പുറത്തുവന്നതിന് പിന്നാലെ സിപിഎം സൈബര്‍ സഖാക്കളുടെ നേതൃത്വത്തില്‍ സംസ്ഥാനത്ത് അരങ്ങേറിയ വന്‍ പിആര്‍ കാമ്പയിനാണ്. ബിനീഷ് കോടിയേരി മുതല്‍ പാര്‍ട്ടിക്കുവേണ്ടി പോരാടുന്ന ‘റെഡ് ഇന്ത്യന്‍സ്’ വരെയുള്ള പ്രമുഖ സൈബര്‍ ഹാന്‍ഡിലുകള്‍, ഒരു വാക്കുപോലും വ്യത്യാസമില്ലാതെ, അക്ഷരത്തെറ്റുകള്‍ സഹിതം ഒരേ കുറിപ്പ് വ്യാപകമായി പോസ്റ്റ് ചെയ്തു. ‘കേരളത്തിലെ മുഖ്യധാര മാധ്യമങ്ങള്‍ തകര്‍ക്കാന്‍ ശ്രമിക്കുന്ന’ 35-കാരന്റെ ‘ശരി’ മനസ്സിലായി എന്നായിരുന്നു പ്രചാരണം. ആന്റോ അഗസ്റ്റിനുവേണ്ടി ഭരണകൂടം തന്നെ നേരിട്ട് രംഗത്തിറങ്ങി എന്ന് ഇതില്‍ നിന്ന് വ്യക്തമാവുകയാണ്.

സംസ്ഥാനത്തിന്റെ ഖജനാവിനും പ്രകൃതിക്കും നേരെ കൈനീട്ടിയ ഒരു സാമ്പത്തിക കുറ്റവാളിയെ വെള്ളപൂശാന്‍ സിപിഎമ്മിന്റെ സൈബര്‍ സംവിധാനം സജ്ജമാവുകയും, അതിന് സ്വന്തം ചാനലില്‍ അവസരം നല്‍കുകയും ചെയ്യുമ്പോള്‍, ഈ ക്രിമിനല്‍-രാഷ്ട്രീയ-മാധ്യമ കൂട്ടുകെട്ട് എത്രത്തോളം ആഴത്തില്‍ വേരൂന്നിയിരിക്കുന്നു എന്ന് കേരള സമൂഹം തിരിച്ചറിയണം. ‘താന്‍ ജീവചരിത്രമെഴുതാന്‍ കരുതിയ വാക്കുകളാണ് ഈ അഭിമുഖത്തിലൂടെ തുറന്നു കാട്ടുന്നത്’ എന്ന ആന്റോയുടെ അവകാശവാദം, തന്റെ തട്ടിപ്പുകളെല്ലാം മാധ്യമ സൃഷ്ടിയാണെന്നാണ് പറഞ്ഞുവയ്ക്കുന്നത്. ഒടുവില്‍, തന്നെ ആക്രമിക്കുന്ന മാധ്യമങ്ങള്‍ അനുഭവിക്കുമെന്ന ഭീഷണിയും. ഇത് ഒരു തുറന്ന പുസ്തകമല്ല, മറിച്ച് ഭരണകൂടത്തിന്റെ മറവില്‍ നടത്തിയ കൊള്ളയുടെയും അഴിമതിയുടെയും മൂടിവെച്ച താളുകളാണ് എന്ന് വ്യക്തം.