ആശവര്‍ക്കര്‍മാരുടെ സമരത്തില്‍ പാര്‍ലമെന്റിന് മുന്നില്‍ പ്രതിപക്ഷ എം.പിമാര്‍ പ്രതിഷേധിച്ചു. ആശാവര്ക്കര്മാരടെ സമരത്തില്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ പരസ്പരം പഴി ചാരുന്നുവെന്ന്് എഐസിസി ജനറല്‍ സെക്രട്ടരി കെ.സി വേണുഗോപാല്‍ കുറ്റപ്പെടുത്തി. . സമരത്തില്‍ പരിഹാരമുണ്ടാക്കാനുള്ള ഒരു നടപടിയും സ്വീകരിക്കുന്നില്ലെന്നും. രണ്ട് സര്‍ക്കാരും സമരത്തെ തകര്‍ക്കാന്‍ ഒരുപോലെ ശ്രമിക്കുന്നുവെന്നും കെ.സി വേണുഗോപാല്‍ എം.പി ആരോപിച്ചു.
പാര്‍ലമെന്റ് തുടങ്ങി ആദ്യ ദിവസം തന്നെ കേരളത്തിലെ ആശാ വര്‍ക്കര്‍മാര്‍ നടത്തുന്ന സമരവും അവരുടെ ന്യായമായ ആവശ്യങ്ങളും യുഡിഎഫ് എംപിമാര്‍ സഭയില്‍ ഉന്നയിച്ചു. കഴിഞ്ഞ 30 ദിവസത്തിലധികമായി സമരം നടത്തുന്ന ആശാ വര്‍ക്കര്‍മാരെ അവഹേളിക്കാനും ആ സമരത്തെ നിന്ദ്യമായ രീതിയില്‍ കൈകാര്യം ചെയ്യാനുമാണ് സംസ്ഥാന സര്‍ക്കാര്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നത്. ഓരോ ദിവസവും അവരെ അപമാനിച്ചുകൊണ്ടിരിക്കുകയാണ്. സംസ്ഥാന സര്‍ക്കാരും കേന്ദ്രസര്‍ക്കാരും പരസ്പരം പഴി ചാരുന്നു. ആശാവര്‍ക്കര്‍മാരുടെ ആവശ്യങ്ങള്‍ക്ക് പരിഹാരം കാണാന്‍ യാതൊരു നടപടിയും കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ കൈക്കൊള്ളുന്നില്ല. ഇരു സര്‍ക്കാരുകളും ഒരുപോലെ ഈ സമരത്തെ പരാജയപ്പെടുത്താന്‍ ശ്രമിക്കുകയാണ്. ഇത് സാധാരണക്കാരുടെ സമരമാണ്. ഏറ്റവും കൂടുതല്‍ കരുണയര്‍ഹിക്കുന്ന വിഭാഗമാണ് ആശാ വര്‍ക്കര്‍മാര്‍. അവര്‍ കേരളത്തിന്റെ ആരോഗ്യ മേഖലയെ ശക്തമാക്കുന്നതിന് കഠിനാധ്വാനം ചെയ്യുന്നവരാണ്. അവരുടെ ന്യായമായ അവകാശങ്ങള്‍ സംരക്ഷിക്കാന്‍ നടത്തുന്ന സമരത്തെ ചര്‍ച്ച ചെയ്ത് അവസാനിപ്പിക്കുന്നതിന് പകരം സമരത്തെ ഇല്ലായ്മ ചെയ്യാനാണ് കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ മത്സരിച്ച് ശ്രമിച്ചുകൊണ്ടിരിക്കുന്നത്. ഇത് അനുവദിക്കാനാകില്ല. ഈ സമരം അവസാനിപ്പിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണമെന്ന് യുഡിഎഫ് എം പിമാര്‍ ആവശ്യപ്പെട്ടു.
2005-ല്‍ യുപിഎ സര്‍ക്കാര്‍ അവതരിപ്പിച്ച ഈ പദ്ധതി 20 വര്‍ഷം തികച്ചു. ഈ 20 വര്‍ഷം കൊണ്ട് ആശാ വര്‍ക്കര്‍മാരുടെ സേവനം രാജ്യത്തിന് അത്യന്താപേക്ഷിതമാണെന്ന് അവര്‍ തെളിയിച്ചുകഴിഞ്ഞു. ഇത് മനസ്സിലാക്കിക്കൊണ്ട് പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാനും വ്യവസ്ഥകള്‍ അനുവദിക്കാനും സര്‍ക്കാര്‍ തയ്യാറാകണം. 25 വര്‍ഷം ജോലി ചെയ്താലും പിരിഞ്ഞുപോകുമ്പോള്‍ വെറും കൈയോടെ പോകണമെന്ന അവസ്ഥയാണ് ആശാ വര്‍ക്കര്‍മാരുടേത്. അവരെ തൊഴിലാളികളായി കണക്കാക്കി ആനുകൂല്യങ്ങള്‍ നല്‍കണം. റിട്ടയര്‍മെന്റ് ആനുകൂല്യങ്ങള്‍ നല്‍കണം. മിനിമം ഓണറേറിയം 21000 രൂപയാക്കി വര്‍ദ്ധിപ്പിക്കണം. ഇതെല്ലാം അവരുടെ ന്യായമായ ആവശ്യങ്ങളാണ്. ഈ ആവശ്യങ്ങള്‍ക്ക് നേരെ കണ്ണടയ്ക്കുന്ന കേന്ദ്ര സര്‍ക്കാരിനെതിരെയാണ് പാര്‍ലമെന്റിന് മുന്നിലെ സമരം. വരും ദിവസങ്ങളില്‍ രാജ്യസഭയിലും ലോക്സഭയിലും ഈ പ്രശ്നം ഉന്നയിക്കും. കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ ചര്‍ച്ച ചെയ്ത് ഈ വിഷയത്തില്‍ പരിഹാരമുണ്ടാക്കണം.