Delhi Blast| ചെങ്കോട്ട സ്‌ഫോടനം: ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്ത്; ഭീകരര്‍ പാകിസ്ഥാന്‍ സന്ദര്‍ശിച്ചു

Jaihind News Bureau
Friday, November 14, 2025

ഡല്‍ഹിയിലെ ചെങ്കോട്ട സ്‌ഫോടനക്കേസില്‍ ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്തുവിട്ട് ദേശീയ അന്വേഷണ ഏജന്‍സി. തീവ്രവാദ സംഘടനയായ ജെയ്ഷെ മുഹമ്മദുമായി ബന്ധമുണ്ടെന്ന് കരുതുന്ന ഭീകരര്‍ പാകിസ്ഥാന്‍ സന്ദര്‍ശിച്ചതായി കണ്ടെത്തി. ശ്രീനഗറില്‍ പിടിയിലായ ആദില്‍ റാത്തറിനെ ചോദ്യം ചെയ്തപ്പോഴാണ് നിര്‍ണായക വിവരം ലഭിച്ചത്. ആദിലിന്റെ സഹോദരനായ മുസാഫര്‍ റാത്തറാണ് ഭീകരര്‍ക്ക് വിദേശയാത്രക്ക് സൗകര്യം ഒരുക്കിയത്.

ഭീകരര്‍ക്ക് ദുബായ്, തുര്‍ക്കി, പാകിസ്ഥാന്‍ എന്നിവിടങ്ങളിലേക്ക് പോകാന്‍ സൗകര്യമൊരുക്കിയത് മുസാഫര്‍ റാത്തറാണെന്നും, ഇയാള്‍ക്ക് ജെയ്ഷെയുമായി അടുത്ത ബന്ധമുണ്ടെന്നും അന്വേഷണ സംഘം സ്ഥിരീകരിച്ചു. ഈ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ എന്‍ഐഎ അന്വേഷണം കൂടുതല്‍ ഊര്‍ജ്ജിതമാക്കിയിരിക്കുകയാണ്.

കൂടുതല്‍ പ്രതികളെ ചോദ്യം ചെയ്യാനാണ് നിലവില്‍ എന്‍ഐഎയുടെ നീക്കം. പ്രതികളുടെ ഉടമസ്ഥതയില്‍ പിടിച്ചെടുത്തതിന് പുറമേ മറ്റ് കാറുകള്‍ ഉണ്ടോ എന്നും പരിശോധിക്കുന്നുണ്ട്. കൂടാതെ, പിടിച്ചെടുത്തതിന് പുറമെയുള്ള സ്‌ഫോടക വസ്തുക്കള്‍ ഹരിയാനയില്‍ പലയിടത്തും സൂക്ഷിച്ചിട്ടുണ്ട് എന്ന വിവരവും അന്വേഷണ സംഘത്തിന് ലഭിച്ചിട്ടുണ്ട്. ഡല്‍ഹി സ്‌ഫോടനത്തിനായുള്ള ആസൂത്രണം 2022 മുതല്‍ ആരംഭിച്ചെന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം. വരും ദിവസങ്ങളില്‍ കേസില്‍ കൂടുതല്‍ അറസ്റ്റുകള്‍ ഉണ്ടാകുമെന്നാണ് സൂചന.