ജമ്മു കശ്മീരില്‍ പൊലീസ് സ്റ്റേഷനില്‍ സ്‌ഫോടനം; ഫോറന്‍സിക് പരിശോധനക്കിടെ പിടിച്ചെടുത്ത അമോണിയം നൈട്രേറ്റ് പൊട്ടിത്തെറിച്ചു; 7 പേര്‍ കൊല്ലപ്പെട്ടു, 27 പേര്‍ക്ക് പരിക്ക്

Jaihind News Bureau
Saturday, November 15, 2025

ശ്രീനഗര്‍: ജമ്മു കശ്മീരിലെ നൗഗാം പൊലീസ് സ്റ്റേഷനില്‍ ഫോറന്‍സിക് പരിശോധനക്കിടെയുണ്ടായ സ്‌ഫോടനത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റു. ഡല്‍ഹി സ്‌ഫോടനക്കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായവരില്‍ നിന്ന് ജമ്മു കശ്മീര്‍ പൊലീസ് പിടിച്ചെടുത്ത അമോണിയം നൈട്രേറ്റ് പൊട്ടിത്തെറിച്ചാണ് അപകടമുണ്ടായത്. സംഭവത്തില്‍ ഏഴു പേര്‍ കൊല്ലപ്പെട്ടു. 27 പേര്‍ക്ക് പരിക്ക്.

പൊലീസ് സ്റ്റേഷനില്‍ വെച്ച് ഫോറന്‍സിക് സയന്‍സ് ലബോറട്ടറിയിലെ ഉദ്യോഗസ്ഥരും പൊലീസും ചേര്‍ന്ന് സ്‌ഫോടകവസ്തുക്കള്‍ പരിശോധിക്കുന്നതിനിടെയാണ് പൊട്ടിത്തെറിയുണ്ടായത്. സ്‌ഫോടനത്തിന്റെ ആഘാതത്തില്‍ നൗഗാം പൊലീസ് സ്റ്റേഷനും തൊട്ടടുത്ത കെട്ടിടങ്ങള്‍ക്കും സാരമായ കേടുപാടുകള്‍ സംഭവിച്ചു. പരിക്കേറ്റവരെ ഉടന്‍ തന്നെ ഇന്ത്യന്‍ ആര്‍മിയുടെ 92 ബേസ് ആശുപത്രിയിലും ഷേര്‍-ഇ-കാശ്മീര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസിലും പ്രവേശിപ്പിച്ചു. സ്ഥിതിഗതികള്‍ വിലയിരുത്തുന്നതിനായി മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥര്‍ നൗഗാമിലെത്തി പ്രദേശം വളഞ്ഞു.

ഏകദേശം 3000 കിലോയിലേറെ അമോണിയം നൈട്രേറ്റ് ആണ് പൊലീസ് പിടിച്ചെടുത്തത്. ഭീകര സംഘടനയായ ജെയ്ഷ്-ഇ-മുഹമ്മദിന്റെ പോസ്റ്ററുകള്‍ നൗഗാമിലെ വിവിധ സ്ഥലങ്ങളില്‍ പതിച്ചുവെന്ന കേസ് അന്വേഷിച്ച സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ ആണ് സ്‌ഫോടകവസ്തുക്കള്‍ കണ്ടെത്തിയത്. സംഭവത്തെ തുടര്‍ന്ന് തീവ്രവാദ ബന്ധമുണ്ടെന്ന് സംശയിക്കുന്ന ഡോക്ടര്‍മാര്‍ ഉള്‍പ്പെടെയുള്ള പ്രൊഫഷണലുകളെ പൊലീസ് പിടികൂടിയിരുന്നു. നവംബര്‍ 10ന് ദില്ലിയിലെ ചെങ്കോട്ടക്ക് സമീപം സ്‌ഫോടനം നടന്നതിന് പിന്നാലെയാണ് പുതിയ സംഭവം.