
ചെന്നൈ: വാര്‍ത്താസമ്മേളനത്തിനിടെ ശരീരഭാരത്തെക്കുറിച്ച് ചോദിച്ച യൂട്യൂബര്‍ക്ക് തക്ക മറുപടി നല്കി നടി ഗൗരി കിഷന്. തമിഴ് ചിത്രം ‘അദേഴ്സി’ന്റെ പ്രൊമോഷനുമായി ബന്ധപ്പെട്ട് നടന്ന പ്രസ് മീറ്റിലാണ് സംഭവം. ചിത്രത്തിലെ ഒരു ഗാനരംഗത്തില്‍ നായകന് ഗൗരിയെ എടുത്തുയര്‍ത്തുന്ന രംഗമുണ്ട്. ഈ സീന്‍ ചെയ്തപ്പോള്‍ ഗൗരിക്ക് നല്ല ഭാരമുണ്ടെന്ന് തോന്നിയിരുന്നോ എന്നായിരുന്നു യൂട്യൂബര്‍ നായകനോട് ചോദിച്ചത്. സിനിമയുമായി യാതൊരു ബന്ധവുമില്ലാത്തതും ബോഡിഷെയ്മിംഗ് ലക്ഷ്യമിട്ടുള്ളതുമായ ഈ ചോദ്യമാണ് ഗൗരിയെ ചൊടിപ്പിച്ചത്.
ആദ്യഘട്ടത്തില്‍ പ്രതികരിക്കാന്‍ സാധിക്കാതിരുന്ന ഗൗരി, പിന്നീട് നടന്ന പ്രീ-റിലീസ് അഭിമുഖത്തില്‍ ചോദ്യം തനിക്ക് അസ്വസ്ഥത ഉണ്ടാക്കിയെന്ന് തുറന്നു പറഞ്ഞിരുന്നു. എന്നിട്ടും ചോദ്യം ഉന്നയിച്ച യൂട്യൂബര്‍ ഈ വിഷയം വീണ്ടും ന്യായീകരിച്ചുകൊണ്ട് ചോദ്യോത്തരവേളയില്‍ ശബ്ദമുയര്‍ത്തിയതോടെയാണ് ഗൗരി തുറന്നടിച്ചത്.
തര്‍ക്കത്തിനിടെ യൂട്യൂബര്‍ ചെയ്യുന്നത് ജേര്‍ണലിസമല്ലെന്ന് ഗൗരി തുറന്നടിച്ചു. താന്‍ ചോദിച്ചതില്‍ തെറ്റില്ലെന്നും സാധാരണയായി എല്ലാവരും ചോദിക്കുന്നതുപോലെ ചോദിച്ചതാണെന്നും യൂട്യൂബര്‍ വാദിച്ചു. എന്നാല്‍, ഈ വാദത്തെ ഗൗരി ശക്തിയായി എതിര്‍ത്തു. ‘എന്റെ ശരീരഭാരം നിങ്ങള്‍ക്ക് എന്തിനാണ് അറിയേണ്ടത്? ഈ സിനിമയുമായി അതിന് എന്ത് പ്രസക്തിയാണുള്ളത്? ഓരോ സ്ത്രീക്കും വ്യത്യസ്തമായ ശരീരപ്രകൃതിയാണ് ഉള്ളത്. എന്റെ കഴിവ് സംസാരിക്കട്ടെ. ഞാന്‍ ഇതുവരെ കഥാപാത്രങ്ങള്‍ക്ക് പ്രാധാന്യമുള്ള ചിത്രങ്ങളാണ് ചെയ്തിട്ടുള്ളത്. നിങ്ങളുടെ അംഗീകാരം എനിക്ക് ആവശ്യമില്ല,’ ഗൗരി പറഞ്ഞു.
പ്രസ് മീറ്റ് വലിയ തര്‍ക്കത്തിലേക്ക് നീങ്ങുകയും ഗൗരിക്ക് നേരെ യൂട്യൂബര്‍ അടക്കമുള്ളവര്‍ വലിയ ശബ്ദമുയര്‍ത്തുകയും ചെയ്തപ്പോഴും സിനിമയുടെ സംവിധായകനും നായകനും വിഷയത്തില്‍ ഇടപെടാതെ മൗനം പാലിച്ചത് വിമര്‍ശനങ്ങള്‍ക്ക് വഴിയൊരുക്കിയിട്ടുണ്ട്. ഒരു സഹപ്രവര്‍ത്തക ബോഡി ഷെയ്മിംഗിന് ഇരയായപ്പോള്‍ പ്രതികരിക്കാതിരുന്നതിലെ അതൃപ്തി സോഷ്യല്‍ മീഡിയയില്‍ പലരും പങ്കുവെച്ചു. ബോഡി ഷെയ്മിംഗിനെതിരെ ശക്തമായ നിലപാടെടുത്ത ഗൗരിക്ക് സാമൂഹ്യ മാധ്യമങ്ങളില്‍ വലിയ പിന്തുണയാണ് ലഭിക്കുന്നത്.