BINU CHULLIYIL| ‘ഇന്ത്യന്‍ റെയില്‍വേ ആര്‍എസ്എസ് ശാഖയല്ല’; എന്ത് സന്ദേശമാണ് റെയില്‍വേ നല്‍കുന്നതെന്നും ബിനു ചുള്ളിയില്‍

Jaihind News Bureau
Saturday, November 8, 2025

എറണാകുളത്ത് നിന്ന് ഫ്‌ലാഗ് ഓഫ് ചെയ്ത വന്ദേഭാരത് എക്‌സ്പ്രസിന്റെ ഉദ്ഘാടന ചടങ്ങില്‍ കുട്ടികളെക്കൊണ്ട് ദേശീയഗാനത്തിന് പകരം ആര്‍.എസ്.എസ്. ഗണഗീതം പാടിപ്പിക്കുകയും അത് ദക്ഷിണ റെയില്‍വേയുടെ ഔദ്യോഗിക സോഷ്യല്‍ മീഡിയ അക്കൗണ്ടില്‍ പോസ്റ്റ് ചെയ്യുകയും ചെയ്തതിയൂടെ എന്ത് സന്ദേശമാണ് റെയില്‍വേ എന്ന പൊതുമേഖലാ സ്ഥാപനം രാജ്യത്തിന് നല്‍കുന്നതെന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വര്‍ക്കിംഗ് പ്രസിഡന്റ് ബിനു ചുള്ളിയില്‍. ഒരു ജനാധിപത്യ മതേതര രാഷ്ട്രത്തില്‍ ഒരിക്കലും അംഗീകരിക്കാന്‍ കഴിയാത്ത നടപടിയാണ് ഇന്ന് റെയില്‍വേയുടെ ഭാഗത്തുനിന്ന് ഉണ്ടായത്. അധികാരം എന്നത് ഏത് നെറികെട്ട വഴിയിലൂടെയും സ്വന്തം രാഷ്ട്രീയ പ്രത്യയശാസ്ത്രത്തിന്റെ പ്രചരണത്തിനായി ഉപയോഗിക്കുന്ന ഫാസിസ്റ്റ് രീതിയുടെ അവസാന ഉദാഹരണമാണ് ഇന്ന് വന്ദേഭാരത് ഉദ്ഘാടന വേദിയില്‍ കണ്ടതെന്നും അദ്ദേഹം ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

ദേശീയഗാനം പാടേണ്ട വേദികളില്‍ ഗണഗീതം പാടിച്ച് പുതിയൊരു പൊതുബോധ നിര്‍മിതിക്കാണ് കേന്ദ്ര സര്‍ക്കാര്‍ ശ്രമിക്കുന്നത്. ആര്‍എസ്എസിന്റെയും ബിജെപിയുടെയും വളഞ്ഞ വഴിയിലൂടെയുള്ള ഈ രാഷ്ട്രീയ പ്രചാരണത്തിനെതിരെ അതിശക്തമായ ജനരോഷം ഉയരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഭരണഘടനാ അസംബ്ലി അംഗീകരിച്ച ഔദ്യോഗികമായ ദേശീയഗാനവും ദേശീയഗീതവും ഉള്ള രാജ്യമാണ് നമ്മുടേത്. പക്ഷേ, അധികൃതര്‍ കുട്ടികളെ കൊണ്ട് പാടിച്ചത് ‘ജനഗണമനയോ’, ‘വന്ദേമാതരമോ’ അല്ല. വലിയ രാഷ്ട്രീയ വിവാദങ്ങള്‍ക്ക് തിരികൊളുത്തി ആര്‍എസ്എസിന് കൂട്ടുനിന്ന് റെയില്‍വേയുടെ നടപടി അങ്ങേയറ്റം അപലപനീയമെന്നും അദ്ദേഹം പോസ്റ്റില്‍ ചൂണ്ടിക്കാട്ടി.